ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന് മികച്ച 'റിസള്‍ട്ട്' നേടാനാകുന്നുണ്ടെന്ന് അവകാശപ്പെട്ട് പുതിയ പഠനം. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ ഇതില്‍ പഠനം സംഘടിപ്പിച്ചത്. കൊവിഡ് വൈറസിനെതിരായി ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഓക്‌സ്ഫര്‍ഡ് വാക്‌സിന് കഴിയുന്നുണ്ടെന്നാണ് ഇവരുടെ നിഗമനം. 

പരമ്പരാഗതമായി വാക്‌സിന്‍ പ്രവര്‍ത്തിക്കുന്ന രീതിയിലല്ല, ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ വളരെ ശുഭകരമായ ഫലം ആണ് ഇത് നല്‍കിവരുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

'ഒരു വാക്‌സിന്റെ പ്രവര്‍ത്തനരീതി വിലയിരുത്തി ഏറ്റവും കൃത്യമായ നിഗമനത്തിലേക്കെത്തുകയെന്നത് നിലവില്‍ നമുക്ക് സാധ്യമല്ല. അത് സാങ്കേതികതയുടെ പോരായ്കയും ആകാം. പക്ഷേ ഇതുവരെയുള്ള ഫലങ്ങള്‍ നോക്കുമ്പോള്‍ ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ ഗവേഷകലോകം പ്രതീക്ഷിച്ചതിന് അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ തീര്‍ച്ചയായും ഇതൊരു ശുഭവാര്‍ത്തയായി നമുക്ക് കണക്കാക്കാം...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് മാത്യൂസ് പറയുന്നു. 

പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങള്‍ മുതല്‍ തന്നെ മികച്ച ഫലം തന്നെയായിരുന്നു ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇതിനിടെ പരീക്ഷണത്തില്‍ പങ്കാളിയായ ഡോക്ടര്‍ മരിച്ചുവെന്ന വാര്‍ത്ത ബ്രസീലില്‍ നിന്ന് വന്നതോടെ ചില വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇദ്ദേഹം വാക്‌സിന്‍ കുത്തിവയ്ക്കപ്പെട്ടവരില്‍ പെടില്ലെന്നും കൊവിഡ് 19 മൂലമാണ് മരിച്ചതെന്നും പിന്നീട് ബ്രസീലിലെ ആരോഗ്യ വകുപ്പ് വിശദമാക്കുകയും ചെയ്തു.

Also Read:- വാക്‌സിന്‍ പരീക്ഷണത്തിനിടെ ഡോക്ടര്‍ മരിച്ചു; പരീക്ഷണം തുടരാന്‍ തീരുമാനം...