Asianet News MalayalamAsianet News Malayalam

ക്യാന്‍സര്‍ പ്രതിരോധിക്കാം; കണ്ടെത്തിയാല്‍ തളരാതെ മുന്നേറാം...

ഉപ്പയുടെ കാര്യത്തില്‍, രോഗത്തിന്റെ തീവ്രത കൂടുതലായതുകൊണ്ടുതന്നെ ഒരു അതിജീവന കഥ എനിക്ക് നിങ്ങളോട് പറയാനില്ല. എങ്കിലും ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുന്നതിന് അത് ഒരു നിമിത്തമായി. നിങ്ങള്‍ക്ക് അഹങ്കരിക്കാനും വെറുക്കാനും ജാതിയുടെയും മതത്തിന്റെയും പേരില്‍ തല്ലുകൂടാനും ഒക്കെ തോന്നുന്നുണ്ടെങ്കില്‍ ആ ക്യാന്‍സര്‍ വാര്‍ഡുകളില്‍ കൂടെ ഒന്ന് നടന്നുനോക്കണം

strong mind can resist cancer through treatment
Author
Trivandrum, First Published Feb 4, 2020, 11:18 PM IST

എംബിബിഎസ് പരീക്ഷയൊക്കെ കഴിഞ്ഞു ഹൗസ് സര്‍ജന്‍സി ചെയ്യാനായി കാത്തിരിക്കുന്ന ആ കാലത്തായിരുന്നു എന്റെ ഉപ്പയ്ക്ക് കാന്‍സര്‍ രോഗം നിര്‍ണയിക്കപ്പെടുന്നത്. മജ്ജയെടുത്ത് പരിശോധിച്ച റിപ്പോര്‍ട്ടില്‍ മിഴിച്ചു നോക്കി കണ്ണീര്‍ ഒഴുക്കിയ എന്നെയോര്‍ത്ത് കൊണ്ടാണ് നീണ്ട പത്തു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ഇപ്പുറം  ഈ കുറിപ്പ് എഴുതുന്നത്...

ഒരു സെക്കന്റില്‍ പല-പല കാരണങ്ങളാല്‍ ആയിരക്കണക്കിന് മനുഷ്യജന്മങ്ങള്‍ മരണം പ്രാപിക്കുന്ന ഈ ലോകത്ത്, വളരെയേറെ നമ്മള്‍ പുരോഗമിച്ചുകഴിഞ്ഞു എന്നു സ്വയം തോന്നലുണ്ടാകുന്ന ഈ കാലങ്ങളില്‍  ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ മാത്രം നമുക്ക് ഷോക്കേല്‍ക്കുന്നത് എന്തുകൊണ്ടാണ്? സത്യത്തില്‍ മനുഷ്യരുടെ അതിജീവനസാധ്യതകളെ നാം തന്നെ വിലകുറച്ച് കാണുകയല്ലേ? അതുതന്നെയാണ് ലോക അര്‍ബുദ ദിനം ഫെബ്രുവരി 4, മുന്നോട്ട് വെക്കുന്ന ആശയവും- 'എനിക്ക് പറ്റും, ഉറപ്പായും' എന്നാണാ ആശയം.

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ചിന്തകളില്‍ നിറയുന്നത് എന്താണ്? പണ്ടെന്നോ കണ്ട  കമലഹാസന്‍ സിനിമയിലെ മൂക്കില്‍ രക്തം വന്ന് ക്യാന്‍സറിന് കീഴടങ്ങിയ നായികയുടെ ചിത്രമാണോ? അതോ മുടിയെല്ലാം കൊഴിഞ്ഞ് തലയില്‍ സ്‌കാര്‍ഫ് ധരിച്ചവരുള്ള ഫ്രെയിമുകള്‍ ആണോ?   

എന്നാല്‍ അറിഞ്ഞോളൂ, ക്യാന്‍സര്‍ ഒരു രോഗം മാത്രമല്ല. അതൊരു കൂട്ടം രോഗങ്ങളുടെ ഒരൊറ്റ പേരുവിളി മാത്രമാണ്. ചില കോശങ്ങളുടെ അനിയന്ത്രിയതമായ വളര്‍ച്ചയാണ് ക്യാന്‍സറില്‍ കലാശിക്കുന്നത്. ഇത്തരം കോശങ്ങള്‍ കടിഞ്ഞാണ്‍ ഇല്ലാതെ വിഘടിച്ച് വളര്‍ന്നു കൊണ്ടിരിക്കും. ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ചിലപ്പോള്‍ മുഴയായി പ്രത്യക്ഷപ്പെട്ടേക്കാം. മാത്രമോ, വളര്‍ന്നുപെരുകി മറ്റ് ശരീരഭാഗങ്ങളിലേക്കുളള കയ്യേറ്റവും നടത്താം. സാധാരണ കോശങ്ങളിലെ അര്‍ബുദ ജീനുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉത്തേജിക്കപ്പെടുമ്പോള്‍ കോശങ്ങള്‍ ഇത്തരത്തില്‍ വളര്‍ച്ച നിയന്ത്രിക്കാനാവാതെ പെരുകുന്നു.

ക്യാന്‍സര്‍ വരുന്നത് എങ്ങനെ മനസിലാക്കാന്‍ പറ്റും? 

ഏത് ശരീരഭാഗത്തെയാണ് ബാധിച്ചത് എന്നതിനെ ആശ്രയിച്ച്  ക്യാന്‍സര്‍ ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തീര്‍ത്തും വ്യത്യാസപ്പെട്ടേക്കാം. മൊത്തത്തില്‍ ക്യാന്‍സര്‍ ബാധിച്ച വ്യക്തിക്ക് വിട്ടുമാറാത്ത പനി, ക്ഷീണം, ഭക്ഷണത്തിനോടുള്ള മടുപ്പ്, പെട്ടെന്നുള്ള തുക്കക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടേക്കാം. ചില ക്യാന്‍സറുകള്‍ പെട്ടെന്ന് വലുപ്പം വച്ചുവരുന്ന മുഴകളായും കാണപ്പെട്ടേക്കാം. 

ഇനി സ്ത്രീകളുടെ കാര്യം- ആര്‍ത്തവിരാമം വന്നതിനു ശേഷം  അസാധാരണമായ രക്തസ്രാവമോ, തുള്ളികളായി രക്തം ഉറ്റിപ്പോവുന്നതോ ഗര്‍ഭാശയ/ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ലക്ഷണങ്ങളായേക്കാം. എന്നാല്‍ അണ്ഡാശയത്തിലെ ക്യാന്‍സറുകള്‍ തുടക്കത്തില്‍ പ്രത്യേകതരം ലക്ഷണങ്ങളൊന്നും കാണിച്ചെന്ന് വരില്ല. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന വരണ്ട ചുമയായിട്ടായിരിക്കാം ശ്വാസകോശത്തിലെ ക്യാന്‍സറിന്റെ വരവ്. അന്നനാളം, വയറ് എന്നി ഭാഗങ്ങളി ലെ ക്യാന്‍സറാകട്ടെ തുടക്കത്തില്‍ പ്രത്യേകിച്ചൊരു ലക്ഷണം കാണിച്ചില്ലെങ്കിലും ഭക്ഷണം വേണ്ടായ്ക, ക്ഷീണം തുടങ്ങിയ അവ്യക്തമായ ലക്ഷണങ്ങളില്‍  തുടങ്ങി പിന്നീടങ്ങോട്ട് ഓക്കനവും ചര്‍ദിയും ആയിട്ടായിരിക്കും വരവറിയിക്കുന്നത്. മലമുത്ര വിസര്‍ജന സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വന്‍ കുടിലിലെയോ മുത്രാശയത്തിലേയോ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെയോ കാന്‍സറുകളാകാം. ഒച്ചയിലുണ്ടാവുന്ന വ്യതിയാനങ്ങളും അവഗണിക്കരുത്.

