ഇന്ത്യയില്‍ കൊവിഡിന്‍റെ ലക്ഷണങ്ങള്‍ കാണുന്നവരെയാണ് പൊതുവേ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഈ പഠനം കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നതാണ്.  44 ശതമാനം ആളുകള്‍ക്കും കൊവിഡ് പകര്‍ന്നത് ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണ് എന്നാണ് ചൈനയില്‍ നിന്നുള്ള ഈ പഠനം പറയുന്നത്. 

'Guangzhou Eighth Peoples' ഹോസ്പിറ്റലിലെ 94 രോഗികളിലാണ് പഠനം നടത്തിയത്. നെച്ചര്‍ മെഡിസിനിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. ഒരാളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുന്‍പ് തന്നെ വൈറസ് മറ്റൊരാളിലേക്ക് പകരുന്നതായാണ് പഠനം പറയുന്നത്.  'Guangzhou Medical' യൂണിവേഴ്സിറ്റി, യൂണിവേഴ്സ്റ്റി ഓഫ് ഹോങ് കോങ് എന്നിവരാണ് പഠനം നടത്തിയത്.

ലക്ഷണങ്ങള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ് ക്വാറന്‍റൈന്‍ ചെയ്യുന്നത്. അതിന് മുന്‍പ് ആളുകളുമായുള്ള ഇടപ്പെടലാണ് രോഗം പകരാന്‍ കാരണമാകുന്നത് എന്നും പഠനം പറയുന്നു. നേരത്തെ നടത്തിയ പഠനങ്ങളിൽ സിംഗപ്പൂരിൽ 48 ശതമാനം പ്രീസിംപ്റ്റോമാറ്റിക് ട്രാൻസ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.  കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഇടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും  കൊറോണ വൈറസ് എത്തിയപ്പോള്‍  പുതുതായി 63 പേർക്ക് ലക്ഷണങ്ങൾ ഇല്ലാതെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രകടമായ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.