കൊവിഡ്, തലച്ചോറിനെ ബാധിക്കുന്നുവെന്ന തരത്തിലുള്ള സൂചനകള്‍ വിവിധ പഠനങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. ഇപ്പോഴിതാ സമാനമായ രീതിയിലുള്ളൊരു കേസ് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

കൊവിഡ് 19 രോഗം എത്തരത്തിലെല്ലാമാണ് നമ്മെ ബാധിക്കുകയെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കാൻ ഗവേഷകലോകത്തിന് സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ പല രാജ്യങ്ങളിലും ഗവേഷകര്‍ പഠനങ്ങളില്‍ തന്നെയാണ്. കൊവിഡ് 19, അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഏതെല്ലാം അവയവങ്ങള്‍- എങ്ങനെയെല്ലാം ബാധിക്കപ്പെടുന്നു എന്നതില്‍ കൃത്യമായ വിവരങ്ങളില്ല എന്നുമാത്രം. 

നേരത്തെ തന്നെ കൊവിഡ്, തലച്ചോറിനെ ബാധിക്കുന്നുവെന്ന തരത്തിലുള്ള സൂചനകള്‍ വിവിധ പഠനങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തതക്കുറവുകളേറെ.

ഇപ്പോഴിതാ സമാനമായ രീതിയിലുള്ളൊരു കേസ് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കൊവിഡ് ബാധിച്ച അറുപത്തിരണ്ടുകാരൻ തലച്ചോര്‍ സാരമായി ബാധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകള്‍ ചികിത്സയിലിരുന്നതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

ഇദ്ദേഹത്തെ ആദ്യം വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കൊവിഡാണെന്ന സംശയത്തിലേ ആയിരുന്നില്ല. എപ്പോഴും മറവി. അതും രൂക്ഷമായ നിലയില്‍. ചിലപ്പോഴെല്ലാം നടന്നിട്ടില്ലാത്ത കാര്യങ്ങള്‍- നടന്നതുപോലെ വിവരിക്കും. ഇത് ആരെയും അപകടപ്പെടുത്താനോ, ആരെയും വഞ്ചിക്കാനോ അല്ല ഇത്തരം കാര്യങ്ങള്‍ പറയുന്നത്. അബോധപൂര്‍വം ഇല്ലാത്തത്- നടന്നിട്ടില്ലാത്തത് പറയുന്നു എന്ന് മാത്രം. 

മറവിക്കൊപ്പം തന്നെ നടത്തത്തിലും ചലനത്തിലും വേഗതക്കുറവ്, വായില്‍ നിന്ന് തുപ്പല്‍ ഒലിച്ചുകൊണ്ടിരിക്കല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇദ്ദേഹം നേരിട്ടിരുന്നുവത്രേ. ദിവസങ്ങളോളം ഈ പ്രശ്നങ്ങള്‍ നീണ്ടുനിന്നതോടെയാണ് ഇതെന്തോ ഗൗരവമുള്ള അവസ്ഥയാണെന്ന് വീട്ടുകാര്‍ ചിന്തിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. 

ഡോക്ടര്‍മാര്‍ക്കാണെങ്കില്‍ ആദ്യമൊന്നും ഇതെന്താണ് രോഗമെന്ന് മനസിലായതേ ഇല്ല. തലച്ചോറിനെ ബാധിക്കുന്ന ഡിമെൻഷ്യ എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? മറവിയാണിതില്‍ പ്രധാന പ്രശ്നം. ഡിമെൻഷ്യയുടെ മറ്റൊരു രൂപത്തിലുള്ള 'പ്രയൻ ഡിസീസ്' അഥാ പിആര്‍ഡി എന്ന രോഗമാണ് എന്ന നിരമനത്തിലേക്ക് പിന്നീട് ഡോക്ടര്‍മാരെത്തി.

വളരെ പെട്ടെന്ന് തലച്ചോറിനെ പിടികൂടുകയും ചുരുങ്ങിയ സമയത്തിനകം തീവ്രമാവുകയും രോഗി മരണത്തിലേക്ക് വരെയെത്തുകയും ചെയ്യുന്ന രോഗമാണ് പിആര്‍ഡി. ഇത് പകരുന്ന തരത്തിലുള്ള രോഗബാധയും ആണത്രേ. പക്ഷേ എന്താണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് ഇദ്ദേഹമെത്താനിടയായ സാഹചര്യമെന്നത് വ്യക്തമായില്ല. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. 

ശേഷം ഏതാനും ആഴ്ചകള്‍ കൂടി ചികിത്സയില്‍ തുടര്‍ന്നെങ്കിലും രോഗി മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് കൊവിഡും തലച്ചോര്‍ ഈ രീതിയില്‍ ബാധിക്കപ്പെടുന്നതും തമ്മിലുള്ള ബന്ധത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്. ഇതോടെ ഇവ തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്നത് പരിശോധിക്കാനൊരുങ്ങി ഗവേഷകര്‍. പ്രാഥമികമായി ഇവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായി സംശയിക്കുന്നുവെന്ന് 'അമേരിക്കൻ ജേണല്‍ ഓഫ് കേസ് റിപ്പോര്‍ട്ട്സ്'ല്‍ വന്ന പഠനറിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇനിയും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വരാനിരിക്കുന്നു എന്നാണ് ലഭ്യമായ സൂചനകള്‍. 

Also Read:- എപ്പോഴും ക്ഷീണമാണോ? ഉണര്‍വും ഉന്മേഷവും കിട്ടാൻ ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo