കൊതുകുകൾ വല്ലാത്ത ശല്യക്കാരാണ്. നൂറ്റാണ്ടുകളായി അവ അങ്ങനെത്തന്നെയാണ്. ഈ ലോകത്തിന്റെ ആരംഭം തൊട്ടുള്ള ചരിത്രമെടുത്താൽ ഈ ഭൂമിയിൽ ഇന്നോളം നടന്ന എല്ലായുദ്ധങ്ങളിലും കൂടി കൊല്ലപ്പെട്ടവരേക്കാൾ അധികം പേർ കൊതുകുകടിച്ചുണ്ടാകുന്ന പകർച്ചവ്യാധികളാൽ കാലപുരി പൂകിയിട്ടുണ്ട്. ഈ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊന്നിട്ടുള്ളത് കൊതുകുകളാണ്.അക്കാര്യത്തിൽ മനുഷ്യർ പോലും രണ്ടാമതേ  വരൂ.  കിടന്നുറങ്ങാൻ കിടപ്പാടമില്ലാതെ തെരുവിൽ കൊതുകുകടിയേറ്റുറങ്ങുന്ന അനാഥൻ തൊട്ട് അലക്‌സാണ്ടർ ചക്രവർത്തി വരെ മരിച്ചിട്ടുള്ളത് കൊതുകിന്റെ കടിയേറ്റിട്ടാണ്. തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ബാബിലോണിൽ വെച്ച് കൊതുകുകടിയേറ്റുണ്ടായ മലേറിയ മൂർച്ഛിച്ചിട്ടാണ് അലക്‌സാണ്ടർ മരിച്ചത് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 

ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഭൂമുഖത്തുനിന്ന് പ്രകൃതിക്ക് യാതൊരു ഉപയോഗവുമില്ലാത്ത കൊതുകെന്ന ഈ ജീവിവർഗത്തിനെ ഈ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റാൻ പോന്ന ഒരു സാങ്കേതിക വിദ്യയും ഇന്നുവരെ വികസിപ്പിക്കപ്പെട്ടിട്ടില്ല. പലപ്പോഴും കൊതുകു വന്നു കടിച്ച് വരാനുള്ള അസുഖം വന്ന ശേഷമാകും നമ്മൾ അത് അറിയുന്നതും അതിനെ അടിച്ചു കൊല്ലുന്നതും ഒക്കെ. ഇന്ന് കൊതുകിനെ ഓടിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരുവിധത്തിൽ പെട്ട എല്ലാ മരുന്നുകളെയും കൊതുകുകൾ അതിജീവിച്ചു കഴിഞ്ഞു. ഈ മരുന്നിന്റെ വലയത്തിൽ ഒരു കൊതുക് വന്നാൽ അതിന് ഏറിയാൽ കിറുങ്ങും എന്നല്ലാതെ വേറെ ഒരു വിശേഷവുമില്ല. പുതിയ മരുന്നുകൾ വരുന്ന മുറയ്ക്ക് കൊതുകുകളും അവയോട് കാലാന്തരത്തിൽ പൊരുത്തപ്പെട്ടുവരുന്നതായിട്ടാണ് കാണുന്നത്. 

എന്നാൽ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ(Indian Journal for Medical Research) പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം പരാമർശിക്കുന്നത് ഈ രംഗത്തു നടക്കുന്ന ഒരു വിപ്ലവകരമായ ഗവേഷണത്തെപ്പറ്റിയാണ്. ഈ ഗവേഷകർ കൊതുകുകളുടെ ജനന നിയന്ത്രണത്തിനായി ഒരു നൂതനാശയം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. അവർ ചിന്തിക്കുന്നത് അതിഭയങ്കരമായ കാമാസക്തിയും, ഇണചേരാനുള്ള ത്വരയുമുള്ള, എന്നാൽ അതേസമയം പ്രത്യുത്പാദനശേഷി പൂജ്യവുമായ ഒരു സവിഷേശയിനം ആൺ കൊതുകിനെ വികസിപ്പിച്ചെടുക്കുന്നതിനെപ്പറ്റിയാണ്. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇണയെത്തേടി പരക്കം പായുന്ന ഈ 'സൂപ്പർ ആക്റ്റീവ്' വിത്തുകൊതുകുകൾ പെൺകൊതുകുകുകളുമായുള്ള ആദ്യ സംഗമത്തിൽ തന്നെ അവയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുനനത്തിൽ വിജയം വരിക്കും. ആൺകൊതുകുകളുടെ ഈ മിടുക്കിലാണ് കാര്യമിരിക്കുന്നത്. 

