ശരീരത്തിന്‍റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപ്പസ് രോഗം. രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍  പതുക്കെയാണ്  ഈ രോഗലക്ഷണം പ്രകടമാകുന്നത്. സ്ത്രീകളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നതും.  15 നും 40 ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന ഗൗരവമേറിയ ദീര്‍ഘകാല വാതരോഗം എന്നാണ്  ലൂപ്പസ് രോഗത്തെ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. 

ശരീരത്തിലെ വിവിധ അവയവങ്ങളെ  ഈ രോഗം ബാധിക്കാം. പ്രതിരോധവ്യവസ്ഥയില്‍ ഉണ്ടാകുന്ന ചില തകരാറുകള്‍ മൂലം ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും എതിരായി ആന്റിബോഡി ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രവണതയാണിത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ലക്ഷത്തില്‍ മൂന്നു പേര്‍ക്കാണ് ലൂപ്പസ് രോഗം ബാധിക്കുന്നത്.

ലൂപ്പസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ 

ലക്ഷണങ്ങള്‍ വളരെ സാധാരണമായതു കൊണ്ടുതന്നെ ലൂപ്പസ് രോഗം തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ആറുമാസം വരെ നീണ്ടു നില്‍ക്കാവുന്ന വിട്ടുമാറാത്ത പനി, സന്ധിവേദന,  ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും രോഗലക്ഷണമാണ്.

തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, മറുകുകള്‍, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, വായിലുണ്ടാകുന്ന വ്രണങ്ങള്‍, സന്ധിവേദന, അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപ്പസ് രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 

മുഖത്ത് കവളിലും മൂക്കിലുമായി ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ചുവന്ന പാടുകളും കാണപ്പെടാം. വെയില്‍ അടിക്കുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമായി വരും. ഈ പാടുകള്‍ കുത്തുപോലെയോ വലുതായോ കാണപ്പെടാം. ഇത് ബട്ടര്‍ഫൈ്‌ള റാഷ്, മാലാ റാഷ് എന്ന പേരില്‍ അറിയപ്പെടുന്നു. കൂടാതെ വട്ടത്തിലുള്ള മുടി കൊഴിച്ചില്‍, വായിലും മുക്കിനകത്തുമുള്ള ചെറുവ്രണങ്ങള്‍ തുടങ്ങിയവയും ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.