പരീക്ഷാ വേളയിൽ ഉറങ്ങാതെ പഠിക്കാന്‍ സഹായിക്കുന്ന ഗുളികകൾ കഴിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇന്ന് വർദ്ധിച്ചുവരികയാണെന്ന് ന്യൂറോ സർജൻ ഡോ.ശരദ് ശ്രീവാസ്തവ പറഞ്ഞു.
ദില്ലി: പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ച വിദ്യാർഥി കുഴഞ്ഞുവീണു. ഉത്തർപ്രദേശിലെ ലഖ്നൗവലാണ് സംഭവം. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടി വളരെക്കാലമായി 'ആൻ്റി-സ്ലീപ്പ്' മരുന്ന് കഴിക്കുകയായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. മരുന്നിന്റെ അമിതോപയോഗം കാരണം ഞരമ്പുകൾ വീർക്കാൻ ഇടയാക്കിയെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു വൈകുന്നേരം, പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടിയുടെ മുറിയിലെ ഡ്രോയറിൽ ഒരു കുപ്പി നിറയെ ഗുളികകൾ കണ്ടപ്പോൾ മാതാപിതാക്കൾ അത് ഡോക്ടറെ ഏൽപ്പിച്ചു.
പെൺകുട്ടി ഉറക്കമൊഴിക്കാനുള്ള ഗുളികകൾ കഴിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. പരീക്ഷാ വേളയിൽ ഉറങ്ങാതെ പഠിക്കാന്‍ സഹായിക്കുന്ന ഗുളികകൾ കഴിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇന്ന് വർദ്ധിച്ചുവരികയാണെന്ന് ന്യൂറോ സർജൻ ഡോ.ശരദ് ശ്രീവാസ്തവ പറഞ്ഞു. വളരെ അപകടകരമായ പ്രവണതയാണിത്. ബാങ്കോക്ക് പോലുള്ള നഗരങ്ങളിൽ നിന്നാണ് മരുന്ന് എത്തുന്നത്. ഇത്തരം മരുന്നുകൾക്ക് അപകടകരമായ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Read More... സിഗിരറ്റ് വാങ്ങാനുള്ള പ്രായപരിധി ഉയർത്തി; ഹുക്ക വലിക്കുന്നതിനും നിയന്ത്രണം; പുതിയ നിയമം പാസാക്കി കർണാടക നിയമസഭ
ഓർമ മെച്ചപ്പെടുത്തുമെന്നും ജാഗ്രതയും ബുദ്ധി ശക്തിയും വർദ്ധിപ്പിക്കുമെന്നും പറയപ്പെടുന്ന പ്രൊവിജിൽ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന മൊഡാഫിനിലിൻ്റെ വകഭേദങ്ങളാണിവയെന്ന് മറ്റൊരു ഡോക്ടർ അറിയിച്ചു. ഇത്തരം മരുന്നുകൾക്ക് തുടർച്ചയായി 40 മണിക്കൂറോ അതിൽ കൂടുതലോ ഉണർന്നിരിക്കാനും സുഖകരമായ അനുഭവം നൽകാനും കഴിയുമെന്നും ഡോക്ടർ പറഞ്ഞു. പരീക്ഷാ കാലത്ത് ഉറക്കത്തെ പ്രതിരോധിക്കുന്ന ഗുളികകളുടെ വിൽപ്പന കുതിച്ചുയർന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ക്ഷീണം അകറ്റാൻ എനർജി ഡ്രിങ്കുകളും ഉപയോഗിക്കും.
