ലോകം മുഴുവൻ കൊറോണവൈറസിനെ തുരത്താനുള്ള മരുന്ന് കണ്ടെത്താനുള്ള ഭഗീരഥപ്രയത്നത്തിലാണ്. പ്ലാസ്മ ചികിത്സയും വാക്സിനും ഹൈഡ്രോക്സിക്ളോറോക്വിനും ഒക്കെയായി പല വിധേനയുള്ള ശ്രമങ്ങൾ ലോകത്തിന്റെ പലഭാഗത്തായി ഈ അസുഖത്തിനെ പ്രതിരോധിക്കാൻ വേണ്ടി നടത്തപ്പെടുന്നുണ്ട്. അതിനിടയിൽ കൊക്കോപ്പൊടിയുടെ നിറമുള്ള ഒരു വിചിത്ര ജീവി ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്‌.

ഇവളുടെ പേര് വിന്റർ. വിന്റർ ഒരു പെൺ ലാമയാണ്. ലാമ എന്നു പറയുന്നത് കാണാൻ നമ്മുടെ ഒട്ടകത്തോടൊക്കെ സാമ്യമുള്ള ഒരു മൃഗമാണ്.  പണ്ടുകാലം തൊട്ടേ, ഭാരം കയറ്റിക്കൊണ്ടു പോകുന്നതിനും ഇറച്ചിക്കും മറ്റുമായി അമേരിക്കക്കാർ വളർത്തി വരുന്ന ഒരു മൃഗമാണിത്. ഇവളാണ് ഇപ്പോൾ കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ജീവി. 

 

 

ബെൽജിയത്തിലെ ഒരു റിസർച്ച് ഫാമിലാണ് വിന്ററിന്റെ താമസം. അവിടെ വിന്ററിനെക്കൂടാതെ വേറെയും 120 -ലധികം ലാമകളും അവയുടെ തന്നെ ഒരു വകഭേദമായ 'അൽപാക' എന്ന മറ്റൊരിനത്തിൽപ്പെട്ട മൃഗങ്ങളും ഉണ്ട്. വിന്ററിനെപ്പോലുള്ള ലാമകളിൽ വൈദ്യശാസ്ത്രത്തിന് ഇത്രക്ക് താത്പര്യം തോന്നാനുള്ള കാരണം അവയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വിശേഷയിനം ആന്റിബോഡി ആണ്. പ്രാഥമികമായ ലബോറട്ടറി ടെസ്റ്റുകൾ ഇവയ്ക്ക് കൊവിഡിനെതിരായുള്ള പോരാട്ടത്തിൽ കാര്യമായ പങ്കുവഹിക്കാനാകും എന്നതിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷകളാണ് നൽകുന്നത്. 

'സെൽ' എന്ന ശാസ്ത്രമാസികയിൽ കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ അന്താരാഷ്ട്രതലത്തിലുള്ള ഗവേഷകർ അവകാശപ്പെടുന്നത് ഈ ലാമയുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സൂക്ഷ്മമായ ആന്റിബോഡികൾ ( petite antibodies) മറ്റ് ചില ആന്റിബോഡികളുടെ ഉത്പാദനത്തിനായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട് എന്നാണ്.  അമേരിക്കയിലെ ഓസ്റ്റിനിലുള്ള ടെക്സസ് സർവകലാശാലയിലെയും, ബെൽജിയത്തിലെ ഘെന്റ് സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഈ സവിശേഷ ആന്റി ബോഡിക്ക് നോവൽ കൊറോണ വൈറസിന്റെ (SarsCov2 ) ഉപരിതലത്തിലുള്ള സ്പൈക്കി പ്രോട്ടീനുകളിൽ പറ്റിപ്പിടിച്ച് അവയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ ശേഷിയുണ്ടെന്നു കണ്ടെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു . ലബോറട്ടറി അന്തരീക്ഷത്തിൽ നടത്തപ്പെട്ട ഈ പഠനങ്ങൾ പ്രാഥമിക തലത്തിലുള്ളവ മാത്രമാണ് എങ്കിലും, ഇവ മൃഗങ്ങളിലും മനുഷ്യരിലും ഇതേ ഫലങ്ങൾ ആവർത്തിക്കുന്നു എങ്കിൽ ഒരു പക്ഷേ, കോവിഡിനോടുള്ള പോരാട്ടത്തിൽ ഏറെ നിർണായകമായ പങ്കിവഹിക്കുക വിന്റർ എന്നുപേരായ ഈ വിചിത്രമൃഗമായേക്കും. 

