മിതമായ അളവിലല്ല കാപ്പി കഴിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ മോശമായി ബാധിക്കും. മധുരത്തിന്റെ ഉപയോഗവും തീര്‍ച്ചയായും കരുതണ്ടതുണ്ട്. അതുപോലെ തന്നെ രാത്രിയില്‍ കാപ്പി കഴിക്കുന്നതും അത്ര നന്നല്ല

ജോലിക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള ക്ഷീണമോ ഉന്മേഷക്കുറവോ തോന്നിയാല്‍, അല്ലെങ്കില്‍ തലേ ദിവസത്തെ ഉറക്കക്ഷീണം ഒന്ന് അലട്ടിയാല്‍ ഉടനെ നമ്മളില്‍ മിക്കവരും ഒരു കാപ്പിയെ ആശ്രയിക്കാനായിരിക്കും ശ്രമിക്കുക. ഒരു കപ്പ് കാപ്പി അകത്തുചെന്നാല്‍ ക്ഷീണവും ഉറക്കച്ചടവുമെല്ലാം പമ്പ കടക്കുമെന്നാണ് നമ്മളില്‍ ഏറെ പേരും വിശ്വസിക്കുന്നത്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് സത്യമാണോ? മുമ്പ് പല പഠനങ്ങളും കാപ്പിയും ഉറക്കവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പുതിയ പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. 

'സയന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. കാപ്പി കുടിക്കുന്നത് തീര്‍ച്ചയായും ഉറക്ക ക്ഷീണം ഇല്ലാതാക്കുമെന്നാണ് ഈ പഠനം അടിവരയിട്ട് പറയുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന 'കഫേന്‍' എന്ന പദാര്‍ത്ഥമാണ് ഇതിന് കാരണമാകുന്നത്. 

ഉറക്കം ഇല്ലാതാക്കുമെന്ന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും കഫേന്‍ കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ജോലിക്കിടയില്‍ ക്ഷീണമോ ഉന്മേഷക്കുറവോ തോന്നിയാല്‍ കാപ്പി കഴിക്കുന്നത് നല്ലതാണെന്നും ഇത് വ്യക്തിയുടെ ക്രിയാത്മകമായ ഉത്പാദനക്ഷമതയെ വര്‍ധിപ്പിക്കുമെന്നും പഠനം പരോക്ഷമായി സൂചിപ്പിക്കുന്നു. 

അതേസമയം മിതമായ അളവിലല്ല കാപ്പി കഴിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ മോശമായി ബാധിക്കും. മധുരത്തിന്റെ ഉപയോഗവും തീര്‍ച്ചയായും കരുതണ്ടതുണ്ട്. അതുപോലെ തന്നെ രാത്രിയില്‍ കാപ്പി കഴിക്കുന്നതും അത്ര നന്നല്ല. രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതിനാലാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

Also Read:- വ്യായാമത്തിന് മുമ്പ് നല്ല കടുപ്പത്തിലൊരു കപ്പ് കാപ്പി കുടിക്കൂ; ഒരു ​ഗുണമുണ്ട്...