മജ്ജയില്‍ ബാധിക്കുന്ന രക്താര്‍ബുദം, 'മയെലോമ' പോലുള്ളവ പുറത്തേക്ക് മുഴകളായി വളരണം എന്നും ഇല്ല. ദേഹത്തെവിടെയെങ്കിലും വളരെ പെട്ടെന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന മുഴയോ കല്ലിപ്പോ അവഗണിക്കരുത്. പിന്നെയും ഉണ്ട് ചില ലക്ഷണങ്ങള്‍. വായ്ക്കകത്ത് മുട്ടയുടെ പാട ഒട്ടിപിടിച്ച  പോലെ പ്രത്യക്ഷപ്പെടുന്ന വെളുത്തതോ ചുവന്നതോ ആയ പാടുകള്‍, ഉണങ്ങാതെ വലുതായിക്കൊണ്ടിരിക്കുന്ന വ്രണങ്ങള്‍, തൊലിപ്പുറത്ത് സ്വാഭാവിക നിറത്തില്‍ നിന്നും മാറി പെട്ടെന്ന് വ്യാപിക്കുന്ന ഇരുണ്ടതോ കറുത്തതോ ആയ പാടുകള്‍ എന്നിങ്ങനെ പല രൂപങ്ങളില്‍.... ഭാവങ്ങളില്‍.. ക്യാന്‍സര്‍ പ്രത്യക്ഷപ്പെട്ടേക്കാം.

ഇത്രയും വായിച്ച് നിങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടോ എന്ന് സംശയിക്കാന്‍ വരട്ടെ! മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ക്യാന്‍സര്‍ അല്ലാതെ കണ്ടുവരുന്ന ചില രോഗങ്ങളുടെയും ലക്ഷണങ്ങള്‍ കൂടി ആയേക്കാം -അതിനാണ് സാധ്യത കൂടുതല്‍.

അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ ഒക്കെ ഉണ്ടെങ്കില്‍ തന്നെ ക്യാന്‍സര്‍ വരാനുള സാധ്യതകള്‍ വിദൂരം ആണ്. അവനവന്റെ ശരീരത്തിന്റെ ഏറ്റവും വലിയ കാവലാള്‍ അവനവന്‍ തന്നെയാണ്. അതുകൊണ്ട് അസ്വഭാവികമായി എന്തെങ്കിലും തോന്നിയാല്‍ ഡോക്ടറെ ചെന്ന് കാണാന്‍ മടിക്കരുത്.                                                                                

ക്യാന്‍സര്‍ സ്‌ക്രീനിംഗ്...

തുടക്കത്തില്‍ മിക്കവാറും ക്യാന്‍സറുകള്‍  ലക്ഷണങ്ങളൊന്നും കാണിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നേരത്തെ രോഗം കണ്ടുപിടിക്കാന്‍ ഇത്തരം ടെസ്റ്റുകള്‍ സഹായിക്കുന്നു. ഉദാഹരണത്തിന് സ്തനങ്ങളില്‍ മുഴകള്‍ വല്ലതും ഉണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്ക് സ്വയം സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താം. ഉള്ളം കൈ നിവര്‍ത്തിപ്പിടിച് രണ്ടു സ്തനങ്ങളും തൊട്ട്, പരിശോധിച്ച് മുഴകള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താം. 'മാമ്മോഗ്രം' എന്ന സംവിധാനം സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള മറ്റൊരു സ്‌ക്രീനിംഗ് ടെസ്റ്റ് ആണ്. 'പാപ്‌സ്മിയര്‍' ടെസ്റ്റ് ഗര്‍ഭാശയഗള ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്നു.

ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതകള്‍...

ഒന്ന്...

തിയേറ്ററില്‍ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ദ്രാവിഡ് അങ്കിള്‍ 'പുകവലി ഹാനികരം' എന്നും പറഞ്ഞുവരുമ്പോള്‍ വലിയ അലോസരം എന്ന മട്ടില്‍ നാം അത് നോക്കിക്കാണാറുണ്ട്. എങ്കില്‍ അറിഞ്ഞോളൂ, പുകവലി തന്നെയാണ് അന്നും ഇന്നും ക്യാന്‍സര്‍ പിടിപെടാനുള്ള ഏറ്റവും വലിയ 'റിസ്‌ക് ഫാക്ടര്‍'. വലിച്ചുവിടുന്ന പുകയില്‍ ഒന്നും രണ്ടുമല്ല എണ്‍പതോളം ക്യാന്‍സര്‍ വരുത്താന്‍ കഴിവുള്ള പദാര്‍ത്ഥങ്ങള്‍ (carcinogen) ഉണ്ടെന്ന് കുറ്റികള്‍ ഓരോന്നായി വലിച്ചുതള്ളുമ്പോള്‍ നാം ഓര്‍ക്കാറില്ല. മാത്രമല്ല പുകവലിക്കാരന്‍ ചുറ്റുമുള്ള വലിക്കാത്തവന് പോലും ഈ 'റിസ്‌ക്' ഫ്രീ ആയിട്ട് ദാനം ചെയ്യുന്നു. (passive smoking). മുറുക്കുന്ന ശീലവും സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. 

