പ്രമേഹരോഗികളെ സംബന്ധിച്ച് ജീവിതശൈലികളില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് കാലം കൂടിയായതോടെ പ്രമേഹമുള്ളവര്‍ പതിവിലധികം ശ്രദ്ധ സ്വയം നല്‍കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. 

ജീവിതശൈലികളില്‍ തന്നെ പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലാണ് പ്രമേഹരോഗികള്‍ കാര്യമായ കരുതല്‍ പുലര്‍ത്തേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, ഭക്ഷണത്തിന്റെ സ്വഭാവം, കഴിക്കുന്ന സമയം തുടങ്ങി പല കാര്യങ്ങളും ഇതില്‍ ശ്രദ്ധിക്കാനുണ്ട്. 

മധുരം, അതുപോലെ കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം അധികമായി അടങ്ങിയ ഭക്ഷണം പരമാവധി മാറ്റിനിര്‍ത്തേണ്ടി വരും. ചിട്ടയായി, സമയത്തിന് ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഭക്ഷണസമയം മാറുന്നത് വളരെ പെട്ടെന്ന് തന്നെ വ്യക്തിയെ ബാധിക്കും. ഏത് ഭക്ഷണമായാലും കഴിക്കുന്ന അളവും പ്രമേഹരോഗികള്‍ ഏറെ കരുതേണ്ടതുണ്ട്. 

ഭക്ഷണത്തിനൊപ്പം തന്നെ നോക്കേണ്ട മറ്റൊരു ഘടകമാണ് വ്യായാമം. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നവര്‍ നിര്‍ബന്ധമായും ശരീരം ആരോഗ്യത്തോടുകൂടി കൊണ്ടുനടക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു വ്യായാമമുറ പങ്കുവയ്ക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചും ന്യീട്രീഷ്യനിസ്റ്റുമായ ലൂക്ക് കുടീഞ്ഞ്യോ. 

ടൈപ്പ്- ടു പ്രമേഹമുള്ളവര്‍ക്ക് പ്രയോജനപ്രദമായ 'ടിപ്' ആണ് ലൂക്ക് പങ്കുവയ്ക്കുന്നത്. ഭക്ഷണം കഴിഞ്ഞ് (ഏത് നേരത്തെ ഭക്ഷണവും ആകാം) 20- മുതല്‍ മുപ്പത് മുപ്പത് മിനുറ്റ് വരെയുള്ള സമയത്തിന് ശേഷം പത്ത്-പതിനഞ്ച് മിനുറ്റ് നേരത്തെ നടപ്പാണ് ലൂക്ക് നിര്‍ദേശിക്കുന്നത്. 

ഫോണില്‍ സംസാരിച്ചുകൊണ്ടോ, പാട്ട് കേട്ടുകൊണ്ടോ, മറ്റെന്തെങ്കിലും ഓഡിയോ കേട്ടുകൊണ്ടോ എല്ലാമാകാം ഈ നടപ്പ്. നടത്തം പൂര്‍ത്തിയാക്കിയ ശേഷം രക്തത്തിലെ ഷുഗര്‍ നില പരിശോധിച്ചുനോക്കണം. വ്യത്യാസം കണ്ടറിയാമെന്നാണ് ലൂക്ക് പറയുന്നത്. വളരെ എളുപ്പത്തില്‍ എവിടെ വച്ചും ചെയ്യാവുന്നൊരു വ്യായാമമാണ് ഇത്. അതിനാല്‍ത്തന്നെ പ്രമേഹരോഗികളെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമായിരിക്കും ഈ 'ടിപ്'. 

 

 

Also Read:- വ്യായാമം ചെയ്യാന്‍ ജിമ്മില്‍ തന്നെ പോകണമെന്നുണ്ടോ? സൈക്ലിംഗ് ചെയ്യുന്ന ജാന്‍വി കപൂര്‍; വീഡിയോ വൈറല്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona