തീവ്രതയേറിയ ഹൃദയാഘാതം മുതല്‍ ഹൃദയാഘാതത്തിലേക്ക് എത്തിക്കുന്ന ഹൃദയസംബന്ധമായതും രക്തയോട്ടം സംബന്ധിക്കുന്നതുമായ വ്യതിയാനങ്ങള്‍ വരെ രേഖപ്പെടുത്താന്‍ ഈ ഉപകരണത്തിന് കഴിയുമത്രേ

വളരെ ഗൗരവമേറിയ ആരോഗ്യപരമായ പ്രതിസന്ധിയായിട്ടാണ് നാം ഹൃദയാഘാതത്തെ (Heart Attack ) കണക്കാക്കുന്നത്. സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ വ്യക്തികളുടെ ജീവന്‍ അപഹരിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ളൊരു പ്രശ്‌നം. എന്നാല്‍ ലക്ഷണങ്ങളിലൂടെ ( Symptoms ) ഹൃദയാഘാതത്തെ നിര്‍ണയിക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. 

നിലവില്‍ എക്കോ കാര്‍ഡിയോഗ്രാം ആണ് ഒരു പരിധി വരെ ഇതിന് ആശ്രയിക്കപ്പെടുന്നത്. എങ്കില്‍ പോലും ഹൃദയാഘാതം സ്ഥിരീകരണക്കണമെങ്കില്‍ രക്തപരിശോധന അടക്കമുള്ള കടമ്പകള്‍ വേറെയുമുണ്ട്. ഇതിന്റെയെല്ലം ഫലം കിട്ടാന്‍ മണിക്കൂറുകള്‍ വരെ കാത്തിരിക്കേണ്ടി വരാം. 

ഹൃദയാഘാതം സംഭവിച്ച രോഗിയെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള സമയങ്ങളെല്ലാം തന്നെ ഏറെ നിര്‍ണായകമാണ്. പല കേസുകളിലും ഇത്തരത്തില്‍ ചികിത്സ വൈകുന്നത് മൂലമാണ് രോഗിക്ക് മരണം സംഭവിക്കുന്നത് പോലും. 

ഏതായാലും ഈയൊരു പ്രതിസന്ധിക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് നോത്രദാം യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. മുപ്പത് മിനുറ്റിനകം ഹൃദയാഘാതം സ്ഥിരീകരിക്കാന്‍ സഹായിക്കുന്നൊരു മെഡിക്കല്‍ ഉപകരണം (സെന്‍സര്‍) വികസിപ്പിച്ചെടുത്തിരിക്കുകയാണിവര്‍. 

തീവ്രതയേറിയ ഹൃദയാഘാതം മുതല്‍ ഹൃദയാഘാതത്തിലേക്ക് എത്തിക്കുന്ന ഹൃദയസംബന്ധമായതും രക്തയോട്ടം സംബന്ധിക്കുന്നതുമായ വ്യതിയാനങ്ങള്‍ വരെ രേഖപ്പെടുത്താന്‍ ഈ ഉപകരണത്തിന് കഴിയുമത്രേ. 

എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും അത്ര ചിലവേറിയത് അല്ലാത്തതുമായ സെന്‍സര്‍ ആണ് തങ്ങള്‍ വികസിപ്പിച്ചിരിക്കുന്നതെന്നും സമ്പന്ന രാജ്യങ്ങള്‍ക്ക് പുറമെയുള്ള രാജ്യങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ ആശുപത്രി ഉപയോഗത്തിന് ഇവ എത്തിക്കാനുള്ള നീക്കത്തിലാണിപ്പോഴെന്നും ഗവേഷകര്‍ അറിയിക്കുന്നു. 

ഈ ഉപകരണത്തിന് പേറ്റന്റ് ലഭിക്കാനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. അതിന് ശേഷം സ്വന്തമായി ഒരു കമ്പനി തുടങ്ങി ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Also Read:- ഹൃദയം സുരക്ഷിതമാക്കാന്‍ ചെയ്യാം ഈ മുന്നൊരുക്കങ്ങള്‍...