ചർമത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്കിൻ കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ. ഒരു പുതിയ പാടോ ഒരു മറുകോ ഒക്കെയാകാം അത്. എന്നാൽ അസ്വഭാവികമായി ഇങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ഒരു ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്ന് ഡോക്ടർ പറയുന്നു.
സ്പാനിഷ് ടിക് ടോക്ക് താരം പട്രീഷ്യ റൈറ്റ് 30-ാം വയസ്സിൽ ത്വക്ക് അർബുദം ബാധിച്ച് അന്തരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ ബന്ധുക്കൾ വിവരം പങ്കുവച്ചത്. പട്രീഷ്യ ഞങ്ങളെ വിട്ടുപോയി. ഈ സമയത്ത് നേരിട്ടോ അല്ലാതെയോ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവൾക്ക് പിന്തുണയും സ്നേഹവും നൽകിയ എല്ലാ ആളുകൾക്കും നന്ദി എന്ന് കുറിച്ച് കൊണ്ട് കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു.
പട്രീഷ്യ റൈറ്റ് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാം പേജുകളിലും ഫാഷനും സൗന്ദര്യവുമായി ബന്ധപ്പെട്ട ഉള്ളടക്കം പതിവായി പോസ്റ്റു ചെയ്‌തിരുന്നു. 3,40,000 ഫോളോവേഴ്‌സാണ് അവർക്ക് ഉണ്ടായിരുന്നത്. സ്പാനിഷ് റിയാലിറ്റി ടിവി ഡേറ്റിംഗ് ഷോയായ "Mujeres y Hombres y Viceversa"യിൽ പട്രീഷ്യ പങ്കെടുത്തിട്ടുണ്ട്. ഏപ്രിൽ 5 ന് ആശുപത്രി കിടക്കയിൽ നിന്ന് പട്രീഷ്യ തന്റെ അവസാന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
തിരക്കേറിയ ആഴ്ച, ഞാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോവുകയാണ്.. നല്ല ഛർദ്ദിയുണ്ട്. ബാത്ത്റൂമിൽ പോകാൻ പോലും പറ്റുന്നില്ല എന്ന് കുറിച്ച് കൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചത്. നാല് വർഷം മുമ്പാണ് പട്രീഷ്യയ്ക്ക് സ്കിൻ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. തുടക്കത്തിൽ ശരീരത്തിൽ ഒരു മറുക് കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കിൻ കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. സ്‌പെയിനിലെ ഹ്യൂൽവയിൽ ജനിച്ച പട്രീഷ്യ വസ്ത്രങ്ങൾക്കും മേക്കപ്പ് ബ്രാൻഡുകളിലും ഉള്ളടക്കം നൽകുകയും ചെയ്തിട്ടുണ്ട്.
ത്വക്കിലെ അർബുദം അഥവാ സ്കിൻ കാൻസർ...
തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ കാൻസർ. ചർമ്മകോശങ്ങളുടെ ക്രമരഹിതമായ വളർച്ച ഉണ്ടാകുമ്പോൾ ഇത് സംഭവിക്കുന്നു. ത്വക്കിലെ അർബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാർസിനോമ, സ്‌ക്വാമസ് സെൽ കാർസിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങളുണ്ട്.
സാധാരണയായി സൂര്യപ്രകാശം ഏൽക്കാത്ത ചർമ്മത്തിന്റെ ഭാഗങ്ങളിലും ഈ അർബുദം ഉണ്ടാകാം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചർമ്മത്തിൽ ക്യാൻസറിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം.
ചർമത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്കിൻ കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ. ഒരു പുതിയ പാടോ ഒരു മറുകോ ഒക്കെയാകാം അത്. എന്നാൽ അസ്വഭാവികമായി ഇങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ഒരു ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്ന് ഡോക്ടർ പറയുന്നു.
ചിലർക്ക് തൊലിപ്പുറത്ത് ചൊറിച്ചിൽ, പുകച്ചിൽ, രക്തം പൊടിയൽ എന്നിവയൊക്കെയാകാം ലക്ഷണം. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാകാം ചിലപ്പോൾ കാൻസർ കോശങ്ങൾ വളരുന്നത് എന്നത് സ്കിൻ കാൻസറിന്റെ പ്രത്യേകതയാണ്. തലയോട്ടിയിലെ ത്വക്കിൽ, കണ്ണിന്റെ പാളികളിൽ , കൈവിരലുകളിൽ, കാൽവിരലുകൾക്കിടയിൽ അങ്ങനെ എവിടെ വേണമെങ്കിലും സ്കിൻ കാൻസർ ഉണ്ടാകാം.
