Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു!

കുട്ടികള്‍ വീട്ടിനകത്ത് വച്ചോ, പുറത്ത് വച്ച് അടുപ്പമുള്ളവരാലോ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നു. ഇതിന് പുറമെ ഓണ്‍ലൈന്‍ ചൂഷണങ്ങളിലും മഹാമാരിക്കാലത്ത് കുട്ടികള്‍ ഏറെ വീണുകഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍

sexual abuse against children increased during pandemic
Author
Delhi, First Published Dec 3, 2020, 4:09 PM IST

കൊവിഡ് കാലത്ത് ആരോഗ്യമേഖല മാത്രമല്ല ദൈനംദിന ജീവിതത്തില്‍ നാം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ മേഖലകളാണ് പ്രതിസന്ധിയിലായത്. സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളില്‍ പലതും ആളുകളുടെ മാനസികനിലയെ മോശമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. 

ഇതിനിടെ കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും ഏറെ വര്‍ധിച്ചുവെന്നാണ് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നെല്ലാം കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

മറ്റ് പലയിടങ്ങളിലും സ്ഥതിഗതികളില്‍ വ്യത്യാസമില്ലെന്നാണ് യൂനിസെഫ് വ്യക്തമാക്കുന്നത്. കുട്ടികള്‍ വീട്ടിനകത്ത് വച്ചോ, പുറത്ത് വച്ച് അടുപ്പമുള്ളവരാലോ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നു. ഇതിന് പുറമെ ഓണ്‍ലൈന്‍ ചൂഷണങ്ങളിലും മഹാമാരിക്കാലത്ത് കുട്ടികള്‍ ഏറെ വീണുകഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. 

പല സൈറ്റുകള്‍ക്കും കൊവിഡ് കാലത്ത് വരുമാനം നിലയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതോടെ ഇവരില്‍ പലരും ലൈംഗിക ചൂഷണങ്ങളിലേക്ക് തിരിഞ്ഞു. ഇതില്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മിക്കവാറും കുട്ടികളാണ്. ഗെയിമിംഗിന് വേണ്ടിയോ മറ്റോ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന കുട്ടികള്‍ ദിശാബോധമില്ലാതെ എത്തിപ്പെടുന്ന ഓണ്‍ലൈന്‍ വലയങ്ങളില്‍ പിന്ന് പിന്നീട് തിരിച്ചുകയറാന്‍ കഴിയാതെ പെട്ടുപോകുന്ന അവസ്ഥയാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. 

'നമ്മള്‍ കരുതുന്നത് പോലെ നിസാരമേയല്ല ഇക്കാര്യങ്ങള്‍. പണത്തിന് വേണ്ടിത്തന്നെയാണ് കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ലൈവ് സ്ട്രീമിംഗ് കാണിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വരെയുണ്ട്. ലോകം മൊത്തം ഇതിന്റെ വലയങ്ങള്‍ കിടപ്പുണ്ട്...'- മനിലയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക മെലാനീ ഒലാനോ പറയുന്നു. 

കൊവിഡ് കാലത്ത് വീട്ടിനകത്ത് വച്ചോ പുറത്ത് വച്ചോ ഓണ്‍ലൈനായോ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ മനസിലാക്കേണ്ടതുണ്ടെന്നും, മാതാപിതാക്കളാല്‍ തന്നെ കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടേക്കാം എന്നതിനാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ അതത് സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ തോതിലാണെങ്കില്‍ പോലും ലൈംഗികമായ ചൂഷണം ദീര്‍ഘകാലത്തേക്ക് കുട്ടികളില്‍ ട്രോമയുണ്ടാക്കുമെന്നും ഇത് വ്യക്തിത്വ രൂപീകരണത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- കൊവിഡും മാനസികാരോഗ്യവും; പരിഹരിക്കാന്‍ വഴികളുണ്ട്...

Follow Us:
Download App:
  • android
  • ios