പ്രായമാകും തോറും ശരീരഭാരം നിയന്ത്രണത്തിലാക്കാന്‍ ആളുകള്‍ പാടുപെടുന്നത് കണ്ടിട്ടില്ലേ? എന്തായിരിക്കാം ഇതിന് പിന്നിലെ കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രായമായാല്‍ വണ്ണം വയ്ക്കും, അത് സ്വാഭാവികമല്ലേ എന്നങ്ങോട്ട് ചിന്തിക്കും അല്ലേ? എന്നാല്‍ കേട്ടോളൂ, ഇതിന് പിന്നിലും കൃത്യമായ കാരണമുണ്ട്. 

ഈ വിഷയത്തില്‍ ഫ്രാന്‍സില്‍ നിന്നും സ്വീഡനില്‍ നിന്നുമുള്ള ഒരു കൂട്ടം വിദഗ്ധര്‍ ചേര്‍ന്നൊരു പഠനം നടത്തി. 'നാച്വര്‍ മെഡിസിന്‍' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. കോശങ്ങള്‍ കൊഴുപ്പിനെ പുറന്തള്ളുന്ന പ്രക്രിയയില്‍ കുറവ് വരുന്നത് മൂലമാണത്രേ പ്രായമാകുമ്പോള്‍ വണ്ണം വയ്ക്കുന്നത്. 

ശരീരത്തില്‍ നിന്ന് കൊഴുപ്പ് പുറത്തുപോകാതിരിക്കുകയും അതേസമയം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ കുറവ് വരാതിരിക്കുകയും ചെയ്യുന്നതോടെ എളുപ്പത്തില്‍ ശരീരഭാരം വര്‍ധിക്കുമത്രേ. 

13 വര്‍ഷമായി അമ്പതിലധികം പേരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചും പഠിച്ചുമാണ് വേഷകര്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രായമാകുന്നതിന് അനുസരിച്ച് കൊഴുപ്പും കലോറിയും എടുക്കുന്നത് കുറയ്ക്കുന്നത് നന്നായിരിക്കുമെന്നും നല്ല ഡയറ്റും വ്യായാമവും ഒരു പരിധി വരെ അമിതവണ്ണത്തില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നും കൂടി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.