പൊടിയുളള സ്ഥലത്ത് പോകുമ്പോഴോ ഒരു പെര്‍ഫ്യൂം അടിക്കുമ്പോഴോ  തുമ്മുന്ന സ്വഭാവമുണ്ടോ? എന്നാല്‍ അത് അലര്‍ജിയാണ്. അലര്‍ജി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ചിലപ്പോള്‍ ചില ഭക്ഷണത്തിന്‍റെയാവാം, മരുന്നുകളുടെ ആകാം, പൊടിയുടെയും ആകാം. പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ് ഇതെന്നും പറയുന്നു. 

പൊടിയുളള സ്ഥലത്ത് പോകുമ്പോഴോ ഒരു പെര്‍ഫ്യൂം അടിക്കുമ്പോഴോ തുമ്മുന്ന സ്വഭാവമുണ്ടോ? എന്നാല്‍ അത് അലര്‍ജിയാണ്. അലര്‍ജി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ചിലപ്പോള്‍ ചില ഭക്ഷണത്തിന്‍റെയാവാം, മരുന്നുകളുടെ ആകാം, പൊടിയുടെയും ആകാം. പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ് ഇതെന്നും പറയുന്നു. എന്നാല്‍ അന്തരീക്ഷമലിനീകരണമാണ് അലര്‍ജിക്കുളള പ്രധാന കാരണമായി പഠനങ്ങള്‍ പറയുന്നത്. ചില ആളുകളിൽ രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലുണ്ടാകാറുണ്ട്. രാവിലെയുള്ള തുമ്മലിനെ ഇന്ന് പലരും നിസാരമായാണ് കാണാറുള്ളത്. ഈ തുമ്മല്‍ ചിലപ്പോള്‍ 15 മിനിറ്റ്‌ വരെ നീണ്ടുനില്‍ക്കും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമുണ്ടാകുകയുമില്ല. 

ലക്ഷണങ്ങള്‍ അനുസരിച്ചാണ് അലര്‍ജിയുടെ ചികിത്സയും. അതേസമയം, നമ്മുടെ അടുക്കളയിലുമുണ്ട് ഇതിന് ചില പ്രതിവിധികള്‍. അതില്‍ ചിലത് നോക്കാം. 

ഏലം

ഏലം അല്ലെങ്കില്‍ ഏലക്ക തുമ്മല്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഏലം വെറുതെ വായില്‍ ഇട്ട് ചവച്ചാല്‍ മതി തുമ്മല്‍ ഒഴിവാക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ, ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. ഏലയ്ക്ക ചായയില്‍ ചേർത്ത് കഴിക്കുന്നതും തുമ്മൽ അകറ്റാൻ നല്ലതാണ്. 

തേൻ

തുമ്മൽ അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ. തേനിൽ ഡക്സ്ട്രോമിത്തോഫൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മൽ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും. രണ്ട് ടീസ്പൂൺ തേനിൽ അൽപം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ ശമിക്കാൻ സഹായിക്കും.

നെല്ലിക്ക 

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉളളതാണ് നെല്ലിക്ക. പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ നെല്ലിക്ക തുമ്മല്‍ അകറ്റാന്‍ നല്ലതാണ്. തുമ്മല്‍ സ്ഥിരമായുള്ളവര്‍ ദിവസവും മൂന്ന് തവണ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

ഇഞ്ചി 

ജലദോഷം, ചുമ എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂർ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നതും തുമ്മൽ അകറ്റാൻ വളരെ നല്ലതാണ്. 

തുളസിയില

ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി കഴിച്ചാൽ ജലദോഷം, ചുമ, എന്നിവ ശമിക്കും

പ്രത്യേകം ശ്രദ്ധിക്കുക, ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവയില്‍ എന്തും പരീക്ഷിക്കാവൂ.