പുകവലിക്കുന്ന ശീലമുള്ളവരെ ശ്രദ്ധിച്ചിട്ടുണ്ടോ? വയറുനിറയെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് ഉടനെയൊന്ന് പുകയ്ക്കണം. ഇനി സ്ഥിരമായി പുകവലിക്കാത്തവരാണെങ്കില്‍ക്കൂടി അവരിലും കാണാറുണ്ട് ഈ പ്രവണത. 

എന്തുകൊണ്ടാണ് നല്ലപോലെ ഭക്ഷണം കഴിച്ച ശേഷം പുകവലിക്കുന്നതില്‍ ഇത്രയധികം രസം ആളുകള്‍ കണ്ടെത്തുന്നത്? 

പുകവലി, അടിസ്ഥാനപരമായി ഒരു ശീലമാണ്. അത് ചെയ്യുമ്പോള്‍ മനസ് അഥവാ തലച്ചോര്‍, സ്വയം തന്നെ നല്ല 'മൂഡ്' ഉണ്ടാക്കിയേക്കാം. അതിനാല്‍ ഇഷ്ടപ്പെടുന്ന ഒരു ശീലത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദം തന്നെയാണ് ഇതിന് പിന്നിലെ പ്രധാന ലഹരിയെന്ന് പറയാം. 

എന്നാല്‍ ഭക്ഷണത്തിന് ശേഷം പുകവലിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷണത്തിന് ശേഷം ഒരു സിഗരറ്റ് വലിച്ചാല്‍ അത് 10 സിഗരറ്റ് വലിച്ചതിന് തുല്യമായി കണക്കാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വലിയ തോതില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇത് ഇടയാക്കുകയത്രേ. പതിവായി ഈ പ്രവണതയിലേക്ക് കടന്നാലോ, ഉദരസംബന്ധമായ പ്രശ്‌നങ്ങളും പതിവാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

'പുകവലിക്കുന്നത് തന്നെ വളരെ മോശം ശീലമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഭക്ഷണശേഷം പുകവലിക്കുന്നത് ഏറ്റവും മോശപ്പെട്ട ശീലമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഒരു സിഗരറ്റിന്റെ ഫലത്തിന് പകരം 10 സിഗരറ്റിന്റെ ഫലം ചെയ്യാനും ഇടയാക്കും...' പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നു. 

അതുപോലെ പുകവലിച്ച ശേഷം വെള്ളം കുടിക്കുന്നതോടെ, ആ പ്രശ്‌നമങ്ങ് പരിഹരിച്ചു എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ വലിക്കുന്നതിന് മുമ്പായി വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത്, ശരീരത്തെ 'അലര്‍ട്ട്' ആക്കാനെങ്കിലും ഇത് ഉപകരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.