ബീജവും അണ്ഡവുമില്ലാതെ, ഇവ പരസ്പരം സംയോജിക്കാതെ ഭ്രൂണമുണ്ടാകുമോ എന്ന് ചോദിച്ചാലോ. നിസംശയം ഉത്തരം പറയാം, ഇല്ല എന്ന്. അല്ലേ? പക്ഷേ ഇനി നമുക്ക് അത്ര തറപ്പിച്ച് 'ഇല്ല' എന്ന് പറയാൻ സാധിക്കില്ല. ഭാവിയില്‍ ബീജവും അണ്ഡവുമൊന്നുമില്ലാതെ, ഇവ ജൈവികമായി സംയോജിക്കാതെ തന്നെ മനുഷ്യക്കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ സാധിക്കുമായിരിക്കും

എങ്ങനെയാണ് ഒരു കുഞ്ഞ് ജനിക്കുന്നത് എന്ന് ചോദിച്ചാല്‍ നമുക്കെല്ലാം പറയാൻ അറിയാം, അത് ബീജവും അണ്ഡവും സംയോജിച്ച് ഗര്‍ഭപാത്രത്തിനകത്ത് വച്ച് ഭ്രൂണമുണ്ടായ ശേഷം അത് വളര്‍ന്ന് മനുഷ്യനാകുന്നതാണെന്ന്. ഇത് ഏറ്റവും അടിസ്ഥാനമായിട്ടുള്ള വിവരമാണ്. 

എന്നാല്‍ ബീജവും അണ്ഡവുമില്ലാതെ, ഇവ പരസ്പരം സംയോജിക്കാതെ ഭ്രൂണമുണ്ടാകുമോ എന്ന് ചോദിച്ചാലോ. നിസംശയം ഉത്തരം പറയാം, ഇല്ല എന്ന്. അല്ലേ?

പക്ഷേ ഇനി നമുക്ക് അത്ര തറപ്പിച്ച് 'ഇല്ല' എന്ന് പറയാൻ സാധിക്കില്ല. ഭാവിയില്‍ ബീജവും അണ്ഡവുമൊന്നുമില്ലാതെ, ഇവ ജൈവികമായി സംയോജിക്കാതെ തന്നെ മനുഷ്യക്കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ സാധിക്കുമായിരിക്കും. ഇത്രയും നിര്‍ണായകമായ ശാസ്ത്രത്തിന്‍റെ വലിയൊരു ചുവടുവയ്പിലേക്ക് വേഗത പകരുകയാണ് ഇപ്പോള്‍ നടന്നിരിക്കുന്നൊരു ചരിത്രപരമായ കണ്ടെത്തല്‍.

യുഎസില്‍ നിന്നും യുകെയില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ബീജവും അണ്ഡവുമില്ലാതെ മൂലകോശങ്ങളില്‍ ( Stem Cells) നിന്ന് മനുഷ്യഭ്രൂണത്തിന് സമാനമായ കൃത്രിമഭ്രൂണം നിര്‍മ്മിച്ചിരിക്കുകയാണ് ഗവേഷകര്‍. 

മനുഷ്യക്കുഞ്ഞുങ്ങളാകുമ്പോള്‍ ബീജവും അണഅടവും സംയോജിച്ച് ഗര്‍ഭപാത്രത്തില്‍ സിക്താണ്ഡമുണ്ടാവുകയും .ഇത് പിന്നീട് ഭ്രൂണമാവുകയും പതിയെ ഓരോ അവയവങ്ങളായി രൂപപ്പെടുകയുമെല്ലാമാണ് ചെയ്യുന്നത്. എന്നാല്‍ ഗവേഷകര്‍ നിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞുങ്ങളെ പോലെ ഹൃദയമോ തലച്ചോറോ ഒന്നുമില്ല. 

എന്നാല്‍ ഭാവിയില്‍ ഇതെക്കുറിച്ചൊന്നും പറയാൻ സാധിക്കില്ല. ഒരുപക്ഷേ ഹൃദയവും തലച്ചോറുമെല്ലാം ഉള്ള മനുഷ്യനെ തന്നെ ഗവേഷകലോകത്തിന് ലബോറട്ടറിയില്‍ സൃഷ്ടിക്കാൻ സാധിച്ചാലോ! 

നിലവില്‍ ഗവേഷകര്‍ സൃഷ്ടിച്ചിരിക്കുന്ന മനുഷ്യന്‍റേതിന് സമാനമായ ഭ്രൂണത്തെ വിവിധ പഠനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക. ജനിതകരോഗങ്ങള്‍, എന്തുകൊണ്ട് അബോര്‍ഷൻ സംഭവിക്കുന്നു തുടങ്ങിയ വിഷയങ്ങളില്‍ പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനും, ചികിത്സകള്‍ക്ക് ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഈ ഭ്രൂണം ഉപകരിക്കും. ഇതുതന്നെ ഒരു വഴിത്തിരിവാണ്. 

'ഇത് മനുഷ്യന്‍റെ ഭ്രൂണമല്ല- അക്കാര്യം ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നു. മനുഷ്യഭ്രൂണത്തിന്‍റെ മാതൃകയാണിത്. എന്തുകൊണ്ട് ഗര്‍ഭധാരണം പരാജയപ്പെടുന്നു, എന്തുകൊണ്ട് ഗര്‍ഭാവസ്ഥയിലിരിക്കെ കുഞ്ഞിന്‍റെ ജീവൻ നഷ്ടപ്പെടുന്നു, എന്തുകൊണ്ട് ഗര്‍ഭാവസ്ഥയിലിരിക്കെ തന്നെ അവരെ പല അസുഖങ്ങളും ബാധിക്കുന്നു തുടങ്ങിയ നിര്‍ണായകമായ വിവരങ്ങളെല്ലാം മനസിലാക്കുന്നതിലേക്ക് ഈ കണ്ടെത്തല്‍ വെളിച്ചം വീശുക തന്നെ ചെയ്യും....'- ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊ. മഗ്ദലെൻസ സെര്‍നിക്ക ഗോയറ്റ്സ് പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു മനുഷ്യൻ ഏകകോശത്തില്‍ നിന്ന് പതിയെ വളര്‍ന്ന് രൂപപ്പെട്ട് വരുന്ന- അത്രയും സുപ്രധാനവും അതിശയകരവുമായി പ്രക്രിയയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പല ചോദ്യങ്ങള്‍, നിഗൂഢതകള്‍, സംശയങ്ങള്‍ എല്ലാം നിവാരണം ചെയ്യുന്നതിലേക്ക് ഇപ്പോഴുണ്ടായ കണ്ടെത്തല്‍ സഹായകരമാകും.

Also Read:- 'കൊവിഡ് 19 തലച്ചോറില്‍ മാറ്റം വരുത്തും'; പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News