പെൺ കൊതുകുകൾക്ക് ഒരു സവിശേഷതയുള്ളത് അവ ആയുസ്സിൽ ഒരിക്കൽ മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടൂ എന്നാണ്. പെൺകൊതുകുകൾ തന്നെയാണ് മനുഷ്യരെ കടിക്കുകയും, ചോരവലിച്ചെടുക്കുകയും, വീണ്ടും മറ്റുള്ളവരെ കടിക്കുകയും ഒക്കെ ചെയ്തുകൊണ്ട് മാരകമായ പകർച്ചവ്യാധികൾ ലോകമെങ്ങും പരത്തുന്നത്. ജീവിതകാലയളവിൽ നടക്കുന്ന ആദ്യത്തെ ബന്ധത്തിൽ പ്രത്യുത്പാദനം നടത്തുന്ന ഈ പെൺകൊതുകുകൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും മുട്ടകൾ ഇട്ടുനിറച്ചാണ് നാട്ടിൽ കൊതുക് ഇത്ര പെരുകുന്നത്. എന്നാൽ ശാസ്ത്രജ്ഞർ വികസിപ്പിച്ച് പുറത്തുവിടുന്ന സൂപ്പർ ആക്റ്റീവ്, കാമാസക്തി കൂടിയ കൊതുകുകളുടെ ബന്ധപ്പെട്ടാൽ കൊതുകുകൾ മുട്ടയിട്ടു പെരുകില്ല. ഒരേയൊരു തവണമാത്രമേ ആയുസ്സിൽ ബന്ധപ്പെടൂ എന്നതുകൊണ്ട് മറ്റേതെങ്കിലും പ്രത്യുത്പാദനശേഷിയുള്ള കൊതുകുമായി ആ പെൺകൊതുക് പിന്നെ ബന്ധപ്പെടുകയും ഇല്ല. അങ്ങനെ വരുമ്പോൾ പോകെപ്പോകെ കൊതുകുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്.   സ്റ്റെറൈല്‍ ഇന്‍സെക്റ്റ് ടെക്‌നിക് (SIT ) എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ  സ്ക്രൂ വിരകൾ, പഴയീച്ചകൾ എന്നിവയെ തുരത്താൻ ശാസ്ത്രജ്ഞർ മുൻകാലങ്ങളിൽ വിജയകരമായി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. 

ഇക്കാര്യത്തിൽ ശാസ്ത്രജ്ഞർ നേരിടുന്നത് ഒരേയൊരു വെല്ലുവിളി മാത്രമാണ്. നിലവിൽ അങ്ങനെ അത്യന്തം ലൈംഗികമായ പ്രവർത്തന ശേഷിയും താത്പര്യവും മൂത്ത കൊതുകുകൾ അധികമില്ല.  ഈ പദ്ധതിയുടെ വിജയവും ആ ഒരു ഘടകത്തെ തന്നെയാണ് ആശ്രയിച്ചിരിക്കുന്നതും. ആണവസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കൊതുകുകളെ വന്ധ്യംകരിക്കുന്നത്. മനുഷ്യരിൽ ഉപയോഗിക്കുന്ന വയാഗ്ര പോലുള്ള ലൈംഗിക ശേഷി വർധനയ്ക്കുള്ള രസമരുന്നുകൾ തന്നെ ഉപയോഗിച്ചുള്ള ഗവേഷണങ്ങളാണ് കൊതുകുകളുടെ ലൈംഗിക ശേഷി വർധിപ്പിക്കാനുള്ള പരീക്ഷണങ്ങളിലും ഉപയോഗപ്പെടുത്തുന്നത്. ഈ ലക്കം ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ജപ്പാൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 18 ഗവേഷകർ നടത്തിയ പഠനങ്ങളുടെ ഫലത്തെ ഏറെ കുതൂഹലത്തോടെയാണ് പൊതുജനം വീക്ഷിക്കുന്നത്.