Asianet News MalayalamAsianet News Malayalam

'ഇന്ത്യക്കാരില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന ഒരു കാരണം'; പഠനം

'ഹോമോസിസ്റ്റിൻ' എന്ന അമിനോ ആസിഡിന്‍റെ അളവ് രക്തത്തില്‍ കൂടുന്നത് ഹൃദയാഘാത സാധ്യത ഉണ്ടാക്കുന്നുവെന്നും ഇന്ത്യക്കാരില്‍ പഠനം നടത്തിയപ്പോള്‍ ഇത്തരത്തില്‍ 66 ശതമാനത്തിലധികം ആളുകളില്‍ ഹൃദയാഘാത സാധ്യത കൂടുതലായി കണ്ടുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

study explains one reason for increased heart attack rate among indians hyp
Author
First Published Apr 1, 2023, 10:11 PM IST

ഹൃദയാഘാതമെന്നത് എപ്പോഴും ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നൊരു ആരോഗ്യപ്രതിസന്ധി തന്നെയാണ്. പലപ്പോഴും സമയബന്ധിതമായി ഇത് തിരിച്ചരിഞ്ഞ് പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്തത് മരണനിരക്കും വര്‍ധിപ്പിക്കാറുണ്ട്. പല പഠനങ്ങളും സൂചിപ്പിക്കുന്നത് പ്രകാരം ഇന്ത്യയില്‍ ഹൃദയാഘാത കേസുകള്‍ കൂടുകയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. 'ഹോമോസിസ്റ്റിൻ' എന്ന അമിനോ ആസിഡിന്‍റെ അളവ് രക്തത്തില്‍ കൂടുന്നത് ഹൃദയാഘാത സാധ്യത ഉണ്ടാക്കുന്നുവെന്നും ഇന്ത്യക്കാരില്‍ പഠനം നടത്തിയപ്പോള്‍ ഇത്തരത്തില്‍ 66 ശതമാനത്തിലധികം ആളുകളില്‍ ഹൃദയാഘാത സാധ്യത കൂടുതലായി കണ്ടുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

'Tata 1mg Labs'ആണ് റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുന്നത്. 'ഹോമോസിസ്റ്റിൻ' കൂടുമ്പോള്‍ അത് രക്തം കട്ട പിടിക്കുന്നതിലേക്കും, ഹൃദയാഘാതത്തിലേക്കും, പക്ഷാഘാതത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കാമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

'ഹോമോസിസ്റ്റിൻ' കൂടുന്നുവെന്നാല്‍ വൈറ്റമിൻ-ബി 12, വൈറ്റമിൻ ബി-6, വൈറ്റമിൻ ബി-9 (ഫോളിക് ആസിഡ്, ഫോളേറ്റ്) എന്നിവയെല്ലാം കുറയുകയാണ് ചെയ്യുന്നത്. ഇവയെല്ലാം തന്നെ നമുക്ക് അവശ്യം വേണ്ടുന്ന വൈറ്റമിനുകളാണ്. ഈ പ്രശ്നം പക്ഷേ ഭക്ഷണത്തിലൂടെയും സപ്ലിമെന്‍റ്സിലൂടെയുമെല്ലാം പരിഹരിച്ച് കൊണ്ടുവരാൻ സാധിക്കുന്നതാണ്. 

എന്നാലിത് തിരിച്ചറിയുകയെന്നതാണ് വെല്ലുവിളി. വൈറ്റമിൻ-ബി കുറയുമ്പോള്‍ എന്തെല്ലാം ലക്ഷണങ്ങളാണ് നമ്മളില്‍ കാണുക- അതുതന്നെയാണ് ഈ അവസ്ഥയുടെ സൂചനയായും പ്രകടമാവുക. തളര്‍ച്ച, തലകറക്കം, വായ്പുണ്ണ്, കൈകാലുകളില്‍ കുത്തുന്നത് പോലെയൊരു അനുഭവം എപ്പോഴുമുണ്ടാകുന്നത്, ചര്‍മ്മം വിളറുന്നത്, ശ്വാസതടസം, മൂഡ് ഡിസോര്‍ഡര്‍ ( മാനസികാവസ്ഥ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥ) എന്നിവയെല്ലാമാണ് കാര്യമായും കാണാവുന്ന ലക്ഷണങ്ങള്‍.

ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ തീര്‍ച്ചയായും ഫിസീഷ്യനെ കണ്ട് വൈറ്റമിൻ- ബി കുറവുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. ഡയറ്റ് മാറ്റം മാത്രമല്ല, പുകവലിക്കുന്നവരാണെങ്കില്‍ ഇത് നിര്‍ത്തുന്നത് അടക്കമുള്ള ലൈഫ്സ്റ്റൈല്‍ മാറ്റങ്ങളും ഇതിനോടനുബന്ധമായി കൊണ്ടുവരേണ്ടി വരാം.

Also Read:- അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമോ? അറിയാം...

 

Follow Us:
Download App:
  • android
  • ios