ആന്റിബോഡികള്‍ വൈറസുമായി ഒട്ടിച്ചേര്‍ന്നാണ് ശരീരത്തിലേക്കുള്ള പ്രവേശനം തടയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആന്റിബോഡികള്‍ക്ക് വൈറസിനോട് പൂര്‍ണ്ണമായി ചേര്‍ന്നുനില്‍ക്കണമെങ്കില്‍ ഇവ രണ്ടും തമ്മിലുള്ള ഘടന ചേര്‍ന്നുപോകണം. അല്ലാത്ത പക്ഷം ഈ ശ്രമം വിഫലമാകും

നിലവില്‍ ലഭ്യമായിട്ടുള്ള കൊവിഡ് വാക്സിനുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഫലവത്തായി ചെറുക്കാന്‍ സാധിക്കില്ലെന്ന് പുതിയ പഠനം. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'സെല്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസുകളെ ഫലപ്രദമായി ചെറുക്കാന്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്സിനുകള്‍ക്ക് സാധിച്ചേക്കില്ലെന്നാണ് പഠനം പങ്കുവയ്ക്കുന്ന നിഗമനം. വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ വൈറസിനെ ശരീരകോശങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കാതെ തടയുകയാണ് ചെയ്യുന്നത്. 

ആന്റിബോഡികള്‍ വൈറസുമായി ഒട്ടിച്ചേര്‍ന്നാണ് ശരീരത്തിലേക്കുള്ള പ്രവേശനം തടയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആന്റിബോഡികള്‍ക്ക് വൈറസിനോട് പൂര്‍ണ്ണമായി ചേര്‍ന്നുനില്‍ക്കണമെങ്കില്‍ ഇവ രണ്ടും തമ്മിലുള്ള ഘടന ചേര്‍ന്നുപോകണം. അല്ലാത്ത പക്ഷം ഈ ശ്രമം വിഫലമാകും. 

ജനിതകമാറ്റം സംഭവിച്ച വൈറസുകളാകുമ്പോള്‍, ആന്റിബോഡികളുടെ ഘടനയുമായി ഒത്തുപോകാത്ത സാഹചര്യം വരുന്നു. അതിനാല്‍ തന്നെ ആന്റിബോഡികള്‍ക്ക് ഫലവത്തായി അവയുടെ പ്രവേശനം തടയാന്‍ സാധിക്കുന്നില്ലെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അതായത് ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ വ്യാപകമാകുന്നത് അല്‍പം ആശങ്ക പുലര്‍ത്തേണ്ട സാഹചര്യമാണെന്നും, വാക്സിന്‍ കൊണ്ട് അവയെ പ്രതിരോധിക്കാന്‍ ഒരുപക്ഷേ സാധിക്കണമെന്നില്ലെന്നുമാണ് പഠനം ഓര്‍മ്മിപ്പിക്കുന്ന പ്രധാന പാഠം. 

അതേസമയം പുതിയ വൈറസുകളെ ചെറുക്കുന്ന കാര്യത്തില്‍ മുഴുവനായും വാക്സിനുകളെ തള്ളിക്കളയാനും ഗവേഷകര്‍ ഒരുക്കമല്ല. രോഗപ്രതിരോധ വ്യവസ്ഥ എന്നാല്‍ പുറത്തുനിന്ന് നമ്മള്‍ നല്‍കുന്ന വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ മാത്രമല്ലെന്നും, ശരീരത്തിന് ശരീരത്തിന്റേതായ രീതികള്‍ കാണുമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ വാക്സിനും ശരീരത്തിന്റെ സ്വതന്ത്രമായ പ്രതിരോധ വ്യവസ്ഥയും ചേര്‍ന്നുനില്‍ക്കുമ്പോള്‍ അതിന്റെ ഫലം കണ്ടേക്കാമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

Also Read:- ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി...