കൊവിഡ് 19 മഹാമാരി നമുക്കറിയാം, പല അവയവങ്ങളുടേയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ആരോഗ്യാവസ്ഥയും പ്രായവും മറ്റും അടിസ്ഥാനമായി ഓരോരുത്തരിലും പ്രത്യേകമായ രീതിയിലാണ് വൈറസ് ആക്രമണം നടത്തുന്നത്. 

ശ്വാസകോശമാണ് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതെന്നും നമുക്കറിയാം. ഇതിന് പുറമെ ഹൃദയമുള്‍പ്പെടെ പല ആന്തരീകാവയങ്ങളേയും കൊവിഡ് 19 പ്രതികൂലമായി ബാധിക്കുന്നുണ്ട്. തലച്ചോറിനെയും പല രീതിയില്‍ കൊവിഡ് ബാധിക്കുന്നതായ സൂചനകള്‍ നേരത്തേ മുതല്‍ക്ക് തന്നെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. കൊവിഡ് 19 തലച്ചോറിനെ ബാധിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയാണ് ഇവര്‍. 

ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് വൈറസ് തലച്ചോറിനേയും ബാധിക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 'ബ്രെയിന്‍ ഫോഗ്' എന്നറിയപ്പെടുന്ന പ്രശ്‌നമാണത്രേ പ്രധാനമായും കൊവിഡ് 19 തലച്ചോറിനെ ബാധിച്ച രോഗികളില്‍ കാണപ്പെടുന്നത്. ഇതിന് പുറമെ അസാധാരണമായ തളര്‍ച്ചയും അനുഭവപ്പെടുന്നു. 

ചില രോഗികളില്‍ ഇത് കുറഞ്ഞ ദിവസങ്ങളിലേക്ക് മാത്രമേ കാണപ്പെടൂവെങ്കില്‍ മറ്റ് ചിലരില്‍ ഇത് അണുബാധയുണ്ടായി ഏറെ നാളത്തേക്ക് വരെ നീണ്ടുനില്‍ക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസില്‍ കാണപ്പെടുന്ന 'സ്‌പൈക്ക് പ്രോട്ടീന്‍' ആണ് രോഗം തലച്ചോറിനെ ബാധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതത്രേ. ഏതായാലും പുതിയ കണ്ടെത്തല്‍ കൊവിഡ് ചികിത്സാരംഗത്ത് പുതിയ ചുവടുമാറ്റങ്ങള്‍ നടത്തുന്നതിനായി ആരോഗ്യ വിദഗ്ധരെ സഹായിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Also Read:- പ്രതിദിനം ഇന്ത്യയെക്കാള്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ്...