തന്നെ സംബന്ധിച്ച് രോഗം തികച്ചും ഭീതിയുളവാക്കുന്ന അനുഭവമായിരുന്നുവെന്നും നിസ്സാരമായി കാണരുതെന്നും സാനിയ പറയുന്നു.

കൊവിഡ് പോസിറ്റീവ് ആയി ക്വാറന്‍റൈനില്‍ കഴിഞ്ഞ ദിവസങ്ങളുടെ അനുഭവം പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്‍റെ അനുഭവം പറഞ്ഞത്. തന്നെ സംബന്ധിച്ച് രോഗം തികച്ചും ഭീതിയുളവാക്കുന്ന അനുഭവമായിരുന്നുവെന്നും നിസ്സാരമായി കാണരുതെന്നും സാനിയ പറയുന്നു.

‘2020 മുതൽ കൊവിഡ് എന്ന രോഗത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെപ്പറ്റിയും നമ്മൾ കേൾക്കുന്നുണ്ട്. രോഗത്തിനെതിരെ സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നാം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ലോക്ഡൗൺ മാറിയ ശേഷം ചിലരെങ്കിലും ജീവിതം സ്വാഭാവികമായെന്ന് കരുതാൻ തുടങ്ങി. ചിലർക്ക് രോഗത്തോടുള്ള ഭയം കുറഞ്ഞു വരുകയുമുണ്ടായി. എല്ലാവർക്കും അവരവരുടേതായ ജോലിയും കാര്യങ്ങളും ഉള്ളതിനാൽ ആരെയും പഴി പറയാൻ മുതിരുന്നില്ല. നമ്മളെല്ലാം ഇതിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്. അത് ഇപ്പോൾ കൊവിഡ് ആയാലും പ്രളയമായാലും നമ്മള്‍ നേരിടും. 

ഇനി ഞാനെന്റെ ക്വാറന്‍റൈന്‍ ദിനങ്ങളെക്കുറിച്ച് പറയാം. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാന്‍ കാത്തിരിക്കുകയായിരുന്നു. ആറാമത്തെ തവണയാണ് കൊവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ അത് പോസ്റ്റിവ് ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേൾക്കാൻ ഞാന്‍ തയാറായിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാർ, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികൾ എന്നിവരെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സില്‍. 

ഒരേസമയം ക്ഷീണിതയും ദുഃഖിതയുമായി. വീട്ടിൽ ചെന്ന് ദിവസങ്ങൾ എണ്ണാന്‍ തുടങ്ങി. നെറ്റ്ഫ്ലിക്സിൽ സമയം ചിലവിടാൻ എന്ന് കരുതിയെങ്കിലും അതി ഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. 

രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങി. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാൾ മുതൽ സുഖമായി ശ്വസിക്കാൻ കഴിഞ്ഞിരുന്ന ഞാന്‍ അതിന്‍റെ വില എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

View post on Instagram

എന്റെ ഉത്കണ്ഠ എന്നെ മാനസികമായി തളർത്തി. കൊറോണ നിസ്സാരമല്ല. അതിനാല്‍ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാൻ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്ന് ദിവസം മുൻപ് നെഗറ്റീവ് ഫലം വന്നു'- സാനിയ കുറിച്ചു. 

Also Read: 'മൈ കൊറോണ ഡേയ്സ്'; കൊവിഡ് ദിനങ്ങള്‍ വീഡിയോയിലാക്കി അഹാന...