 

വിന്ററിന്റെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത നാനോ ബോഡീസ്, വളരെ ഉത്കൃഷ്ടമായ നിലവാരമുള്ളവയാണ് എന്നാണ് ഗവേഷകരുടെ അഭിപ്രായം. അതുപയോഗിച്ച് കൊറോണ വൈറസിനെതിരെ പോരാടാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണവർ. കൊറോണയ്ക്കെതിരായ ഒരു വാക്സിൻ വരാൻ ഇനിയും വൈകിയേക്കാം എന്ന സാഹചര്യത്തിൽ ആന്റിബോഡി ചികിത്സ അടക്കം എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് ശാസ്ത്രലോകം. 

ഇപ്പോൾ ലോകത്തെ ബാധിച്ച കൊറോണ വൈറസിന്റെ കുടുംബത്തിലെ മറ്റു ചില സമാന വൈറസുകൾക്കെതിരെ ഫലപ്രദമായ ആന്റിബോഡി ചികിത്സകൾ പരീക്ഷണാടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുള്ള ഡാനാ ഫാർബെർ കാൻസർ ഇൻസ്റ്റിട്യൂട്ടിലെ പകർച്ചവ്യാധീവിദഗ്ധനായ വെയ്ൻ മാറാസ്കോ പറയുന്നത് ലാമയുടെ ശരീരത്തിൽ നിന്ന് 'നാനോബോഡികൾ' വേർതിരിച്ച് അതിൽ നിന്ന് ആന്റിബോഡി വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ കൊവിഡ് പ്രതിരോധത്തിന്റെ ചിത്രം മാറ്റിമറിക്കാൻ പോന്ന ഒന്നാണെന്നാണ്. ഒരൊറ്റ ഡോസ് കൊണ്ടുതന്നെ അസുഖം പൂർണ്ണമായും മാറ്റാൻ ചിലപ്പോൾ ഈ ആന്റിബോഡി മരുന്നുകൾക്ക് സാധിച്ചേക്കും. 2003 ലെ സാർസ്, 2012 -ലെ മെർസ് തുടങ്ങിയ മറ്റൊരു തരാം കൊറോണ വൈറസ് കരണമുണ്ടായ പകർച്ച വ്യാധികളിൽ ഈ ആന്റിബോഡികൾ വിജയകരമായി പരീക്ഷിക്കപ്പെട്ടിരുന്നു. ആന്റിബോഡികളുടെ സൂക്ഷ്മരൂപങ്ങളെയാണ് നാനോ ബോഡികൾ എന്ന് വിളിക്കുന്നത്. വിന്ററിന്റെ രക്തത്തിലെ നാനോബോഡികളിൽ നിന്ന് വികസിപ്പിച്ചെടുത്ത സവിശേഷ ആന്റിബോഡിക്കാണ് കോവിഡിന് കാരണമായ നോവൽ കൊറോണാ വൈറസിന്റെ സ്പൈക്കി പ്രോട്ടീനുകളിൽ പറ്റിപ്പിടിച്ച് അവ മനുഷ്യ കോശങ്ങളെ ആക്രമിക്കുന്നത് തടയാനുള്ള ശേഷിയുണ്ടെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. 

 

 

എന്നാൽ ഈ ആന്റിബോഡികൾ ഉപയോഗപ്പെടുത്തിയുള്ള മരുന്നുകൾ മനുഷ്യരിൽ പരീക്ഷിക്കണം എന്നുണ്ടെങ്കിൽ ഇനിയും മാസങ്ങൾ എടുത്തേക്കും. ബെൽജിയൻ ഗവേഷകർ ഇപ്പോൾ ഈ ആന്റിബോഡികൾ ഉപയോഗിച്ച് വെള്ളെലികളിൽ പരീക്ഷണം നടത്താൻ പോകുന്നതേയുള്ളൂ. എന്നാൽ, ഗവേഷണങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ട് എന്നും അധികം താമസിയാതെ, ഒരുപക്ഷേ വാക്സിന് മുമ്പുതന്നെ മരുന്നിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട് എന്നും അവർ പറയുന്നു.