ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ മുതല്‍ പാരമ്പര്യം വരെ ഇതിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ഏഴ് കാര്യങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്

ആരോഗ്യകാര്യങ്ങളില്‍ നാം ഏറ്റവുമധികം ഭയപ്പെടുന്ന, അല്ലെങ്കില്‍ നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ് ഹൃദയാഘാതം. പല കാരണങ്ങള്‍ കൊണ്ടും ഹൃദയാഘാതം സംഭവിക്കാം. ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ മുതല്‍ പാരമ്പര്യം വരെ ഇതിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ഏഴ് കാര്യങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ നേരിടാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് നമുക്കറിയാം. ഹൃദയാഘാതത്തിന്റെ കാര്യത്തിലും പ്രായം ഒരു ഘടകമായി വരാറുണ്ട്. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരിലും അമ്പത്തിയഞ്ച് വയസിന് മുകളിലുള്ള സ്ത്രീകളിലും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

രണ്ട്...

ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ ക്രമേണ ഹൃദയാഘാതത്തിലേക്ക് വഴിവച്ചേക്കാമെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. കഴിക്കുന്ന ഭക്ഷണം അനാരോഗ്യകരമായതാണെങ്കില്‍ മോശം കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. 

ഇത് കൊളസ്‌ട്രോളിന് കാരണമാകും. ഈ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞുകൂടുകയും ഇത് രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലും ഹൃദയാഘാതം സംഭവിക്കാം. 

മൂന്ന്...

അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കും. സമാനമായി ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കുമെല്ലാം വഴിവയ്ക്കാന്‍ അമിതവണ്ണത്തിന് കഴിയും. രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും, കൊളസ്‌ട്രോള്‍, ഷുഗര്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാനുമെല്ലാം അമിതവണ്ണം കാരണമാകാറുണ്ട്. ഇവയെല്ലാം തന്നെ ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട്. അതിനാല്‍ ശരീരവണ്ണം ഉയരത്തിനും പ്രായത്തിനും അനുസരിച്ച് 'ബാലന്‍സ്' ചെയ്ത് സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. 

നാല്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പലപ്പോഴും ഹൃദയാഘാതത്തിലേക്ക് വ്യക്തികളെ നയിക്കാറുണ്ട്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ അത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് 'നോര്‍മല്‍' ആണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബിപിയെ കണ്ടില്ലെന്ന് നടിച്ച്, അതിനെ ഇഷ്ടാനുസരണം വിടുന്നതും അപകടമാണ്. അത്തരം ആളുകളിലാണ് അധികവും അപ്രതീക്ഷിതമായി പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്. 

അഞ്ച്...

പുകവലിയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നൊരു ഘടകമാണ്. ദീര്‍ഘകാലമായി പുകവലിക്കുന്നവര്‍, അമിതമായി പുകവലിക്കുന്നവര്‍, പതിവായി പുകവലിക്കുന്നവരെ അനുഗമിക്കുന്നവര്‍ (പാസിവ് സ്‌മോക്കേഴ്‌സ്) എന്നിവരിലെല്ലാം ഹൃദയാഘാത സാധ്യത കൂടുതലാണ്. 

ആറ്...

രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പോലെ തന്നെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന മറ്റൊരു ജീവിതശൈലീരോഗമാണ് പ്രമേഹം. 

ഡയറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും ഇത്തരക്കാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. രക്തത്തിലെ ഷുഗര്‍ ലെവല്‍ വര്‍ധിക്കാത്ത തരത്തില്‍ എപ്പോഴും ആരോഗ്യത്തെ നിയന്ത്രിച്ചുനിര്‍ത്തേണ്ടതും അനിവാര്യമാണ്.

Also Read:- രക്തസമ്മര്‍ദ്ദം ഉയരുന്നത് സൂചിപ്പിക്കുന്ന ചില പ്രധാന ലക്ഷണങ്ങള്‍...

ഏഴ്...

ആദ്യമേ സൂചിപ്പിച്ചത് പോലെ പാരമ്പര്യഘടകങ്ങളും വ്യക്തികളെ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. അതായത് അച്ഛന്‍, അമ്മ, അവരുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ഇങ്ങനെ ആര്‍ക്കെങ്കിലും ഹൃദയാഘാതം വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എപ്പോഴും കരുതലെടുക്കുക. ഹൃദയത്തെ അപകടത്തിലാക്കുന്ന അനാരോഗ്യകരമായ ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona