രക്തത്തില്‍ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്. 

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. കൂടാതെ മധുരപദാർഥങ്ങളും കുറയ്ക്കുന്നതാണ് നല്ലത്. പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. അക്കൂട്ടത്തില്‍ ഉയരുന്ന ഒരു ചോദ്യമാണ് പ്രമേഹ രോഗികള്‍ക്ക് തേന്‍ കഴിക്കാമോ എന്നത്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ചുമ, തൊണ്ടവേദന എന്നിവ ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ആന്റി മൈക്രോബിയല്‍, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങള്‍ എന്നിവയടങ്ങിയ തേന്‍ ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കി ചികിത്സിക്കാനായി ഇത് ഉപയോഗിക്കാം.

 

എന്നാല്‍ തികച്ചും പ്രകൃതിദത്തമായി മധുരമുള്ള ഒന്നാണ് തേന്‍. പഞ്ചസാരയ്ക്ക് പകരമായി പലപ്പോഴും നാം തേന്‍ ഉപയോഗിക്കാറുണ്ട്. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. തേനിന്റെ 70 ശതമാനം പ്രകൃതിദത്ത ഘടകങ്ങള്‍ നിര്‍മിക്കുന്നത് ഫ്രക്ടോസും ഗ്ലൂക്കോസും ആണ്. ഫ്രക്ടോസ് (40%), ഗ്ലൂക്കോസ് (30%), വെള്ളം, ധാതുക്കളായ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ചേര്‍ന്നതാണ് തേന്‍. കലോറിയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

അതിനാല്‍ പ്രമേഹ രോഗികള്‍ തേന്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ചസാരയെ പോലെ തന്നെ തേനും രക്തത്തിലെ  ഗ്ലൂക്കോസിന്‍റെ അളവില്‍ വ്യത്യാസമുണ്ടാക്കാം. തേനിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് നില 60 മുതല്‍ 65 ആണ്. അതിനാല്‍ തേനിന്‍റെ ഉപയോഗം അളവില്‍ കൂടാതെ നോക്കാന്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. 

പ്രമേഹ രോഗികള്‍ നേരിട്ടുള്ള മധുരം, പഞ്ചസാര, ശർക്കര, തേൻ, കല്ക്കണ്ടം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പകരം ധാരാളം സൂക്ഷ്മപോഷകങ്ങളും ഭക്ഷ്യനാരുകളും, ഫ്ളേവനോയിഡുകളും അടങ്ങിയ പഴവർഗങ്ങൾ നിശ്ചിത അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Also Read: പ്രമേഹ രോഗികൾക്ക് നേന്ത്രപ്പഴം കഴിക്കാമോ?