കോഴിക്കോട് ജില്ലയിൽ ഏതാനും പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതും രോഗ ബാധയെ തുടർന്ന് ഒരു മരണം ഉണ്ടായതും ആശങ്ക വർധിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ ഉള്ള നാൽപ്പതോളം കേസുകളും ഇതിനകം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗലക്ഷണങ്ങളുണ്ടായ 15 പേരില്‍ ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടി. വ്യക്തി ശുചിത്വം പാലിച്ചാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്താണ് ഷിഗെല്ല രോ​ഗം...?

ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും, ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകൾ വ്യാപനം നടത്തുന്നത്. 

ലക്ഷണങ്ങൾ...

വയറിളക്കമാണ് ഷിഗെലോസിസ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പനി, വയറുവേദന, അടിക്കടി, മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. ഷിഗെല്ല ബാധിച്ചവരുടെ മലത്തിൽ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പനി വന്നേക്കാനും സാധ്യതയുണ്ട്. 

മുൻകരുതലുകൾ...

1. മികച്ച വ്യക്തിഗത ശുചിത്വം പാലിക്കുക. ബാത്ത്റൂം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. 

2. ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ശ്രദ്ധ വേണം. ബാക്ടീരിയ പടരാതിരിക്കാനായി വൃത്തിഹീനമായ ഡയപ്പറുകൾ അടച്ച ബാഗിലോ ട്രാഷ് ബിന്നിലോ ശ്രദ്ധയോടെ ഉപേക്ഷിക്കുക. 

3. കൈ കഴുകുമ്പോഴെല്ലാം സോപ്പും ചൂടുവെള്ളവും ഉപയോഗിക്കുക. ഉപയോഗത്തിന് മുമ്പും ശേഷവും ആൻറി ബാക്ടീരിയൽ വൈപ്പുകൾ ഉപയോഗിക്കുക.

4. വയറിളക്കത്തിൻ്റെ ലക്ഷണങ്ങൾ ബാധിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. നിങ്ങളുടെ ലക്ഷണങ്ങൾ ഷിഗെല്ലയുടേതല്ല എന്ന് ഉറപ്പാക്കാനായി മല പരിശോധന നടത്താം.

5. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. അതോടൊപ്പം തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

കോഴിക്കോട് ഷിഗെല്ല രോഗം ബാധിച്ച് ഒരു മരണം, നാൽപ്പതോളം പേർക്ക് രോഗലക്ഷണം, ജാഗ്രതാനിർദ്ദേശം നൽകി ആരോഗ്യവകുപ്പ്