Asianet News MalayalamAsianet News Malayalam

​ഗർഭിണികൾക്ക് പേരയ്ക്ക കഴിക്കാമോ...?

ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം തടയാൻ പേരയ്ക്ക മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് ​വിദ​ഗ്ധർ പറയുന്നു. ഗർഭാവസ്ഥയിൽ സാധാരണ കാണപ്പെടുന്ന വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ പേരയ്ക്ക കഴിക്കുന്നതിലൂടെ അകറ്റാനാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. 

Should You Eat Guava During Pregnancy
Author
Trivandrum, First Published May 23, 2020, 12:47 PM IST

ഗർഭിണിയാണെന്ന് അറിയുന്ന ആ സമയം മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. ​ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. ഗർഭകാലത്ത് പഴങ്ങൾ ധാരാളമായി ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

​ഗർഭകാലത്ത് പേരയ്ക്ക കഴിക്കാമോ എന്നതിനെ കുറിച്ച് ചിലർക്കെങ്കിലും സംശയമുണ്ടാകും. ഫൈബർ, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പേരയ്ക്ക. ഇത് ആരോഗ്യകരമായ ഗര്‍ഭധാരണം മാത്രമല്ല, ആരോഗ്യകരമായ ഭ്രൂണ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. പേരയ്ക്കയിൽ ധാരാളം ഫോളേറ്റ് അഥവാ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു.

ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്. ഒരു കപ്പ് (165 ഗ്രാം) പേരയ്ക്കയിൽ 20 ശതമാനത്തിലധികം ഫോളേറ്റും 400 ശതമാനം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. 

 

Should You Eat Guava During Pregnancy

 

ഗർഭാവസ്ഥയിൽ സാധാരണ കാണപ്പെടുന്ന വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ പേരയ്ക്ക കഴിക്കുന്നതിലൂടെ അകറ്റാനാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. 165 ഗ്രാം പേരയ്ക്കയിൽ ഒൻപത് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ ആവശ്യത്തിന് ഫൈബർ ശരീരത്തിലെത്തുന്നത് മലബന്ധം തടയാൻ സഹായിക്കും.

​ഗർഭകാലത്ത് ചില ഗർഭിണികൾക്ക് 'പ്രീക്ലാമ്പ്‌സിയ' അനുഭവപ്പെടുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. (രക്തസമ്മർദ്ദം കൂടുന്ന അവസ്ഥയെയാണ് 'പ്രീക്ലാമ്പ്സിയ' എന്ന് പറയുന്നത്. രക്തസമ്മർദ്ദം സാധാരണ നിലയിലായിരുന്ന സ്ത്രീകളിൽ 20 ആഴ്ച കഴിഞ്ഞാകും 'പ്രീക്ലാമ്പ്‌സിയ' ആരംഭിക്കുന്നത്. കാഴ്ച പ്രശ്നങ്ങൾ, തലവേദന, നെഞ്ചുവേദന, ഛർദ്ദി, വയറുവേദന, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.) 

പേരയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന എൻസൈമുകളെ തടയാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം തടയാൻ പേരയ്ക്ക മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് ​വിദ​ഗ്ധർ പറയുന്നു.

ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ...
 

Follow Us:
Download App:
  • android
  • ios