കാലവര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍ ആരോഗ്യകാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊറോണ കാലം കൂടിയായതിനാല്‍ പ്രതിരോധശേഷിയുടെ കാര്യത്തില്‍  കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഏതു രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്. 

പുതിയ ആരോഗ്യശീലങ്ങൾ പിന്തുടരുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഈ മണ്‍സൂണ്‍ കാലത്ത് പ്രതിരോധശേഷിയെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മഴക്കാലത്ത് ഏറ്റവും എളുപ്പത്തില്‍ പിടിപെടുന്ന ഒന്നാണ് അണുബാധ. ഇതൊഴിവാക്കാന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ആപ്പിള്‍, പഴം, പേരയ്ക്ക, മാതളം, കിവി, നെല്ലിക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  

രണ്ട്....

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തും. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയാഘാതം താരതമ്യേന കുറവായാണ് കാണുന്നത്. ഒപ്പം ഇവ  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

മൂന്ന്...

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. 

നാല്...

പ്രതിരോധശേഷിക്ക് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പാല്‍, മുട്ട, പനീര്‍ ,സോയ, തൈര്, ചീര എന്നിവ  ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്ത ഭക്ഷണം, എരിവ് അധികമായുള്ള ഭക്ഷണം എന്നിവ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഈ സമയത്തെ ആരോഗ്യത്തിന് നല്ലത്. 

ആറ്...

ചൂട് വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത്  നല്ലതാണ്. എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാം. ചൂട് വെളളത്തില്‍ തേനും ഇഞ്ചിയും കുരുമുളകും ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയെ അകറ്റാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.  

Also Read: രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം; അടുക്കളയിലുണ്ട് മൂന്ന് ചേരുവകൾ...