രണ്ട്...

മനുഷ്യരുടെ ജീവിതശൈലി മാറിയതോടെ അമിത വണ്ണവും വ്യായാമം ഇല്ലായ്മയും തൊട്ടടുത്ത റിസ്‌ക് ഫാക്ടര്‍ ആയി മാറിക്കഴിഞ്ഞു. 

മൂന്ന്...

നമ്മുടെ ഇന്നത്തെ ഭക്ഷണശീലങ്ങള്‍ മറ്റൊരു പ്രധാന വില്ലന്‍ ആണെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. ഒട്ടും ബാലന്‍സ്ഡ് അല്ലാത്ത നമ്മുടെ ഭക്ഷണരീതികള്‍. കൊഴുപ്പും അന്നജവും നിറയുന്ന നമ്മുടെ തീന്മേശയിലെ പാത്രങ്ങളിലെ നാരുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കുറവ്, ജങ്ക് /smoked ഭക്ഷണങ്ങളുടെ അമിത ഉപയോഗം, ആഹാരത്തിലെ ആവശ്യത്തിലധികം എരിവും പുളിയും. ഇതൊക്കെയും ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

നാല്...

അമിത മദ്യപാനം മറ്റൊരു പ്രധാന കാരണം. ചില രോഗാണുബാധകള്‍ (Hepatitis-B.H.P.V അണുബാധ).                                                                         

അഞ്ച്...

അണു വികിരണങ്ങളാണ് മറ്റൊരു വില്ലന്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിനൊരു ഉദാഹരണമാണ്.

ആറ്...

പാരമ്പര്യ ഘടകങ്ങളും ചില അര്‍ബുദങ്ങള്‍ക്ക് കാരണമാകാറുണ്ട്.  ഉദാഹരണത്തിന് അണ്ഡാശയ ക്യാന്‍സര്‍, വന്‍കുടലിലെ ക്യാന്‍സര്‍, സ്താനാര്‍ബുദം തുടങ്ങിയവ പാരമ്പര്യമായി പിടിപെടാന്‍ സാധ്യത കൂടുതല്‍ ഉണ്ട്. അങ്ങനെ കുടുംബചരിത്രമുള്ളവര്‍ രോഗലക്ഷണങ്ങളെ പറ്റി അറിഞ്ഞിരിക്കുകയും ഇടക്ക് സ്‌ക്രീനിംഗ് ചെയ്യുകയും ആവാം. 

ഇനി രോഗനിര്‍ണയത്തെക്കുറിച്ച്...

സാധാരണ ചെയ്യുന്ന ചില രക്തപരിശോധനകള്‍ ക്യാന്‍സര്‍ രോഗനിര്‍ണയത്തിലേക്ക് വിരല്‍ ചൂണ്ടാറുണ്ട്. കൂടാതെ വിവിധ തരം സ്‌കാനിങ്ങുകള്‍ (സിടി സ്‌കാന്‍, യുഎസ്ജി തുടങ്ങിയവ), ടൂമര്‍ മാര്‍കെര്‍ ടെസ്റ്റുകള്‍ തുടങ്ങിയവയും ഇതിന് സഹായിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച സ്ഥലത്തെ കോശങ്ങള്‍ പരിശോധിച്ച് ഏത് തരം അര്‍ബുദമാണെന്ന് നിര്‍ണയിക്കാനാണ് ബയോപ്‌സി. ചികിത്സ നിര്‍ണയിക്കുന്നതിലും ബയോപ്‌സി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുഴലിറക്കിയുള്ള പരിശോധനകളും രോഗനിര്‍ണയത്തിന് സഹായിക്കുന്നു. 'ബ്രോങ്കോസ്‌കോപി', 'കൊളണോസ്‌കോപി' എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. 

