പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.

പുരുഷന്മാരില്‍ ഇന്ന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വ്യാപകമായി കണ്ടുവരുന്നു. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ്  കാണുന്നത്. എങ്കിലും 50 വയസ്സുളളവരിലും ഇപ്പോള്‍ ഈ രോഗം കണ്ടുവരുന്നു. 

മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രത്തില്‍ അണുബാധ, രക്തത്തിന്‍റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

നേരത്തെ കണ്ടെത്താന്‍ കഴിയാത്തതാണ് പലപ്പോഴും രോഗം ചികിത്സിച്ച് ഭേദപ്പെടുത്താന്‍ പറ്റാതെ പോകുന്നത്. എന്നാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ഒരു പുതിയ വിദ്യ മുന്നോട്ടുവെയ്ക്കുകയാണ് ഗവേഷകര്‍. മൂത്രപരിശോധനയിലൂടെ അഞ്ച് വർഷം മുമ്പേ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിയും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

'PUR' (Prostate Urine Risk) ടെസ്റ്റ് എന്നാണ് ഈ പരിശോധനയുടെ പേര്.  യൂണിവേഴ്സറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (UEA) , ഇംഗ്ലിണ്ടിലെ നോര്‍വിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റില്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസത്തിലെ ആദ്യത്തെ മൂത്രം ശേഖരിച്ച് അതിലെ പ്രോസ്റ്റേറ്റ് ബയോമാർക്കർ ലെവല്‍ നോക്കിയാണ് ക്യാന്‍സര്‍ സാധ്യത കണ്ടെത്തുന്നത്. ബയോടെക്നിക്സിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു.

രക്തപരിശോധന, ശരീരപരിശോധന, Digital rectal examination (DRE), എംആർഐ സ്കാന്‍ , ബയോപ്സി എന്നിവയിലൂടെയാണ് സാധാരണയായി ഈ ക്യാന്‍സര്‍ കണ്ടെത്തുന്നത്.