Asianet News MalayalamAsianet News Malayalam

'സ്‌ട്രെസ്' ബീജത്തിന്റെ 'കൗണ്ട്' കുറയ്ക്കുമോ? പുരുഷന്മാര്‍ അറിയേണ്ടത്...

വന്ധ്യതയെ കുറിച്ച് പല തരത്തിലുള്ള അശാസ്ത്രീയമായ ധാരണകളും ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പുരുഷന്മാരില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടാകില്ല, മറിച്ച് സ്ത്രീയിലേ ഇത് കാണൂ എന്ന കാഴ്ചപ്പാടാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വികലമായ ധാരണയെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു
 

sperm count can be decreased if you have these habits or conditions
Author
Trivandrum, First Published Sep 18, 2021, 8:38 PM IST

ലൈംഗികതയുമായി ബന്ധപ്പെട്ടും പ്രത്യുത്പാദനവുമായി ബന്ധപ്പെട്ടുമെല്ലാം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകളും പുരുഷന്മാരും നേരിടാറുണ്ട്. ഇതിലൊന്നാണ് വന്ധ്യതയും. വന്ധ്യതയെ കുറിച്ച് പല തരത്തിലുള്ള അശാസ്ത്രീയമായ ധാരണകളും ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. 

പുരുഷന്മാരില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടാകില്ല, മറിച്ച് സ്ത്രീയിലേ ഇത് കാണൂ എന്ന കാഴ്ചപ്പാടാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വികലമായ ധാരണയെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളിലെന്ന പോലെ തന്നെ പുരുഷന്മാരിലും വന്ധ്യതയുണ്ടാകാം എന്നതാണ് യാഥാര്‍ത്ഥ്യം.

ബീജത്തിന്റെ എണ്ണം (സ്‌പേം കൗണ്ട്) കുറയുന്നതിനാല്‍ പങ്കാളിക്ക് ഗര്‍ഭധാരണം സാധിക്കാതെ പോകുന്ന സാഹചര്യങ്ങളാണ് ഇതില്‍ പുരുഷന്മാര്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്‌നം. ഒരുപിടി കാരണങ്ങളാണ് ഇത്തരത്തില്‍ കൗണ്ട് കുറയുന്നതിലേക്ക് പുരുഷന്മാരെ എത്തിക്കുന്നത്. അവയില്‍ ഏറ്റവും പ്രാധാന്യമുള്ള കാരണങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം... 

ഒന്ന്...

പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ചില പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയ്ക്കാനിടയാക്കാറുണ്ട്. പുംബീജഗ്രന്ഥി (വൃഷണം) ചുരുങ്ങുക, പുരുഷ ലൈംഗിക ഹോര്‍മോണായ 'ടെസ്‌റ്റോസ്റ്റിറോണ്‍' അളവ് ഗണ്യമായി കുറയുക തുടങ്ങി പല പ്രശ്‌നങ്ങളും ഇത്തരം ദുശ്ശീലങ്ങള്‍ മൂലമുണ്ടാകാം. 

 

sperm count can be decreased if you have these habits or conditions

 

ഇവയെല്ലാം തന്നെ കൗണ്ട് കുറയുന്നതിലേക്ക് നയിക്കുന്നു. 

രണ്ട്...

പലവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് മിക്കവാറും പേരും നിത്യേന കടന്നുപോകുന്നത്. ജോലിസ്ഥലത്ത് നിന്നുള്ള സമ്മര്‍ദ്ദമോ, വീട്ടിലെ പ്രശ്‌നങ്ങളോ എല്ലാം ആവാം ഇത്. ഇത്തരത്തില്‍ കടുത്ത മാനസികസമ്മര്‍ദ്ദങ്ങള്‍ (സ്‌ട്രെസ്) പതിവായി നേരിടുന്നതും ഉറക്കമില്ലായ്മ പോലുള്ള അനുബന്ധ പ്രശ്‌നങ്ങള്‍ പതിവാകുന്നതുമെല്ലാം ബീജത്തിന്റെ കൗണ്ട് കുറയ്ക്കാന്‍ ഇടയാക്കിയേക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

മൂന്ന്... 

മാനസികസമ്മര്‍ദ്ദത്തിനൊപ്പം തന്നെ ചേര്‍ത്തുപറയാവുന്ന മറ്റൊരു പ്രശ്‌നമാണ് വിഷാദം. ഇന്ന് പുരുഷന്മാര്‍ക്കിടയിലും വിഷാദരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഈ മാനസികപ്രയാസങ്ങളും ബീജത്തിന്റെ കൗണ്ട് കുറയുന്നതിലേക്ക് നയിക്കാം. 

നാല്...

അമിതവണ്ണമുള്ളവരില്‍ ആരോഗ്യപരമായ പല വ്യതിയാനങ്ങളും കാണാം. ഇക്കൂട്ടത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഉണ്ടാകാറുണ്ട്. ഇതും കൗണ്ട് കുറയുന്നതിലേക്ക് നയിക്കാം. 

അഞ്ച്...

കാലാവസ്ഥയുമായി ബന്ധപ്പെട്ടും ബീജത്തിന്റെ കൗണ്ട് കുറയാനുള്ള സാധ്യതയുണ്ട്. അമിതമായ ചൂട് ഇതിനുദാഹരണമാണ്. വൃഷണത്തിന് ചുറ്റുമായി എപ്പോഴും അമിതമായി ചൂട് നില്‍ക്കുന്നത് ബീജത്തിന്റെ ഉത്പാദനം കുറയ്ക്കാന്‍ കാരണമായേക്കാം. അതിനാല്‍ തന്നെ അത്യുഷ്ണമുള്ള സമയങ്ങളിലും, അത്തരം കാലാവസ്ഥയുള്ള ഇടങ്ങളിലും വന്ധ്യതയുടെ തോത് കൂടിക്കാണാറുണ്ട്. 

ആറ്...

ചില അസുഖങ്ങളുടെ ഭാഗമായും പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയുന്ന അവസ്ഥയുണ്ടാകാം. 

 

sperm count can be decreased if you have these habits or conditions

 

ഇതിനുദാഹരണമാണ് ടൈപ്പ്- 2 പ്രമേഹം. ഇത് പുരുഷ ലൈംഗിക ഹോര്‍മോണായ 'ടെസ്‌റ്റോസ്റ്റിറോണ്‍' അളവ് കുറയ്ക്കാനിടയാക്കുന്നു. 

ഏഴ്...

ചിലയിനം അണുബാധകളും ബീജത്തിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രധാനമായും വൃഷണത്തെ ബാധിക്കുന്ന അണുബാധകളോ മറ്റ് രോഗങ്ങളോ ആണ് ഇത്തരം സാഹചര്യത്തിലേക്ക് നയിക്കുന്നത്. 

എട്ട്...

ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹചര്യത്തിലോ റേഡിയേഷനിലൂടെ കടന്നുപോയ പുരുഷന്മാരില്‍ ഇക്കാരണം കൊണ്ടും ബീജത്തിന്റെ കൗണ്ട് കുറയാറുണ്ട്. എന്നാലിത് അത്ര സാധാരണമായ ഒരു കാരണമായി വരാറില്ല. 

Also Read:- 'സെക്‌സ് ഡ്രൈവ്' വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios