കൊവിഡ് 19ന്റെ വരവോട് കൂടി മിക്ക രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും, സമ്പൂര്‍ണ്ണ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. പിന്നീട് ലോക്ഡൗണ്‍ നയങ്ങളില്‍ ഇളവുകള്‍ വന്നെങ്കിലും സാധാരണജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ നമുക്കിനിയും ആയിട്ടില്ല. 

ഇതിനിടെ സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ ഒക്കെ ഒത്തുചേരാനും ആഘോഷങ്ങളില്‍ പങ്കുകൊള്ളാനുമെല്ലാം നാമെല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധിക്കാലത്ത് ഇത്തരം ആഗ്രഹങ്ങളെ യുക്തിപൂര്‍വ്വം, നിയന്ത്രിച്ചുനിര്‍ത്തണമല്ലോ. 

എന്തായാലും ഇത്തരത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നത് പലരിലും പല രീതിയിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കി എന്നതാണ് സത്യം. ഏകാന്തത തീര്‍ക്കുന്ന മടുപ്പും രോഗഭീഷണി ഉയര്‍ത്തുന്ന ആധിയും മറികടക്കാന്‍ എന്താണ് മാര്‍ഗം! 

ഇംഗ്ലണ്ടിലെ 'മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഇതിനൊരു പോംവഴിയും കണ്ടെത്തി. കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണല്ലോ, ആള്‍ക്കൂട്ടത്തിന് നിയന്ത്രണം. എന്നാല്‍ രോഗമുള്ളവര്‍ ഒത്തുചേര്‍ന്നാലോ. കൊവിഡ് 19 പോസിറ്റീവായവര്‍ മാത്രം സുരക്ഷിതമായി ഒരിടത്ത് കൂടുക. 

അതെ, കൊവിഡ് രോഗികള്‍ക്ക് വേണ്ടി മാത്രം ഒരു പാര്‍ട്ടി. അവരത് സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വിവരമറിഞ്ഞെത്തിയ അധികൃതര്‍ പാര്‍ട്ടി നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തലാക്കി. നിലവിലെ സാഹചര്യത്തില്‍ ഈ പാര്‍ട്ടി കൂടുതല്‍ കുഴപ്പങ്ങളേ സൃഷ്ടിക്കൂവെന്ന് അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീതും നല്‍കി. 

അധികൃതരുടെ ഇടപെടലുണ്ടായിരുന്നില്ല എങ്കില്‍ നിയന്ത്രിക്കാനാവാത്ത വിധം വലിയൊരു പാര്‍ട്ടിയായി അത് മാറിയേനെ എന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 'വ്യത്യസ്തമായ പാര്‍ട്ടി'ക്കെതിരെ മാഞ്ചസ്റ്റര്‍ പബ്ലിക് ഹെല്‍ത്ത് വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. 

'ഇപ്പോള്‍ത്തന്നെ മാഞ്ചസ്റ്ററിലെ അവസ്ഥകള്‍ മോശമാണ്. പതിനേഴിനും ഇരുപത്തിയൊന്നിനും ഇടയ്ക്കുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഇത്തരത്തിലുള്ള അപക്വമായ പ്രവര്‍ത്തനങ്ങള്‍ കൂടി നടക്കുന്നത് അവസ്ഥകളെ കൂടുതല്‍ മോശമാക്കും..'- പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡേവിഡ് റീഗന്‍ പറഞ്ഞു.

Also Read:- 'ഈ വര്‍ഷം അവസാനത്തോടെ ഒരു വാക്സിന്‍ എത്തിയേക്കാം'; ലോകാരോഗ്യ സംഘടന...