Asianet News MalayalamAsianet News Malayalam

പക്ഷാഘാതം അഥവാ സ്ട്രോക്ക് ചെറുപ്പക്കാരില്‍ വരുമോ?

സ്ട്രോക്ക് അല്‍പം ഗൗരവമുള്ള അവസ്ഥ തന്നെയെന്ന് ആദ്യമേ പറഞ്ഞതുപോലെ മിക്കവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ സ്ട്രോക്ക് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് വിശ്വസിക്കുന്നവരും ഇതുപോലെ ഏറെയാണ്

stroke can affect young people too hyp
Author
First Published Oct 16, 2023, 8:08 PM IST

പക്ഷാഘാതം അഥവാ സ്ട്രോക്കിനെ കുറിച്ച് ഇന്ന് ധാരാളം പേര്‍ക്ക് വ്യക്തമായ അവബോധമുണ്ട്. വളരെയധികം ഗുരുതരമായ, ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണ് ഇത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ പൂര്‍ണ്ണമായോ നിലയ്ക്കുന്ന അവസ്ഥയാണിത്. ഇതോടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം തകരാറിലാവുകയാണ്. 

പല തീവ്രതയിലും സ്ട്രോക്ക് പിടിപെടാം. തീവ്രതയ്ക്ക് അനുസരിച്ച് രോഗി രക്ഷപ്പെടാനും, അതുപോലെ പരിണിതഫലങ്ങള്‍ അനുഭവിക്കാനും, അവയില്‍ നിന്നുകൂടി രക്ഷപ്പെടാനുമെല്ലാമുള്ള സാധ്യതകള്‍ മാറിമറിയുന്നു. ചിലര്‍ സ്ട്രോക്ക് വന്ന് ചികിത്സയ്ക്കൊന്നും സമയം കിട്ടാതെ തന്നെ മരണത്തിന് കീഴടങ്ങാം. ചിലര്‍ക്ക് ജീവൻ തിരികെ ലഭിക്കാമെങ്കിലും ശരീരം തളര്‍ന്ന് ബാക്കി ജീവിതകാലം മുഴുവൻ കട്ടിലിലാവുകയോ, അല്ലെങ്കില്‍ സംസാരിക്കാനോ നടക്കാനോ ഉള്ള കഴിവ് നഷ്ടപ്പെട്ട് പോവുകയോ, മുഖത്തിന്‍റെ ഒരു വശം തളര്‍ന്നുപോവുകയോ എല്ലാം ചെയ്യാം. ഇങ്ങനെയൊന്നുമല്ലാതെ മറ്റ് പ്രശ്നങ്ങളേതുമില്ലാതെ സ്ട്രോക്കില്‍ നിന്ന് രക്ഷപ്പെടുന്നവരുമുണ്ട്. 

എന്തായാലും സ്ട്രോക്ക് അല്‍പം ഗൗരവമുള്ള അവസ്ഥ തന്നെയെന്ന് ആദ്യമേ പറഞ്ഞതുപോലെ മിക്കവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ സ്ട്രോക്ക് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് വിശ്വസിക്കുന്നവരും ഇതുപോലെ ഏറെയാണ്. ചെറുപ്പക്കാരില്‍ സ്ട്രോക്ക് ബാധിക്കില്ല എന്ന ധൈര്യമാണ് ഇവര്‍ക്കെല്ലാം. 

എന്നാലീ ചിന്ത തീര്‍ത്തും തെറ്റാണ്. ചെറുപ്പക്കാരില്‍ മാത്രമല്ല കുട്ടികളില്‍ പോലും സ്ട്രോക്കിനുള്ള സാധ്യതയുണ്ട്. പ്രായമായവരിലാണ് സ്ട്രോക്ക് കൂടുതലും കാണുന്നത് എന്ന് മാത്രം. 

പാരമ്പര്യഘടകം, പരുക്കുകളോ ആഘാതമോ സംഭവിക്കുന്നത്, മോശം ജീവിതരീതി (അനാരോഗ്യകരമായ ഭക്ഷണരീതി, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ) , പുകവലി, മറ്റ് ലഹരി ഉപയോഗം എന്നിങ്ങനെ പല ഘടകങ്ങളും ചെറുപ്പക്കാരില്‍ സ്ട്രോക്ക് സാധ്യത ഉയര്‍ത്തുന്നു. 

ഇത് കൂടാതെ ബിപി (രക്തസമ്മര്‍ദ്ദം), പ്രമേഹം, അമിതവണ്ണം എന്നിങ്ങനെയുള്ള ഘടകങ്ങളും അതുപോലെ തന്നെ സ്ട്രെസ്, ഉത്കണ്ഠ (ആംഗ്സൈറ്റി), വിഷാദരോഗം (ഡിപ്രഷൻ) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമെല്ലാം ചെറുപ്പക്കാരില്‍ സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കുട്ടികളിലാണെങ്കില്‍ അധികവും പാരമ്പര്യം തന്നെ പ്രധാന ഘടകമായി വരുന്നത്. എന്തായാലും സ്ട്രോക്കിന് മുന്നോടിയായി കാണുന്ന ലക്ഷണങ്ങള്‍ മനസിലാക്കുകയും സമയബന്ധിതമായി ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്യുന്നത് വളരെ നല്ലതാണ്. ഇതിന് ആവശ്യമായ അവബോധം നമ്മള്‍ നേരത്തെ തന്നെ ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്. 

Also Read:- പതിവായ കാലുവേദനയും നീരും; ഇത് നിസാരമാക്കി തള്ളിക്കളയല്ലേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios