Asianet News MalayalamAsianet News Malayalam

വൃക്കതകരാർ; ഈ ആറ് ലക്ഷണങ്ങൾ അവഗണിക്കരുതേ...

വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

Signs You May Have Kidney Disease
Author
Trivandrum, First Published Jan 12, 2020, 9:42 AM IST

നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍ നിന്നും പുറന്തള്ളി, ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ നീക്കുകയാണ് അവയുടെ പ്രഥമമായ കര്‍ത്തവ്യം, കൂടാതെ, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ശരീരത്തിലെ ദ്രാവകാംശത്തിന്റെയും ഇലക്‌ട്രോലൈറ്റുകളുടെയും അളവ് നിയന്ത്രിക്കുക എന്നീ നിര്‍ണായകങ്ങളായ ജോലികളും നിര്‍വഹിക്കുന്നത് വൃക്കകളാണ്. 

വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് അഡൾട്ട് ഡോമിനന്റ് പോളിസിസ്റ്റിക് വൃക്കരോഗമാണ്.

വൃക്കതകരാറിലാണെന്നതിന്റെ സൂചനകൾ...

മൂത്രമൊഴിക്കുമ്പോൾ പതയുകയോ നുരയുകയോ ചെയ്യുന്നുണ്ടെങ്കിൽ... 

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

മൂത്രത്തിൽ രക്തം കാണുക...

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

കടുത്ത ക്ഷീണവും ശ്വാസം മുട്ടലും...

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

 മുഖത്തും കാലിലും നീര്...

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

 രുചിയില്ലായ്മയും ദുർഗന്ധവും...

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

വേദന...

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.
 

Follow Us:
Download App:
  • android
  • ios