നമ്മുടെ വയറ്റിനകത്ത്, അതായത് കുടലിനുള്ളിലായി ബാക്ടീരിയകള്‍ പോലുള്ള സൂക്ഷമജീവികളുടെ ഒരു സമൂഹം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇവ നമ്മുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയുമെല്ലാം ഒരുപോലെ സ്വാധീനിക്കുന്നുമുണ്ട്

പ്രായമാകുന്നതിന് അനുസരിച്ച് ( Ageing ) ശാരീരികമായി പല മാറ്റങ്ങളും നമ്മളില്‍ വന്നുചേരാറുണ്ട്. ചര്‍മ്മത്തില്‍ തുടങ്ങി ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരെ ഇതിന് അനുസൃതമായ മാറ്റങ്ങള്‍ വരാറുണ്ട്. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലുള്ള 'സെഡ്രാസ് സിനായി മെഡിക്കല്‍ സെന്ററി'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. 

നമ്മുടെ വയറ്റിനകത്ത്, അതായത് കുടലിനുള്ളിലായി ബാക്ടീരിയകള്‍ പോലുള്ള സൂക്ഷമജീവികളുടെ ഒരു സമൂഹം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇവ നമ്മുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയുമെല്ലാം ഒരുപോലെ സ്വാധീനിക്കുന്നുമുണ്ട്. 

ഈ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥ തെറ്റുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. ഇത്തരത്തില്‍ വരാവുന്ന അസുഖങ്ങളെ കുറിച്ചും എങ്ങനെയാണ് ഇവയുടെ സന്തുലിതാവസ്ഥ തെറ്റുന്നത് എന്നതിനെ കുറിച്ചുമായിരുന്നു പഠനം. 


ചിലര്‍ക്ക് ചില അസുഖങ്ങളുടെ ഭാഗമായോ, മരുന്നുകള്‍ കഴിക്കുന്നതിന്റെ ഭാഗമായോ, അതല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദങ്ങളുടെ ഭാഗമായോ എല്ലാം ഇത് സംഭവിക്കാം. എന്നാല്‍ പ്രായത്തിന് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ടെന്നാണ് പഠനം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. 

പ്രായം കൂടുന്നതിന് അനുസരിച്ച് വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹങ്ങളുടെ നിലനില്‍പിലും ഘടനയിലുമെല്ലാം വ്യത്യാസം വരുന്നു. ഇത് ക്രമേണ ആരോഗ്യത്തെയും സ്വാധീനിച്ചുവരുന്നു. മുന്‍കാലങ്ങളില്‍ ഈ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ഗവേഷക ലോകത്തില്‍ നിന്ന് തന്നെ ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പ്രാധാന്യം കൂടുതല്‍ പേര്‍ മനസിലാക്കി വരികയാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. 

'ആരോഗ്യത്തോടെ വാര്‍ധക്യത്തിലേക്ക് കടക്കാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന കാലമാണിത്. അത്തരത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ കുടലിനകത്തുണ്ടാകുന്ന വ്യത്യാസങ്ങളും മനസിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കൂടി ഒപ്പം കരുതേണ്ടതുണ്ട്. അതിന് സഹായകമാകുന്ന നിരീക്ഷണങ്ങളാണ് ഞങ്ങള്‍ ഈ പഠനത്തിലൂടെ പങ്കുവയ്ക്കുന്നത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. രുചി മാഥുര്‍ പറയുന്നു. 

18 മുതല്‍ 80 വയസ് വരെ പ്രായം വരുന്നവരിലാണ് പഠനം നടത്തിയിരിക്കുന്നത്. ജീവിതശൈലിയിലൂടെ തന്നെ ഈ പ്രശ്‌നത്തെ അതിജീവിക്കാന്‍ സാധ്യമാണെന്നും എങ്കില്‍ ആരോഗ്യത്തോടെ വാര്‍ധക്യത്തിലേക്ക് കടക്കാമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...