ക്യാന്‍സറിന് ചികിത്സയുണ്ട്...

ആധുനിക വൈദ്യശാസ്ത്രം ക്യാന്‍സര്‍ ചികിത്സയില്‍ അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രോഗിയുടെ പ്രായം, രോഗം കണ്ടെത്തിയ സ്റ്റേജ്, അര്‍ബുദം ഏതുതരം ആണ്, രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യനില, എല്ലാത്തിലുമുപരി രോഗിയുടേയും കുടുംബത്തിന്റേയും തീരുമാനങ്ങള്‍ എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചാണ് ക്യാന്‍സര്‍ രോഗത്തിന് ചികിത്സ നിര്‍ദേശിക്കപ്പെടുന്നത്. ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് രോഗമുക്തി ലഭിക്കാന്‍ ഏറെ സഹായിക്കുന്നു.

മുഴകളോ, രോഗം ബാധിച്ച ഭാഗങ്ങളോ, അവയവങ്ങളോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. റേഡിയോ തെറാപിയിലൂടെ ക്യാന്‍സര്‍ കോശങ്ങളെ റേഡിയഷന്‍ നല്‍കി നശിപ്പിക്കുന്നു. കീമോ തെറാപിയിലൂടെ മരുന്നുകള്‍ നല്‍കി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ഇമ്മ്യൂണോ തെറാപി, ലേസര്‍ തെറാപി മുതലായ നൂതനമാര്‍ഗങ്ങള്‍ ഈ ചികിത്സാരംഗത്ത് വലിയ തോതില്‍ പ്രത്യാശ തരുന്നുണ്ട്.

ക്യാന്‍സറിന്റെ തരം, വ്യാപ്തി തുടങ്ങി പല ഘടകങ്ങള്‍ പരിഗണിച്ച് ഒന്നോ അതിലധികമോ ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരാറുണ്ട്. ഇങ്ങനെ വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള നല്ലൊരു ടീം വര്‍ക്ക് ആയി മാറിയിട്ടുണ്ട് ഇന്ന് ക്യാന്‍സര്‍ ചികിത്സ.

ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍...

ചില കീമോ മരുന്നുകള്‍ (എല്ലാ മരുന്നുകളും ഇല്ല), അത് എടുക്കുന്ന വ്യക്തിയില്‍ ഓക്കാനം, ഛര്‍ദി, മുടികൊഴിച്ചില്‍ (എല്ലാവരിലും അനുഭവപ്പെടണമെന്നില്ല) എന്നിവ ഉണ്ടാക്കിയേക്കാം. പ്രതിരോധശേഷിക്കുറവ്, അണുബാധ, പുണ്ണ്, കരുവാളിപ്പ് (റേഡിയേഷന്‍ എടുക്കുന്നവരില്‍) എന്നിവയും ഉണ്ടായേക്കാം. എന്നാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ എല്ലാം തന്നെ ചികിത്സയെടുക്കുന്ന കാലത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്നവ മാത്രമാണ്.

രോഗമുക്തിയെ പറ്റിയുള്ള പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ അവിടെ, സാന്ത്വന ചികിത്സ എന്ന ചികിത്സാമാര്‍ഗം സ്വീകരിക്കപ്പെടുന്നു. ഈ ചികിത്സാമാര്‍ഗത്തിന്റെ ലക്ഷ്യം രോഗിയുടെ ബുദ്ധിമുട്ടുകളും വേദനകളും ശമിപ്പിച്ച് ജീവിതനിലവാരം കൂട്ടുക എന്നതാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കാനാകുമോ?

അവനവന് വന്നുപെടും വരെ മറ്റുള്ളവരുടെ അവസ്ഥകള്‍ എല്ലാം നമുക്ക് 'അയ്യോ കഷ്ടായിപ്പോയി' എന്ന വാക്കുകളില്‍ ഒതുക്കാന്‍ പറ്റുന്നവയാണ്. പ്രതിരോധശ്രമങ്ങളില്‍ കൂടി നല്ലൊരു പങ്ക് ക്യാന്‍സറുകള്‍ വരുന്നത് നമുക്ക് തടയാന്‍ പറ്റും എന്നിരിക്കെ നമ്മളെന്തുകൊണ്ടാണ് അവ ജീവിതത്തില്‍ പകര്‍ത്താത്തത്?                                                              

