ഞാന്‍ അധികമൊന്നും കുടിക്കാറില്ല, എന്നും ഓരോ പെഗ്- അത്രയേ ഉള്ളൂ എന്നെല്ലാം അവകാശപ്പെടുന്നവരെ കണ്ടിട്ടില്ലേ? എന്നും രണ്ട് ഡ്രിങ്കില്‍ കൂടിയാല്‍ മാത്രമേ അസുഖങ്ങളെച്ചൊല്ലി പേടിക്കേണ്ടതുള്ളൂ എന്ന് വാദിക്കുന്നവര്‍. അവര്‍ അറിയാനിതാ ജപ്പാനില്‍ നിന്ന് പുതിയൊരു പഠനത്തിന്റെ റിപ്പോര്‍ട്ട്. 

അതായത് അളവിലധികം മദ്യപിക്കുന്നതാണ് ആരോഗ്യം നശിപ്പിക്കുകയെന്നും അസുഖങ്ങള്‍ വിളിച്ചുവരുത്തുകയെന്നുമുള്ള നമ്മുടെ സങ്കല്‍പം തെറ്റാണെന്നും, മറിച്ച് ഒരു പെഗ് മാത്രം പതിവാക്കിയവരും വന്‍ 'റിസ്‌ക്' ആണ് ജീവിതത്തില്‍ ഏറ്റെടുക്കുന്നതെന്നുമാണ് പഠനം പറയുന്നത്.

ടോക്കിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ജപ്പാനില്‍ ഏറ്റവുമധികം മരണം രേഖപ്പെടുത്തുന്നത് ക്യാന്‍സര്‍ മൂലമാണ്. അതേസമയം മദ്യപാനം മൂലം ക്യാന്‍സര്‍ പിടിപെടാനുള്ള വലിയ സാധ്യതകളെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും വിശകലനങ്ങളും നടക്കാത്തത് നിരാശയുണ്ടാക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

മദ്യപാനം മിതമായ അളവിലാണെങ്കിലും അതുവഴി ക്യാന്‍സറുണ്ടാകാനുള്ള സാധ്യത, സാധാരണ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതകളേക്കാള്‍ എത്രയോ കൂടുതലാണെന്നാണ് പഠനം നിരീക്ഷിക്കുന്നത്. മദ്യപാനം മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസം, പ്രായം, ജോലിയുടെ സ്വഭാവം, വ്യായാമം, ഡയറ്റ്, പുകവലി- ഇങ്ങനെ പല ഘടകങ്ങള്‍ കൂടി ഇക്കാര്യത്തില്‍ പ്രധാനമാണെന്നും പഠനം സൂചിപ്പിക്കുന്നു. 

മലാശയം, ആമാശയം, നെഞ്ച്/സ്തനം, പ്രോസ്‌റ്റേറ്റ്, അന്നനാളം എന്നിങ്ങനെയുള്ള അവയവങ്ങളെയാണ് മദ്യപാനം മൂലമുണ്ടാകുന്ന ക്യാന്‍സര്‍ എളുപ്പത്തില്‍ പിടികൂടുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് അറുപതിനായിരത്തിലധികം കേസ് സ്റ്റഡികളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്.