'എപ്പോഴും തലവേദന'; മുപ്പതുകാരിയായ സോഷ്യല്‍ മീഡിയ താരത്തിന്‍റെ മരണം വിവാദത്തില്‍
''തനിക്ക് മൈഗ്രേയ്ൻ (കടുത്ത തലവേദന) ആണ്, ഇത് ഭേദപ്പെടുന്നില്ല എന്നാണ് ജെഹാൻ നിരന്തരം പരാതിപ്പെട്ടിരുന്നത്. രണ്ട് വര്‍ഷമായി ഈ തലവേദന അനുഭവിക്കുന്നു. സ്ട്രെസ് ഉള്ളതുകൊണ്ട് മൈഗ്രേയ്ൻ പിടിപെട്ടതാണെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പിന്നീട് 'മള്‍ട്ടിപ്പിള്‍ സെലറോസിസ്' ആണെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് അതും മാറ്റിപ്പറഞ്ഞു....''

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. പലപ്പോഴും ഇങ്ങനെ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് നാം തന്നെ നിസാരമായ കാരണങ്ങള്‍ കല്‍പിക്കുകയും അതിനെ തള്ളിക്കളയുകയുമാണ് ചെയ്യാറ്. എന്നാല്‍ എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇങ്ങനെ നിസാരവത്കരിച്ച് തള്ളിക്കളയുന്നത് നല്ല പ്രവണതയല്ല.
പല ആരോഗ്യപ്രശ്നങ്ങളും ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായോ ലക്ഷണമായോ എല്ലാം വരുന്നതാകാം. ഇവ സമയബന്ധിതമായി കണ്ടെത്തുകയും പരിഹാരമായി ചികിത്സ തേടുകയും വേണം. ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് ഒരു ടിക് ടോക് താരത്തിന്‍റെ മരണം.
ജെഹാൻ തോമസ് എന്ന മുപ്പതുകാരിയുടെ അപ്രതീക്ഷിത മരണം ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജെഹാന്‍റെ കേസില്‍ പക്ഷേ ജെഹാനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെല്ലാമെതിരെ ഇവരുടെ സുഹൃത്തുക്കളുടെയും ആരാധകരുടെയും രോഷമുയരുന്നുണ്ട്. കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി ജെഹാൻ നിരന്തരം തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചും ചികിത്സകള്‍ക്ക് ഫലം കാണാത്തതിനെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പങ്കുവച്ചിരുന്നു. അപ്പോള്‍ പോലും മരണം സംഭവിക്കാനും മാത്രമുള്ള പ്രശ്നങ്ങള്‍ ഇവര്‍ക്കുള്ളതായി ആരും ചിന്തിച്ചിരുന്നില്ല.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ജെഹാന്‍റെ സുഹൃത്ത് അലിക്സ് ആണ് ഇവരുടെ മരണവിവരം പുറത്തറിയിച്ചിരിക്കുന്നത്. ടിക് ടോകില്‍ 70,000ത്തോളം ഫോളോവേഴ്സുള്ള ജെഹാൻ സുഹൃത്തുക്കള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. രണ്ട് ചെറിയ ആണ്‍കുട്ടികളുടെ അമ്മ കൂടിയാണ് ജെഹാൻ.
തനിക്ക് മൈഗ്രേയ്ൻ (കടുത്ത തലവേദന) ആണ്, ഇത് ഭേദപ്പെടുന്നില്ല എന്നാണ് ജെഹാൻ നിരന്തരം പരാതിപ്പെട്ടിരുന്നത്. രണ്ട് വര്‍ഷമായി ഈ തലവേദന അനുഭവിക്കുന്നു. സ്ട്രെസ് ഉള്ളതുകൊണ്ട് മൈഗ്രേയ്ൻ പിടിപെട്ടതാണെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പിന്നീട് 'മള്‍ട്ടിപ്പിള്‍ സെലറോസിസ്' ആണെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് അതും മാറ്റിപ്പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് 'ഒപ്റ്റിക് ന്യൂറൈറ്റിസ്' എന്നൊരു രോഗമാണെന്ന് അവര്‍ സ്ഥിരീകരിച്ചു. എന്തായാലും വേദന കൊണ്ട് എനിക്ക് നില്‍ക്കാൻ പോലുമാകാത്ത അവസ്ഥയാണുള്ളത്- മാര്‍ച്ച് 5ന് ജെഹാൻ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
ഈ വാക്കുകളില്‍ ജെഹാന്‍റെ കേസില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന സൂചനയാണുള്ളതെന്നാണ് മിക്കവരും ഇപ്പോള്‍ ആരോപിക്കുന്നത്. അസുഖം നേരത്തെ കണ്ടെത്താൻ സാധിച്ചിരുന്നുവെങ്കില്‍ ഫലപ്രദമായ ചികിത്സ നല്‍കുകയോ മരണത്തിലേക്ക് എത്തുന്നതിന് മുമ്പ് തിരിച്ച് പിടിക്കുകയോ ചെയ്യാമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
മാര്‍ച്ച് 11നും ജെഹാൻ സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ അവസ്ഥ മോശമാണെന്ന് കുറിച്ചിരുന്നു. മാര്‍ച്ച് 12ന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയെന്നും എന്നാല്‍ ആശുപത്രിയില്‍ കിടന്നത് കൊണ്ട് തനിക്ക് കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ലെന്നും ജെഹാൻ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. തന്‍റെ വിഷമഘട്ടത്തില്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കുമെല്ലാം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് ശേഷം പിന്നീട് ജെഹാൻ തന്‍റെ പേജിലൂടെ സംസാരിച്ചില്ല. തുടര്‍ന്ന് ഇവരുടെ മരണവിവരമാണ് പുറത്തുവന്നത്.
അത്രയും നാള്‍ ജെഹാന്‍റെ അസുഖം കാര്യമായി എടുക്കാതിരുന്നവര്‍ ഇവരുടെ മരണവിവരം കേട്ട് ഞെട്ടി. ഇവരുടെ പഴയ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ കൂടി വായിച്ചതോടെ പലരും മരണത്തില്‍ അന്വേഷണം നടക്കണമെന്ന് വരെ ആവശ്യപ്പെടുകയാണിപ്പോള്‍.
നാം സ്വയം നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ പോലും ആശുപത്രികളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്ന് വേണ്ട ശ്രദ്ധ കിട്ടിയില്ലെങ്കില്‍ അതെത്രമാത്രം അപകടമുണ്ടാക്കുമെന്നതാണ് ജെഹാന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ പലരും ചര്‍ച്ച ചെയ്യുന്നത്.