കൊവിഡ് 19 എന്ന മഹാമാരി മൂലം ലോകത്തൊട്ടാകെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇനിയും ലക്ഷങ്ങള്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ശ്വാസകോശത്തെയാണ് പ്രധാനമായും കൊവിഡ് ബാധിക്കുന്നതെങ്കില്‍ കൂടിയും രോഗം ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നതും, ജീവനെടുക്കുന്ന സാഹചര്യത്തിലേക്ക് വരെയെത്തുന്നതും എത്തരത്തിലെല്ലാമാണെന്ന് പ്രവചിക്കുക സാധ്യമല്ല. 

കൊവിഡ് ബാധിച്ച് ആരോഗ്യാവസ്ഥ മോശമായി മരിക്കുന്നവര്‍ക്ക് പുറമെ രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം പോലും മരിക്കുന്നവരുടെ എണ്ണവും കുറവല്ല. ശ്വാസകോശത്തിന് പുറമെ ഹൃദയം, വൃക്ക, കരള്‍ എന്നിങ്ങനെയുള്ള ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയെല്ലാം കൊവിഡ് ബാധിച്ചേക്കാം. ഇങ്ങനെ ഏത് വഴിയുമാകാം ഒരാളുടെ ആരോഗ്യാവസ്ഥ മോശമാകുന്നതും അയാള്‍ മരണം വരെയെത്തുന്നതും. 

ഇത്തരത്തില്‍ കൊവിഡ് രോഗം പിടിപെട്ട്, അത് മാറിയ ശേഷവും നിശ്ചിത ശതമാനം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് പുറത്തുവന്നത്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് കൊവിഡിന് ശേഷമുള്ള ആരോഗ്യാവസ്ഥകളെ കുറിച്ച് പഠനം നടന്നത്.

 

 

ആകെ 1600ലധികം പേരുടെ കേസുകളാണ് ഗവേഷക സംഘം പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ ഏഴ് ശതമാനം പേര്‍ കൊവിഡ് ഭേദമായ ശേഷം രണ്ട് മാസത്തിനകം രോഗത്തിന്റെ തുടര്‍ച്ചയായി സംഭവിച്ച പ്രശ്‌നങ്ങള്‍ മൂലം മരിച്ചവരാണ്. ബാക്കി വരുന്നവരില്‍ 15 ശതമാനം പേര്‍ ഇതേ പ്രശ്‌നങ്ങളാല്‍ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 

പ്രധാനമായും ശ്വാസതടസമാണ് കൊവിഡിന് ശേഷം ആളുകള്‍ നേരിടുന്നൊരു ആരോഗ്യപ്രശ്‌നം. പടികള്‍ കയറാന്‍ കഴിയാതെ പോകുന്ന അവസ്ഥ, നടക്കാന്‍ കഴിയാത്ത അവസ്ഥ, വ്യായാമമോ മറ്റ് ജോലികളോ ചെയ്യാന്‍ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഇതുമൂലം സംഭവിക്കുന്നു. തുടര്‍ച്ചയായി ശ്വാസതടസം നേരിടുന്നത് ക്രമേണ മറ്റ് പല തരത്തിലും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. 

പഠനത്തില്‍ പങ്കെടുത്തവരില്‍ നാല്‍പത് ശതമാനത്തിലധികം ആളുകള്‍ പറഞ്ഞത് രോഗം ഭേദമായി രണ്ട് മാസം കഴിഞ്ഞിട്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു. ഇതില്‍ 12 ശതമാനത്തിന് അടിസ്ഥാനകാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായ സാഹചര്യമാണ് വന്നത്. 

 

 

'കൊവിഡ് രോഗം വന്ന് ഭേദമായിക്കഴിഞ്ഞാലും ഏറെക്കാലം അതിന്റെ ബാധ്യതകളുമായി ജീവിക്കേണ്ടിവരുമെന്നും, മരണസാധ്യത പോലും കണക്കാക്കേണ്ടിവരുമെന്നുമാണ് ഈ കണക്കുകള്‍ നമ്മളോട് സംവദിക്കുന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വേറെയും...'- പഠനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഗവേഷകന്‍ വിനീത് ചോപ്ര പറയുന്നു.  

കൊവിഡിന് ശേഷവും ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ ഏറെക്കാലം നീണ്ടുനില്‍ക്കുമെന്ന തരത്തില്‍ നേരത്തേയും ചില പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവയെല്ലാം തന്നെ രോഗത്തിന്റെ തീവ്രതയെ നമ്മളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. രോഗവ്യാപനത്തെ ചെറുക്കാനും സ്വയം സുരക്ഷിതരാകാനും പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കാനും ഇത്തരം വിവരങ്ങള്‍ പ്രയോജനപ്പെട്ടേക്കാം. ഒപ്പം തന്നെ രോഗബാധിതരായവര്‍ മാനിസകമായി തളര്‍ന്നുപോകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. വിദൂരമായ അപകടസാധ്യതകള്‍ മാത്രമാണിതെന്നും അവയെക്കുറിച്ച് തന്നെ ചിന്തിച്ച് ഉത്കണ്ഠപ്പെടാതെ ലഭ്യമായ ചികിത്സയോട് സഹകരിച്ച് ആത്മവിശ്വാസത്തോടെ രോഗത്തെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയേണ്ടതുണ്ട്. അത്തരത്തില്‍ ഏറെപ്പേര്‍ കൊവിഡിനെ അതിജീവിച്ച രാജ്യം കൂടിയാണ് നമ്മുടേത് എന്ന കാര്യവും ഇക്കൂട്ടത്തില്‍ പ്രതീക്ഷയോടെ ഓര്‍ക്കാം. 

Also Read:- 'മീന്‍ പാക്കറ്റില്‍ കൊറോണ വൈറസ് സാന്നിധ്യം'; ഇറക്കുമതി നിർത്തിവച്ച് ചൈന...