Asianet News MalayalamAsianet News Malayalam

വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍...

മോശം ജീവിതരീതികളുടെ ഭാഗമായി ഇന്ന് വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് ശാരീകാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെ പോലും വലിയ പരിധി വരെ സ്വാധീനിക്കുന്നതാണ്. കാരണം മാനസിക സ്വാസ്ഥ്യത്തെ നിര്‍ണയിക്കുന്ന ഹോര്‍മോണുകളുടെ ബാലന്‍സ് നിര്‍ണയിക്കുന്നതില്‍ വരെ വയറ്റിനകത്തുള്ള നല്ലയിനം ബാക്ടീരിയകളുടെ പങ്കാളിത്തമുണ്ട്

seven habits which affect your gut health
Author
Trivandrum, First Published Jul 15, 2021, 3:41 PM IST

വയറിന്റെ ആരോഗ്യം നന്നായാല്‍ ആകെ ആരോഗ്യം തന്നെ നന്നായി എന്നാണ് വിലയിരുത്തപ്പെടാറ്. അത്രമാത്രം പ്രധാനമാണ് വയറിന്റെ ആരോഗ്യം. ദഹനപ്രവര്‍ത്തനങ്ങള്‍, അതിന് ആവശ്യമായി വരുന്ന സമയം ഇതെല്ലാം കൃത്യമായാല്‍ തന്നെ വയറിന്റെ ആരോഗ്യം ഉറപ്പിക്കാനാകും. 

എന്നാല്‍ മോശം ജീവിതരീതികളുടെ ഭാഗമായി ഇന്ന് വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് ശാരീകാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെ പോലും വലിയ പരിധി വരെ സ്വാധീനിക്കുന്നതാണ്. കാരണം മാനസിക സ്വാസ്ഥ്യത്തെ നിര്‍ണയിക്കുന്ന ഹോര്‍മോണുകളുടെ ബാലന്‍സ് നിര്‍ണയിക്കുന്നതില്‍ വരെ വയറ്റിനകത്തുള്ള നല്ലയിനം ബാക്ടീരിയകളുടെ പങ്കാളിത്തമുണ്ട്. 

പല ഘടകങ്ങളാണ് വയറിന്റെ ആരോഗ്യത്തെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നത്. പ്രധാനമായും ഡയറ്റ് (കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം), ഡയറ്റ് ക്രമം (ഭക്ഷണസമയങ്ങള്‍) തുടങ്ങിയ കാര്യങ്ങള്‍ തന്നെയാണ് ബാധിക്കുക. ഇതിന് പുറമെ മറ്റ് ജീവിതരീതികളും കാര്യമായ സ്വാധീനം ചെലുത്തുന്നു. ഇത്തരത്തില്‍ വയറിന്റെ ആരോഗ്യം നശിപ്പിക്കുന്ന നമ്മുടെ ഏഴ് ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പ്രകൃതിദത്തമായ 'പ്രീബയോട്ടിക്' ഭക്ഷണങ്ങള്‍ ഡയറ്റില്‍ കുറയുന്നത് വയറിന്റെ ആരോഗ്യം നശിപ്പിച്ചേക്കാം. 

 

seven habits which affect your gut health

 

നേന്ത്രപ്പഴം, ഉള്ളി, വെളുത്തുള്ളി, ആപ്പിള്‍ എന്നിവയെല്ലാം മികച്ച 'പ്രീബയോട്ടിക്' ഭക്ഷണങ്ങളാണ്. ഇവ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ നിലനില്‍പിന് അത്യാവശ്യമാണ്. 

രണ്ട്...

പ്രോസസ്ഡ് ഭക്ഷണം, അതുപോലെ കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണം എല്ലാം പതിവാക്കുമ്പോഴും വയറിന്റെ ആരോഗ്യം നശിക്കാം. കാരണം ഇത്തരം ഭക്ഷണങ്ങളില്‍ നിന്നെല്ലാമുള്ള ഷുഗര്‍ വയറ്റിനകത്തെ ബാക്ടീരിയകളെ നശിപ്പിക്കുകയും വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

മൂന്ന്...

ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് ഉറക്കവും. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അതും വയറിന്റെ ആരോഗ്യത്തെ ബാധിക്കും. ഉറക്കം നഷ്ടമാകുമ്പോള്‍ ക്ഷീണം, അസ്വസ്ഥത എന്നിവയ്‌ക്കൊപ്പം തന്നെ അസിഡിറ്റിയും വര്‍ധിക്കുന്നു. 

നാല്...

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നവരിലും വയറിന്റെ ആരോഗ്യം അവതാളത്തിലാകാം. ദഹനവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാകണമെങ്കില്‍ ശരീരത്തിലേക്ക് ഇടവേളകളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കൊണ്ടിരിക്കണം. 

 

seven habits which affect your gut health

 

ഇത് ചര്‍മ്മത്തിന്റെ ആരോഗ്യവും എളുപ്പത്തില്‍ മെച്ചപ്പെടുത്തും. 

അഞ്ച്...

വ്യായാമോ കായികാധ്വാനമോ കൂടാതെ മുന്നോട്ടുപോകുന്നത് ശരീരത്തിന് വളരെയേറെ ദോഷം ചെയ്യാം. ഇത് ആദ്യം ബാധിക്കുന്നൊരു മേഖലയാണ് വയറിന്റെ ആരോഗ്യം. പ്രത്യേകിച്ച് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും ശാരീരികാധ്വാനത്തിന് അല്‍പസമയം മാറ്റിവയ്‌ക്കേണ്ടതാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമമോ, ജിമ്മിലെ വര്‍ക്കൗട്ടോ, യോഗയോ എന്തുമാകാം ഇത്. 

ആറ്...

ഡയറ്റില്‍ തന്നെ സംഭവിക്കുന്ന മറ്റൊരു പാളിച്ചയാണ് ഫൈബര്‍ കുറവുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത്. വയറിന്റെ ആരോഗ്യത്തിന് നിര്‍ബന്ധമായും വേണ്ടൊരു ഘടകമാണ് ഫൈബര്‍. പ്രത്യേകിച്ച് ദഹനം എളുപ്പത്തിലാക്കാനാണ് ഇത് ഉപകരിക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, ഝധാന്യങ്ങള്‍ എന്നിവയെല്ലാം ഫൈബറിന്റെ മികച്ച സ്രോതസുകളാണ്. 

ഏഴ്...

മദ്യപാനം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നമുക്കേവര്‍ക്കുമറിയാം. അതും അനിയന്ത്രിതമായ മദ്യപാനമാണെങ്കില്‍ ആദ്യം ബാധിക്കപ്പെടുന്ന ഭാഗമാണ് വയറ്. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ മദ്യം തകര്‍ക്കുന്നു. 

Also Read:- ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ ശ്രദ്ധിക്കാം

Follow Us:
Download App:
  • android
  • ios