ചൈനയിലെ ഹുവായിനില്‍ ഒരാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അറുപതുകാരന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ദേഹം മുഴുവനും അസാധാരണമായ വിധത്തില്‍ കടും മഞ്ഞനിറം കയറിയ അവസ്ഥയിലാണ് മി. ഡൂ എന്ന അറുപതുകാരന്‍

ഏറ്റവും മോശപ്പെട്ട ശീലങ്ങളിലൊന്നാണ് പുകവലിയെന്ന് നമുക്കെല്ലാം അറിയാം. നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കുമാണ് ക്രമേണ പുകവലി നമ്മെയെത്തിക്കുക. ഇത്തരത്തില്‍ പുകവലി മൂലം അറുപതുകാരന് സംഭവിച്ച വിചിത്രമായൊരു അവസ്ഥയെ കുറിച്ചാണ് ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ച. 

ചൈനയിലെ ഹുവായിനില്‍ ഒരാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അറുപതുകാരന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ദേഹം മുഴുവനും അസാധാരണമായ വിധത്തില്‍ കടും മഞ്ഞനിറം കയറിയ അവസ്ഥയിലാണ് മി. ഡൂ എന്ന അറുപതുകാരന്‍. 

കടുത്ത ക്ഷീണവും ശരീരത്തിലെ ഈ നിറം വ്യത്യാസവും കണ്ടതോടെയാണ് ഇദ്ദേഹത്തെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചതത്രേ. പിത്താശയത്തില്‍ ട്യൂമര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മഞ്ഞപ്പിത്തം ബാധിക്കുകയും ട്യൂമര്‍ മൂലം പിത്തം അധികരിക്കുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ മഞ്ഞനിറം പടര്‍ന്നതെന്ന് വൈകാതെ ഡോക്ടര്‍മാര്‍ കണ്ടെത്തി. 

ഇത്തരത്തില്‍ പിത്താശയത്തില്‍ ട്യൂമര്‍ വരാന്‍ കാരണമായത് മുപ്പത് വര്‍ഷത്തെ പുകവലിയും പിന്നെ മദ്യപാനവുമാണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്തായാലും ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ മി. ഡൂ സാധാരണനിലയിലേക്ക് മടങ്ങിവരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

അതേസമയം ഇനിയും പുകവലിയും മദ്യപാനവും തുടര്‍ന്നാല്‍ ഒരുപക്ഷേ രക്ഷപ്പെടുത്താനാകാത്ത വിധം ആരോഗ്യം അവതാളത്തിലാകുമെന്ന് മി. ഡൂവിന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ടത്രേ. പുകവലിയും മദ്യപാനവും എത്തരത്തിലെല്ലാമാണ് നമ്മെ ദോഷകരമായി ബാധിക്കുന്നതെന്ന് കാണിക്കാന്‍ ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടുകയാണ് ഏവരും. ഏറ്റവും മോശപ്പെട്ട ശീലമാണെന്ന് മനസിലാക്കിക്കൊണ്ടും അത് തുടരുന്നത് ആത്മഹത്യാപരമാണെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. 

Also Read:- രൂക്ഷമായ ചെവിവേദന; മൂന്നുവയസുകാരന്‍റെ ചെവിയില്‍ നിന്ന് പുറത്തുവന്ന വസ്തു കണ്ട് അമ്പരന്ന് ഡോക്ടര്‍...