ആദ്യപടിയായി പുകവലി, മദ്യപാനം എന്നിങ്ങനെയുള്ള ലഹരിശീലങ്ങളില്‍ നിന്ന് നമുക്ക് വിട്ടുനില്‍ക്കാം. വ്യായാമത്തിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം. ശരിയായ തൂക്കം നിലനിര്‍ത്താം. ആരോഗ്യകരമായ  ഭക്ഷണരീതി- ആവശ്യത്തിന് പഴങ്ങളും നാരുവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട. പഴങ്ങളും പച്ചക്കറികളും കീടനാശിനികള്‍ കലര്‍ന്ന വിഷം ആണെന്ന് പറഞ്ഞ് ഉപേക്ഷിക്കും മുമ്പ് ഒരു നിമിഷം! നന്നായി വെള്ളത്തിലിട്ടു കഴുകിയെടുത്താല്‍ കീടനാശിനിയുടെ അളവ് ഗണ്യമായി കുറക്കാന്‍ പറ്റും എന്ന് ഭക്ഷ്യവകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്, അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ശീലങ്ങളെ ഒന്ന് മാറ്റിപ്പിടിക്കാം. ജങ്ക് -ഫാസ്റ്റ്- സ്‌മോക്ഡ് ഭക്ഷണങ്ങള്‍ എന്നിവയോടും ഗുഡ്‌ബൈ പറഞ്ഞു പഠിക്കാം. 

ക്യാന്‍സര്‍ രോഗിയോടും കുടുംബത്തോടും...

ക്യാന്‍സര്‍ ചികിത്സ നീണ്ടുനില്‍ക്കുന്നതും ചികിത്സയില്‍ ഉടനീളം ആരോഗ്യനിലയില്‍ വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കേണ്ടതുമാണ്. അത് ഉള്‍ക്കൊള്ളാന്‍ രോഗിയും കുടുംബവും തയ്യാറായാല്‍ തന്നെ ചികിത്സയുടെ ഫലവും കൂടുന്നതായിരിക്കും. രോഗിക്ക് നല്ല രീതിയിലുള്ള മാനസികമായ സപ്പോര്‍ട്ട് നല്‍കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം. ചികിത്സയിലുള്ള വിശ്വാസവും ചികിത്സയില്‍ ഉറച്ചുനില്‍ക്കലും പരമപ്രധാനമാണ്.

സമൂഹമേ ഇതിലെ, ഇതിലെ....

ശാസ്ത്രം മോഹനവാഗ്ദാനങ്ങള്‍ നല്‍കാറില്ല. അതില്‍ കുറുക്കുവഴികളില്ല. ശാസ്ത്രത്തിന്റെ വഴി സത്യത്തിന്റേതാണ്. ചില ഘട്ടങ്ങളിലെങ്കിലും ചില രോഗികളും ബന്ധുക്കളും നിരവധി മോഹനവാഗ്ദാനങ്ങളില്‍ വീണുപോകാറുണ്ട്. അതുകൊണ്ടാണ് ഇന്നും ഈ നാട്ടില്‍ ക്യാന്‍സര്‍ ചികിത്സക്കായി മുള്ളാത്തയുടെ കൂവളത്തിലയ്ക്കും ചക്കക്കുരുവിനും പിറകെ പോകാന്‍ ആളുണ്ടാകുന്നത്. ദൈവം തന്ന ബുദ്ധിയുപയോഗിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യാനും ചതിക്കുഴികളില്‍ വീണുപോകാതിരിക്കാനും ശ്രദ്ധിക്കാന്‍ നമുക്ക് നമ്മളോട് തന്നെ ബാധ്യത ഉണ്ട്.   

രോഗപീഡകളില്‍ കൂടെ കടന്നുപോകുന്ന രോഗിക്ക് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതുകൊണ്ടുതന്നെ അവരോട് സഹതാപം കാണിക്കുന്നത് നിര്‍ത്തിവെച്ച് നമുക്ക് അവരോട് സംസാരിച്ചുതുടങ്ങാം. ഒരു വ്യക്തി എന്ന നിലയില്‍ എന്തൊക്കെ അവര്‍ക്ക് വേണ്ടി ചെയ്തുകൊടുക്കാന്‍ പറ്റുമോ അതൊക്കെയും ചെയ്തുകൊടുക്കാം. ഒറ്റക്കായോ... കൂട്ടായോ...

