ലോകരാജ്യങ്ങളാകെയും കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ ചെറുത്തുനില്‍പിലാണ്. രോഗവ്യാപനം തടഞ്ഞ്, ആരോഗ്യ സംവിധാനത്തെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്ലാവരും. ഇതിനിടെ വാസ്‌കിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഓരോ രാജ്യങ്ങളിലായി പുരോഗമിച്ചുവരുന്നു. 

നിലവില്‍ യുകെയിലെ 'ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല'യിലെ ഗവേഷകരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് പരീക്ഷണഘട്ടങ്ങളില്‍ മുന്നിലുള്ളത്. ഇതിന് തൊട്ടുപിന്നാലെ യുഎസിലെ 'മൊഡേണ' എന്ന കമ്പനിയുടെ വാക്‌സിനും മൂന്നാം ഘട്ട 'ക്ലിനിക്കല്‍ ട്രയലി'ന് (മനുഷ്യരില്‍ പരീക്ഷണം) തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. 

കൊവിഡ് വാക്‌സിന്‍; ഇന്ത്യയിലെ അവസ്ഥ...

ഇന്ത്യയിലാകട്ടെ പ്രധാനമായും ഏഴ് ഫാര്‍മ കമ്പനികളാണ് വാക്‌സിന്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നത്. 'ഭാരത് ബയോട്ടെക്', 'സിറം ഇന്‍സ്റ്റിറ്റ്യൂട്ട്', 'സൈഡസ് കാഡില', 'പനേസിയ ബയോട്ടെക്', 'ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്', 'മൈന്‍വാക്‌സ്', 'ബയോളജിക്കല്‍ കെയര്‍ ഇ' എന്നിവയാണ് ഈ ഏഴ് കമ്പനികള്‍. 

ഇതില്‍ 'ഭാരത് ബയോട്ടെക്' വാക്‌സിനായ 'കൊവാക്‌സിന്' രണ്ട് ഘട്ടങ്ങളിലായി മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് കഴിഞ്ഞയാഴ്ച കമ്പനി മനുഷ്യരിലെ പരീക്ഷണം തുടങ്ങുകയും ചെയ്തു. 

 

 

തങ്ങളുടെ വാക്‌സിന്‍ വര്‍ഷാന്ത്യത്തോടെ വികസിപ്പിച്ചെടുക്കുമെന്നാണ് 'സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' അവകാശപ്പെടുന്നത്. ആഗസ്റ്റോടുകൂടി മനുഷ്യരില്‍ പരീക്ഷണം തുടങ്ങാനാണ് ഇവരുടെ തീരുമാനം. 

ഏഴ് മാസത്തിനകം 'ക്ലിനിക്കല്‍ ട്രയല്‍' പൂര്‍ത്തിയാക്കാനാകുമെന്നാണ് മറ്റൊരു കമ്പനിയായ 'സൈഡസ് കാഡില' അറിയിക്കുന്നത്. മറ്റ് കമ്പനികളെല്ലാം തന്നെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 

സാധാരണഗതിയില്‍ ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതുപോലെ തന്നെ, ആവശ്യത്തിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാനും സമയം വേണ്ടിവരും. എന്നാല്‍ ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരമാവധി വേഗത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തി, വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. 

വാക്‌സിനെ കുറിച്ച്...

രോഗത്തിനെതിരെ ശരീരത്തിന് സ്വയം തന്നെ പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വാക്‌സിന്‍. ലളിതമായി പറഞ്ഞാല്‍ ശരീരത്തിന് ദോഷം വരാത്ത തരത്തില്‍ രോഗകാരിയെ തന്നെയാണ് വാക്‌സിനിലൂടെ ശരീരത്തിലേക്ക് കടത്തിവിടുന്നത്. ഇതിലൂടെ രോഗകാരിയുടെ സ്വഭാവം മനസിലാക്കുന്ന ശരീരം അതിനെതിരെ പ്രതികരിച്ചുതുടങ്ങും. 

 

 

അതായത്, വളരെ സൂക്ഷ്മതയോടുകൂടി മാത്രമേ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുക സാധ്യമാകുന്നുള്ളൂ. അറിഞ്ഞുകൊണ്ട് ശരീരത്തിന്റെ ശത്രുവിനെ ശരീരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയാണ് വാക്‌സിനിലൂടെ. അങ്ങനെ വരുമ്പോള്‍ വാക്‌സിന്‍ സുരക്ഷിതമല്ലെങ്കില്‍  അത് ജീവന് തന്നെ ഭീഷണിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ഇതുകൊണ്ടാണ് വാക്‌സിന്‍ കണ്ടെത്തുന്നതിന് വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ നിര്‍ബന്ധമാകുന്നത്. പ്രധാനമായും നാല് ഘട്ടങ്ങളിലായാണ് പരീക്ഷണം നടക്കുക. ഒന്ന് മൃഗങ്ങളിലെ പരീക്ഷണം, രണ്ട് ചെറിയൊരു സംഘം ആളുകളില്‍ മാത്രം പരീക്ഷിക്കുന്ന ഘട്ടം, മൂന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പരീക്ഷണഘട്ടം, നാലാമത്തേതാണ് ഏറ്റവും സുപ്രധാനമായ ഘട്ടം. ഇതില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി അതിന്റെ ഫലം തെളിയിക്കുന്ന ഘട്ടമാണ്. 

Also Read:- വാക്‌സിന്‍ ഗവേഷണത്തിന്റെ വിവരങ്ങള്‍ റഷ്യ ചോര്‍ത്തുന്നു; ആരോപണവുമായി യുകെ...