ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയറ് ചാടാൻ‌ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയർ കൂടാനുള്ള കാരണമെന്താണെന്ന് മനസിലാക്കിയാൽ കുടവയർ വളരെ എളുപ്പം കുറയ്ക്കാം. 

 വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ശീലങ്ങളെ കുറിച്ചറിയാം....

ഒന്ന്....

ചില ഭക്ഷണത്തിലൂടെയും ശരിയായ വ്യായാമത്തിലൂടെയും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഫ്ളാക്സ് വിത്തുകൾ, അവാക്കാഡോ, ബ്ലാക്ക്‌ബെറി പോലുള്ള ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും കലോറി ആഗിരണം കുറയ്ക്കാനും സഹായിക്കും.

രണ്ട്...

ട്രാൻസ്‌ ഫാറ്റ്‌ അഥവ കൃത്രിമ കൊഴുപ്പ്‌ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്‌ അടിവയറ്റിൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകും. മദ്യം കഴിക്കുന്നത് കൊഴുപ്പ് കൂടുന്നതിന് കാരണമാകും. അമിതമായ മദ്യപാനം വയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. 

മൂന്ന്...

പ്രോട്ടീൻ ‍അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നു. ഭാരം നിയന്ത്രിക്കുന്നതിന് പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട പോഷകമാണ്. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളായ മത്സ്യം, ബീൻസ്, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. 

നാല്...

ശരീരത്തിലെ കൊഴുപ്പ് കൂടുന്നതിന് മറ്റൊരു കാരണം സ്ട്രെസ് ആണ്. സ്ട്രെസ് ഹോർമോൺ എന്നു അറിയപ്പെടുന്ന കോർട്ടിസോൾ ഉത്പാദിപ്പിക്കാൻ അഡ്രീനൽ ഗ്രന്ഥികളെ പ്രേരിപ്പിക്കുന്നതിലൂടെ സമ്മർദ്ദം വയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം അരയ്ക്ക് ചുറ്റുമുള്ള കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യമെന്ന് വിദ​ഗ്ധർ പറയുന്നു.

അഞ്ച്...

മധുരം നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ ശരീരഭാരം വളരെ എളുപ്പം കുറയുന്നത് കാണാം. പഞ്ചസാരയിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കഴിക്കുമ്പോൾ നിരവധി വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ആറ്....

സ്നാക്സ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. ടിവി കാണുമ്പോൾ പതിവായി എന്തെങ്കിലും സ്നാക്സ് കഴിക്കാറുണ്ടോ. സ്നാക്സ് കഴിക്കുമ്പോൾ അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ, ഫാറ്റി ലിവറിനും കാരണമായേക്കാമെന്നും പഠനങ്ങൾ പറയുന്നു. 

ഏഴ്....

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് അടിവയറ്റിൽ കൊഴുപ്പ് കൂട്ടാം. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും.