കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്‍ന്നിട്ടും ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? ഒരല്‍പം പോലും വണ്ണം കുറയുന്നില്ലെന്ന്. വ്യായാമം ആയാലും ഡയറ്റായാലും ഇവയെല്ലാം പ്രത്യക്ഷമായി ശരീരത്തെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ഘടകങ്ങളാണ്. എന്നാല്‍ പ്രത്യക്ഷമായി ശരീരത്തെ ബാധിക്കില്ലെന്ന് നമ്മള്‍ കണക്കാക്കുന്ന ഒരു ഘടകമുണ്ട്. ഒരുപക്ഷേ, എന്ത്് ചെയ്തിട്ടും വണ്ണം കുറയാതിരിക്കുന്നതിന് പിന്നിലെ കാരണം ഇതാകാം. 

മറ്റൊന്നുമല്ല, 'സ്‌ട്രെസ്' അഥവാ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഈ വില്ലന്‍. നമ്മള്‍ വെറുതെ വായിച്ചും പറഞ്ഞും പോകുന്നത് പോലെ അത്ര നിസാരപ്പെട്ട ഒന്നല്ല 'സ്‌ട്രെസ്' എന്നാണ് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നത്. 

്'സ്‌ട്രെസ്' ആദ്യം ബാധിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളേയും ഉറക്കത്തേയുമാണ്. രണ്ടും വളരെയധികം ഗുരുതരമായ അവസ്ഥയിലേക്കെത്തുമ്പോള്‍ മാത്രമായിരിക്കും നമ്മളവയെ തിരിച്ചറിയുന്നതോ മനസിലാക്കുന്നതോ. ഉറക്കത്തിലെ വ്യത്യാസങ്ങളും ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.

അതുപോലെ ചിലരാണെങ്കില്‍ ഡയറ്റ് പിന്തുടരുന്നുണ്ടാകും. എങ്കിലും ചില സമയങ്ങളില്‍ അനിയന്ത്രിതമായി പാക്കറ്റ് ചിപ്‌സോ, അല്ലെങ്കില്‍ ജങ്ക് ഫുഡോ കഴിച്ചുകൊണ്ടിരിക്കും. നിയന്ത്രിതമായ അളവിലേ താന്‍ കഴിക്കുന്നുള്ളൂവെന്ന് അവര്‍ സ്വയം കരുതും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'സ്‌ട്രെസ്' മൂലം നിര്‍ത്താതെ കഴിച്ചുകൊണ്ടിരിക്കുന്ന പ്രവണതയിലേക്കായിരിക്കും അവരെത്തിയിട്ടുണ്ടാവുക. 

ഇക്കാര്യവും തീര്‍ച്ചയായും കരുതേണ്ട ഒന്നാണ്. 'സ്‌ട്രെസ്' അകറ്റാനായി അതിനുവേണ്ടി പ്രത്യേകം വര്‍ക്കൗട്ടുകളോ യോഗയോ ചെയ്യാവുന്നതാണ്. അതുപോലെ 'സ്‌ട്രെസ്' ഉണ്ട് എന്ന് സ്വയം തിരിച്ചറിയുകയും അതിനെ ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം. 

രാവിലെ ഉണരുമ്പോള്‍ത്തന്നെ, പ്രതീക്ഷ നല്‍കുന്ന ചിന്തകള്‍ ഉള്ളില്‍ നിറയ്ക്കാന്‍ ശ്രമിക്കുക. മോശം ചിന്തകളെ പരമാവധി അകറ്റിനിര്‍ത്താനും കഴിയണം. തിരക്കുപിടിച്ച ജീവിതശൈലികളില്‍ 'സ്‌ട്രെസ്' ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ എത്തരത്തിലെല്ലാം മറികടക്കാമെന്ന് സ്വയം അറിഞ്ഞുവയ്ക്കുന്നതിലാണ് വിജയം.