ഇന്ന് നിരവധി സ്ത്രീകളിൽ കണ്ട് വരുന്ന രോ​ഗമാണ് എന്‍ഡോമെട്രിയോസിസ്. ആര്‍ത്തവസമയത്ത് ഗര്‍ഭാശയത്തിന് അകത്തുള്ള നേര്‍ത്ത പാട (എന്‍ഡോമെട്രിയം) രക്തസ്രാവം രൂപത്തില്‍ പുറത്ത് വരികയോ ചില സമയത്ത് ഈ രക്തം അണ്ഡവാഹിനിക്കുഴലിലൂടെ വയറിനകത്ത് കെട്ടിക്കിടക്കുന്നതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്. 

ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ രോഗം 10 ശതമാനം സ്ത്രീകളില്‍ കണ്ടുവരുന്നതായാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. സാധാരണയായി 15 വയസ് മുതല്‍ 45 വയസു വരെയുള്ള സത്രീകളില്‍ കണ്ടുവരുന്ന ഈ അസുഖത്തിന്റെ പ്രധാനലക്ഷണം വയറുവേദനയാണ്. 

ആര്‍ത്തവസമയത്ത് വേദന ഉണ്ടാകാറുണ്ടെങ്കിലും ചില സ്ത്രീകളില്‍ ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പ് വേദന തുടങ്ങി ആര്‍ത്തവദിവസങ്ങളില്‍ ഒരാഴ്ചവരെ നിലനില്‍ക്കുന്നു. ഇതാണ് എന്‍ഡോ മെട്രിയോസിസിന്റെ പ്രധാന ലക്ഷണം. 

കൂടാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴോ അതിന് ശേഷമോ ഉള്ള വേദന, അടിവയറ്റിലോ, മൂത്രമൊഴിക്കുമ്പോഴോ മറ്റോ ഉള്ള വേദന തുടങ്ങി ചില രോഗികളില്‍ വേദന തുടയിലേക്കും ചിലരില്‍ ക്ഷീണവും അനുഭവപ്പെടാറുണ്ട്. ചില സ്ത്രീകളിലും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. ലക്ഷണങ്ങള്‍ നോക്കിയാണ് എന്‍ഡോമെട്രിയോസിസ് കണ്ടെത്തുന്നത്. ചില രോഗികളില്‍ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ കഴിയാതെവരുമ്പോഴാണ് ചികിത്സാ താമസം വരുന്നത്.

 പ്രധാനമായും അള്‍ട്രാസൗണ്ട് സ്‌കാന്‍, എംആര്‍ഐ മുഖേനയാണ് എന്‍ഡോമെട്രിയോസിസ് കണ്ടെത്താവുന്നത്. പലരും തുടക്കത്തിലെ ലക്ഷണങ്ങൾ കണ്ടാലും കാര്യമാക്കാറില്ല. തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിലും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാം. എന്‍ഡോമെട്രിയോസിസ് രോഗത്തിന് പ്രധാനമായും മൂന്ന് തരം ചികിത്സാ രീതികളാണ് ഉള്ളത്. 

ആദ്യമായി വേദനാസംഹാരികള്‍ നല്‍കുകയും രണ്ടാമത് ഹോര്‍മോണ്‍ തെറാപിയും മൂന്നമതായി ശസ്ത്രക്രിയ എന്നിവയുമാണെന്ന് എൻഡോമെട്രിയോസിസ് യുകെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എമ്മ കോക്സ് പറയുന്നു.

ശക്തമായ വയറ് വേദനയോ അമിത ക്ഷീണമോ ഉണ്ടായാൽ നിർബന്ധമായും ഡോക്ടറിനെ കാണുകയാണ് വേണ്ടത്. ഈ രോഗാവസ്ഥയിലുള്ള പകുതിയോളം ആളുകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും  എമ്മ കോക്സ് പറഞ്ഞു. ചില പഠനങ്ങൾ എൻഡോമെട്രിയോസിസും അണ്ഡാശയ അർബുദവും തമ്മിൽ ബന്ധമുണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കണ്ടെത്തലുകൾ നിർണ്ണായകമല്ല.