Asianet News MalayalamAsianet News Malayalam

എന്താണ് സോംബി വൈറസുകള്‍? ഇനിയും കൊവിഡ് പോലുള്ള മഹാമാരി?

'സോംബി' എന്ന പ്രയോഗം പക്ഷേ പലര്‍ക്കും പരിചിതമായിരിക്കും. മരിച്ചതിന് ശേഷം വീണ്ടും ജീവനോടെ അവതരിക്കുന്നത് എന്നൊക്കെ ഇതിനെ പരിഭാഷപ്പെടുത്താം. പ്രേതം പോലെ. മനുഷ്യരെ അങ്ങേയറ്റം ഭയപ്പെടുത്തുന്നത് എന്നര്‍ത്ഥം

researchers giving hint on another pandemic due to zombie viruses
Author
First Published Jan 27, 2024, 1:20 PM IST

2019 അവസാനത്തോടെയാണ് കൊവിഡ് 19 എന്ന മഹാമാരിക്ക് മുമ്പില്‍ ലോകം മുട്ടുകുത്തിയത്. ആദ്യം ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് അണുബാധ പിന്നീട് ചുരുങ്ങിയ സമയത്തിനകം ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. ലോകമാകെയും കനത്ത പ്രതിസന്ധിയിലേക്കാണ് ഇതോടെ നീങ്ങിയത്. 

പല രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ഇളകി എന്നുതന്നെ പറയാം. മനുഷ്യരാകട്ടെ ജീവഹാനി ഭയന്നും, തൊഴിലില്ലാതെയും പട്ടിണി കിടന്നും, നടന്നും അലഞ്ഞുമെല്ലാം ഏറെ പ്രയാസപ്പെട്ടു. ലക്ഷക്കണക്കിന് ജീവൻ കവര്‍ന്ന ശേഷം, കോടിക്കണക്കായ മനുഷ്യരുടെ ജീവിതം പ്രതിസന്ധിയില്‍ കൊണ്ടിട്ട ശേഷം കൊവിഡ് 19 ഇപ്പോള്‍ അതിന്‍റെ താണ്ഡവം അവസാനിപ്പിച്ച മട്ടിലാണ്.

എന്നാല്‍ കൊവിഡുണ്ടാക്കിയ ആഘാതത്തെ ആരും മറന്നിട്ടില്ല. ഇനിയും അതുപോലൊരു മഹാമാരി, അല്ലെങ്കില്‍ അതുപോലുള്ള മഹാമാരികള്‍... എന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. പക്ഷേ കൊവിഡ് പോലുള്ള മഹാമാരികള്‍ക്ക് ഇനിയും ലോകം സാക്ഷിയാകാം എന്നാണ് ഗവേഷകലോകം ഓര്‍മ്മിപ്പിക്കുന്നത്. 

ഇപ്പോഴിതാ ഇത്തരത്തില്‍ 'സോംബി വൈറസുകളെ' കുറിച്ചുള്ള വേവലാതിയിലാണ് ശാസ്ത്രലോകവും ഗവേഷകരും. ഒരുപക്ഷേ നിങ്ങളില്‍ ഭൂരിഭാഗം പേരും 'സോംബി വൈറസ്' എന്ന് കേള്‍ക്കുന്നതേ ഇപ്പോഴായിരിക്കും. അതിനാല്‍ തന്നെ എന്താണിത് എന്ന് മനസിലാക്കാനും പ്രയാസമായിരിക്കും.

'സോംബി' എന്ന പ്രയോഗം പക്ഷേ പലര്‍ക്കും പരിചിതമായിരിക്കും. മരിച്ചതിന് ശേഷം വീണ്ടും ജീവനോടെ അവതരിക്കുന്നത് എന്നൊക്കെ ഇതിനെ പരിഭാഷപ്പെടുത്താം. പ്രേതം പോലെ. മനുഷ്യരെ അങ്ങേയറ്റം ഭയപ്പെടുത്തുന്നത് എന്നര്‍ത്ഥം. ഇതെങ്ങനെയാണ് വൈറസുകളെ വിശേഷിപ്പിക്കാനുപയോഗിക്കുന്നത് എന്ന സംശയം സ്വാഭാവികമായും തോന്നാം. 

സംഗതി എന്തെന്നാല്‍ ഇവ നേരത്തെ ഇല്ലാതായിപ്പോയ വൈറസുകളാണ്. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്നു. ആര്‍ക്ടിക് മേഖലകളില്‍, കനത്ത മഞ്ഞില്‍ മൂടി മണ്ണും, സസ്യങ്ങളും, ജീവജാലങ്ങളും തണുത്തുറയുന്ന പ്രതിഭാസമുണ്ട്. ഇങ്ങനെ കാലങ്ങള്‍ക്ക് മുമ്പ് തണുത്തുറഞ്ഞുപോയ വൈറസുകളാണിവ. 

ആഗോളതാപനം കനത്തതോടെ കാലങ്ങളായി ഉറഞ്ഞുകിടക്കുന്ന ഐസുരുകുന്നു. വലിയ തോതിലാണ് ആര്‍ക്ടിക് മേഖലകളില്‍ ഇങ്ങനെ ഐസുരുകുന്നത് എന്ന് നേരത്തേ തന്നെ വന്നിട്ടുള്ള വിവരമാണ്. ഇതുണ്ടാക്കുന്ന പാരിസ്ഥിതി- ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ പലതാണ്.

ഇക്കൂട്ടത്തില്‍ മഞ്ഞായി ഉറഞ്ഞുകിടന്നിരുന്ന വൈറസുകള്‍ വീണ്ടും 'ആക്ടീവ്' ആയി രംഗത്തെത്തിയാല്‍ അത് പുതിയ മഹാമാരികള്‍ക്ക് കാരണമാകുമോ എന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്. ഈ വൈറസുകളെയാണ് 'സോംബി വൈറസുകള്‍' എന്ന് വിളിക്കുന്നത്. 

'എന്തെല്ലാം തരത്തിലുള്ള വൈറസുകളാണ് ഇങ്ങനെ കാലങ്ങളായി ഫ്രോസണായി കിടക്കുന്നത് എന്ന് നമുക്ക് കൃത്യമായി അറിയില്ല. ഇവയില്‍ ഏതെങ്കിലുമൊക്കെ അപകടകാരികളായ വൈറസായാല്‍ മതിയല്ലോ, മറ്റൊരു മഹാമാരി ഉടലെടുക്കാൻ. നമ്മളിത് മുന്നില്‍ക്കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയാണ് വേണ്ടത്...'- റോട്ടര്‍ഡാമില്‍ നിന്നുള്ള വൈറോളജിസ്റ്റ് മാരിയോണ്‍ കൂപ്മാൻസ് പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഐസിലുറഞ്ഞുപോയ പല വൈറസുകളെയും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നാല്‍പത്തിയെട്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള വൈറസിനെ വരെ കണ്ടെത്തിയിരുന്നു. നിലവില്‍ കാലാവസ്ഥാ വ്യതിയാനം എങ്ങനെ മഹാമാരികളിലേക്ക് നമ്മെ എത്തിക്കുമെന്ന ഗവേഷണത്തിലാണ് വിദഗ്ധരായ പല ഗവേഷകരും. 

Also Read:- 'പിടഞ്ഞുപിടഞ്ഞ് മരിച്ചു'; നൈട്രജൻ ഗ്യാസ് എങ്ങനെയാണ് മനുഷ്യനെ കൊല്ലുന്നത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios