ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുവാൻ കാലറി ബാലൻസ് അത്യാവശ്യമാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് ശരീരത്തിൽ കാലറി നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. പ്രായം, ലിംഗം, അധ്വാനം, ഭാരം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരാൾക്ക് വേണ്ട കാലറി തീരുമാനിക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഒരാളിന്റെ ബി എം ആർ (അടിസ്ഥാന ഉപാപചയ നിരക്ക്) കുറയും. തൽഫലമായി ആവശ്യമുള്ള കാലറിയുടെ അളവും കുറയും. 

ശാരീരിക അധ്വാനം കൂടിയവർക്ക് കൂടുതൽ കാലറി ഉള്ളിൽ ചെല്ലണം. ഉദാഹരണത്തിന് ഇരുന്നു ജോലി ചെയ്യുന്ന ഒരാൾക്ക് ഒരു ദിവസം അയാളുടെ ശരീരത്തിന്റെ ഓരോ കിലോയ്ക്കും 25—30 കലോറി ആണു വേണ്ടത്. പക്ഷേ, നല്ലതുപോലെ അധ്വാനിക്കുന്നവർക്കു 35—40 കലോറി വേണം. ശരീരത്തിൽ കാലറി കുറഞ്ഞാൽ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാകും പിടിപെടുക. ശരീരത്തിൽ കാലറി കുറഞ്ഞാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ഇതാ.....

ഒന്ന്...

കാലറി കുറഞ്ഞാൽ മലതടസം ഉണ്ടാകാം. സ്ഥിരമായി മലതടസം ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാലറിയുടെ അളവ് കുറവുള്ളതായി വേണം കരുതാൻ. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലതടസം മാറ്റാൻ സഹായിക്കും.

രണ്ട്...

ക്ഷീണം , തളർച്ച എന്നിവ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കാലറിയുടെ കുറവ് കൊണ്ടാണ് ഇവ രണ്ടും ഉണ്ടാകുന്നത്.ഡാൽ, ചെറുപയർ പോലുള്ള ഭക്ഷണങ്ങൾ ക്ഷീണം മാറ്റാൻ സഹായിക്കും. 

മൂന്ന്...

മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ശരീരത്തിൽ കാലറിയുടെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. മുട്ട, നെയ്യ്, വെണ്ണ, പാൽ പോലുള്ളവ ധാരാളം കഴിച്ചാൽ കാലറിയുടെ അളവ് കൂട്ടുകയും മുടികൊഴിച്ചിൽ അകറ്റുകയും ചെയ്യാം.

നാല്...

ശരീരത്തിൽ കാലറിയുടെ അളവ് കുറയുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് വിട്ടുമാറാത്ത ജലദോഷവും തുമ്മലും. വിറ്റാമിൻ, മിനറൽസ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കാലറി കൂട്ടാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

അഞ്ച്....

ഉറക്കക്കുറവ് ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. അതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ് കാലറിയുടെ കുറവ്. രാത്രികാലങ്ങളിൽ ഭക്ഷണം വലിച്ചുവാരി കഴിക്കുന്നതും കാലറിയുടെ അളവ് കുറവാണെന്നതിന്റെ സൂചനയാണ്.