കൊവിഡ് മുക്തി നേടിയവരില്‍ പകുതി പേരിലും അടുത്ത ആറ് മാസക്കാലത്തേക്കോ അതിലധികമോ കൊവിഡാനന്തര പ്രശ്‌നങ്ങള്‍ കണ്ടേക്കാമെന്നാണ് പഠനറിപ്പോര്‍ട്ട്. അതായത് കൊവിഡ് മുക്തരില്‍ രണ്ട് പേരിലൊരാള്‍ക്ക് എന്ന നിലയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നു എന്ന് സാരം

കൊവിഡ് 19 മഹാമാരിയില്‍ ( Covid Pandemic) നിന്ന് മുക്തി നേടിയാലും വീണ്ടും ആഴ്ചകളോളവും മാസങ്ങളോളവും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. കൊവിഡ് ലക്ഷണമായി തന്നെ വരുന്ന ( Covid Symptoms ) ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് മിക്കവരിലും തുടര്‍ന്നും കാണുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ആന്തരീകാവയവങ്ങളെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ നേരിടുന്നവരും ഉണ്ട്. 

എന്തായാലും കൊവിഡിന് ശേഷവും നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ അഥവാ 'ലോംഗ് കൊവിഡ്' ഇപ്പോഴും വലിയ രീതിയിലാണ് ആശങ്ക പടര്‍ത്തുന്നത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ യുഎസില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ബൃഹത്തായ ഈ പഠനം നടത്തിയിരിക്കുന്നത്. 

കൊവിഡ് മുക്തി നേടിയവരില്‍ പകുതി പേരിലും അടുത്ത ആറ് മാസക്കാലത്തേക്കോ അതിലധികമോ കൊവിഡാനന്തര പ്രശ്‌നങ്ങള്‍ കണ്ടേക്കാമെന്നാണ് പഠനറിപ്പോര്‍ട്ട്. അതായത് കൊവിഡ് മുക്തരില്‍ രണ്ട് പേരിലൊരാള്‍ക്ക് എന്ന നിലയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നു എന്ന് സാരം. 

അസഹനീയമായ തളര്‍ച്ച, ശ്വാസതടസം, നെഞ്ചുവേദന, സന്ധിവേദന, രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ചിലരില്‍ ശരീരഭാരം കുറയുന്ന സാഹചര്യം, ഇടയ്ക്ക് പനി, ശരീരവേദന എന്നിങ്ങനെയും കാണാമത്രേ. കൊവിഡ് മുക്തി നേടിയ അഞ്ചിലൊരാള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നാണ് പഠനം പറയുന്നത്. 

പത്തില്‍ ആറ് പേര്‍ക്ക് എന്ന നിലയില്‍ ശ്വാസതടസവും നെഞ്ചുവേദനയും കാണാം. ഇവരില്‍ നെഞ്ചിടിപ്പ് അസാധാരണമായി അനുഭവപ്പെടുകയും ചെയ്യാം. അഞ്ച് പേരിലൊരാള്‍ക്ക് ചര്‍മ്മപ്രശ്‌നങ്ങളും മുടികൊഴിച്ചിലുമുണ്ടാകാം. 

വിശപ്പില്ലായ്മ, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങളും ചിലരില്‍ കൊവിഡാനന്തരം കണ്ടേക്കാമെന്ന് പഠനം സൂചിപ്പിക്കുന്നു. 'ലോംഗ് കൊവിഡ്' നേരിടുന്നവര്‍ ശരീരത്തിനോ മനസിനോ സമ്മര്‍ദ്ദം നല്‍കുന്ന ജോലികളില്‍ ഏര്‍പ്പെടാതെ, പതിയെ ആരോഗ്യത്തെ വീണ്ടെടുക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ചെറിയ വ്യായാമങ്ങളും യോഗ പോലുള്ള ശീലങ്ങളും ഇതിന് മികച്ച ഡയറ്റും ഉറക്കവും ഇതിന് സഹായകമാകുമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 

Also Read: - 'കൊവിഡ് ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കാനും ആന്റിബോഡി ഇന്‍ജെക്ഷന്‍'!