ഉപ്പയുടെ കാര്യത്തില്‍, രോഗത്തിന്റെ തീവ്രത കൂടുതലായതുകൊണ്ടുതന്നെ ഒരു അതിജീവന കഥ എനിക്ക് നിങ്ങളോട് പറയാനില്ല. എങ്കിലും ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുന്നതിന് അത് ഒരു നിമിത്തമായി. നിങ്ങള്‍ക്ക് അഹങ്കരിക്കാനും വെറുക്കാനും ജാതിയുടെയും മതത്തിന്റെയും പേരില്‍ തല്ലുകൂടാനും ഒക്കെ തോന്നുന്നുണ്ടെങ്കില്‍ ആ ക്യാന്‍സര്‍ വാര്‍ഡുകളില്‍ കൂടെ ഒന്ന് നടന്നുനോക്കണം. ചികിത്സയുടെ ഭാഗമായി ഇന്നും ഞാന്‍ ഒരുപാട് ക്യാന്‍സര്‍ രോഗികളെ കാണാറുണ്ട്. ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലാക്കി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒട്ടനവധി വ്യക്തികള്‍ എനിക്കു ചുറ്റും ഉണ്ട്. ജീവന്റെ വില അറിഞ്ഞ ഒരു തിളക്കം അവരുടെ കണ്ണുകളില്‍ എനിക്ക് കാണാന്‍ പറ്റാറുണ്ട്. 

പക്ഷേ ക്യാന്‍സര്‍ അതിജീവിച്ചവരുടെ ചരിത്രം മാത്രമല്ല. ഇപ്പോഴും ഓര്‍മ്മയുടെ ഫ്രെയിമുകള്‍ നിറക്കുന്ന മരണത്തിലേക്ക് ഇറങ്ങിപ്പോയവരുടെ ചരിത്രം കൂടിയാണത്. മരണത്തിന്റെ ജീര്‍ണതയ്ക്ക് മുമ്പില്‍ പോലും മനുഷ്യജീവിതം അര്‍ത്ഥവത്തായി തീരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തെ പിന്തുടരാന്‍ നമ്മെ പ്രേരിപ്പിച്ച ഡോക്ടര്‍ പോള്‍ കലാനിധി, ന്യൂറോസര്‍ജറിയില്‍ ഉയര്‍ച്ചകള്‍ താണ്ടാനിരിക്കെ ക്യാന്‍സര്‍ വന്ന് മരണത്തിനു കീഴടങ്ങിയ ഡോക്ടര്‍. 'when breath becomes air' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവാണ് കൂടിയായ അദ്ദേഹത്തിന്റെ സ്മരണയില്‍ നിന്നുകൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും പറയാം. 

'ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ബാധ്യതകളുണ്ട്. ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ഞാന്‍ അറിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്താന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ ക്യാന്‍സറിനെ പറ്റി സംസാരിക്കും. എനിക്കാവുന്ന മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും...'

മരണകാരണങ്ങളില്‍ ലോകത്തെ രണ്ടാമനായാണ് ക്യാന്‍സറിന്റെ നില്‍പ്. 9.6 മില്യണ്‍ ആളുകള്‍ ക്യാന്‍സര്‍ വന്നുമരിക്കുന്ന ഈ ലോകത്ത്, മൂന്നിലൊന്ന് ക്യാന്‍സറുകള്‍- അതായത്, ഏകദേശം 3.7 മില്യണ്‍  ക്യാന്‍സറുകളോളം നമുക്ക് പ്രതിരോധിക്കാവുന്നതായിരുന്നു. നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന മരണങ്ങള്‍ വേറെ.  


ലേഖിക: ഡോ. ഹസ്‌നത് സൈബിന്‍
അസിസ്റ്റന്റ് സര്‍ജന്‍, 
സിഎച്ച്സി
ഓമാനൂര്‍,
മലപ്പുറം

 

Follow Us:
Download App:
  • android
  • ios