Asianet News MalayalamAsianet News Malayalam

ഉത്കണ്ഠ പ്രശ്‌നമാണോ? പരീക്ഷിക്കാം ഈ നാല് കാര്യങ്ങള്‍...

ഒരുപക്ഷേ വിഷാദത്തെക്കാളധികം വ്യക്തികള്‍ നേരിടുന്ന നിത്യപ്രശ്‌നമാണ് ഉത്കണ്ഠ. ജീവിതത്തെക്കുറിച്ച് ആധികളില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പരിധികളില്ലാതെ ആധികളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ഉത്കണ്ഠ അഥവാ 'ആംഗ്‌സൈറ്റി'

simple hacks to free mind from anxiety
Author
Trivandrum, First Published Jul 14, 2021, 11:46 PM IST

മാനസികാരോഗ്യത്തെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തത് പലപ്പോഴും നമ്മുടെ സമൂഹത്തെ ദോഷകരമായി ബാധിക്കാറുണ്ട്. വിഷാദവും ഉത്കണ്ഠയും പോലുള്ള ഏറ്റവും സാധാരണമായ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് പോലും കാര്യമായ ധാരണയില്ലാത്തവരാണ് അധികപേരും എന്നതാണ് സത്യം. 

ഒരുപക്ഷേ വിഷാദത്തെക്കാളധികം വ്യക്തികള്‍ നേരിടുന്ന നിത്യപ്രശ്‌നമാണ് ഉത്കണ്ഠ. ജീവിതത്തെക്കുറിച്ച് ആധികളില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പരിധികളില്ലാതെ ആധികളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ഉത്കണ്ഠ അഥവാ 'ആംഗ്‌സൈറ്റി'. ചില പരിശീലനങ്ങളിലൂടെ ഒരു പരിധി വരെ ഉത്കണ്ഠ സ്വയം തന്നെ പരിഹരിക്കാനാകും. അതിന് സഹായകമായ നാല് ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഉത്കണ്ഠ അനുഭവിക്കുമ്പോള്‍ ഭയന്നുകൊണ്ട് അതില്‍ നിന്ന് ഓടിയൊളിക്കുകയോ, അതിന് കീഴടങ്ങുകയോ ചെയ്യാതെ അതെക്കുറിച്ച് അല്‍പം പഠിക്കാം. എങ്ങനെയാണ് ഉത്കണ്ഠ വരുന്നത്, എന്തിനെക്കുറിച്ചെല്ലാം ആണ് പ്രധാനമായും ഉത്കണ്ഠ തോന്നുന്നത് തുടങ്ങിയ വ്യക്തിപരമായ സവിശേഷതകള്‍ സ്വയം ഒന്ന് പഠിച്ചെടുക്കാന്‍ ശ്രമിക്കുക. 

 

simple hacks to free mind from anxiety

 

ഈ അറിവ് ഉത്കണ്ഠ അനുഭവിക്കുമ്പോള്‍ തന്നെ അതിനെ മറികടക്കാന്‍ ഒരു പരിധി വരെ സഹായകമാകും. 

രണ്ട്...

കായികാധ്വാനവും ഉത്കണ്ഠയെ പരിഹരിക്കാന്‍ സഹായകമാണ്. പതിവായി വ്യായാമം ചെയ്യുകയോ യോഗ പോലുള്ള പരിശീലനത്തിലേര്‍പ്പെടുകയോ ചെയ്യുന്നത് ഉത്കണ്ഠയെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. വര്‍ക്കൗട്ടിലേര്‍പ്പെടുമ്പോള്‍ 'എന്‍ഡോര്‍ഫിന്‍', 'സെറട്ടോണിന്‍' തുടങ്ങിയ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇവ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. 

മൂന്ന്...

ഭൂതകാലത്തെ മോശം അനുഭവങ്ങളെ കുറിച്ചോര്‍ക്കാനും ഭാവിയുടെ അനിശ്ചിതാവസ്ഥകളെ പറ്റി ഓര്‍ക്കാനും നാം ധാരാളം സമയം ചെലവിടാറുണ്ട്. എന്നാല്‍ ഇന്നിനെ അനുഭവിക്കാനും ആസ്വദിക്കാനും പലപ്പോഴും മറന്നുപോവുകയും ചെയ്യും. പൊതുവേ ഈ രീതി മാനസികമായി അത്ര ആരോഗ്യകരമല്ല. കഴിയുന്നതും ഈ നിമിഷത്തെക്കൂടി ആസ്വദിച്ചുകൊണ്ട് കടന്നുപോകാന്‍ പരിശീലിക്കുക. 'മൈന്‍ഡ്ഫുള്‍നെസ്' ഇത്തരത്തില്‍ പരിശീലിക്കാവുന്ന മാര്‍ഗമാണ്. ഡയറ്റ്, വര്‍ക്കൗട്ട്, ജോലി തുടങ്ങി നിത്യജീവിതത്തില്‍ ഏത് മേഖലയിലും മനസ് അര്‍പ്പിച്ചുകൊണ്ട് ഈ ആസ്വാദ്യകരമായ രീതിയില്‍ മുന്നോട്ടുപോകാവുന്നതാണ്. 

നാല്...

നമ്മുടെ ചിന്തകളെ കുറിച്ച് നമുക്ക് തന്നെ ഏകദേശ ധാരണ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ ഉത്കണ്ഠയെ കൈകാര്യം ചെയ്യാനും നമുക്കാവൂ. 

 

simple hacks to free mind from anxiety

 

ചിന്തകള്‍ നമ്മളെ ഭരിക്കുകയല്ല, മറിച്ച് നമ്മള്‍ ചിന്തകളെ ഭരിക്കുന്ന അന്തരീക്ഷണാണ് ഉണ്ടാകേണ്ടതെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് എന്തെങ്കിലും 'നെഗറ്റീവ്' ആയ ചിന്തകള്‍ നമ്മളില്‍ വരികയാണെങ്കില്‍ അത് 'നെഗറ്റീവ്' ആണെന്ന് സ്വയം ഉറപ്പിക്കാനും അത്രയും അപ്രധാനമായി അതിനെ കണക്കാക്കാനും ബുദ്ധിക്ക് സാധിക്കണം. ഇത്തരം പരീക്ഷണങ്ങളെല്ലാം തീര്‍ച്ചയായും സ്വയം തന്നെ ചെയ്ത് പരിശീലിക്കാവുന്നതേയുള്ളൂ.

Also Read:- മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണോ? എങ്കില്‍ ആരോഗ്യം എളുപ്പത്തില്‍ മെച്ചപ്പെടുത്തൂ...

Follow Us:
Download App:
  • android
  • ios