ലൈംഗികത എന്നത് ശരീരത്തെ ആസ്പദമാക്കി മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന ധാരണ പലപ്പോഴും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അത്തരത്തിലൊരു പഠനത്തിന്റെ വിശദാംശങ്ങള്‍ അടുത്തിടെ 'JAMA നെറ്റ്വര്‍ക്ക് ഓപ്പണ്‍' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വരികയുണ്ടായി. 'അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷ'ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് 'JAMA നെറ്റ്വര്‍ക്ക് ഓപ്പണ്‍'. 

ചെറുപ്പക്കാരായ പുരുഷന്മാര്‍ ലൈംഗികതയിലേര്‍പ്പെടുന്നതിന്റെ അളവ് അടുത്ത കാലങ്ങളിലായി കുറഞ്ഞുവരികയാണെന്നതായിരുന്നു പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍. 25 മുതല്‍ 34 വയസ് വരെ പ്രായം വരുന്ന പുരുഷന്മാരാണ് ഈ പ്രശ്‌നം നേരിടുന്നതായി പഠനം അവകാശപ്പെടുന്നത്. സ്ത്രീകളുടെ കാര്യത്തിലും ലൈംഗികജീവിതത്തില്‍ ഇത്തരം അനാരോഗ്യകരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പുരുഷന്മാരാണ് കൂടുതല്‍ മോശം സാഹചര്യങ്ങളിലുള്ളതെന്ന് ഗവേഷകര്‍ അടിവരയിട്ട് പറയുകയാണ്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്ന ചില ഘടകങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

 

 

''അവിവാഹിതര്‍, ചെറിയ വരുമാനം മാത്രമുള്ളവര്‍, തൊഴിലില്ലാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട പുരുഷന്മാര്‍ക്ക് പലപ്പോഴും ലൈംഗികജീവിതം അപ്രാപ്യമാകുന്നു. അതേസമയം വിവാഹിതര്‍, ഉയര്‍ന്ന വരുമാനം നേടുന്നവര്‍, തൊഴില്‍ മേഖലയില്‍ സുരക്ഷിതരായവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന പുരുഷന്മാര്‍ ലൈംഗിക ജീവിതം കൂടുതലായി ആസ്വദിക്കുന്നു. ലോകത്തിലെവിടെയും സംഭവിക്കുന്നത് എന്തെന്നാല്‍, സമൂഹത്തില്‍ നല്ലൊരു സ്ഥാനത്തെത്താന്‍ പലര്‍ക്കും കഴിയുന്നില്ല. കൂടിക്കൊണ്ടിരിക്കുന്ന ജനസംഖ്യ ഇതിന് കാരണമാണ്. അങ്ങനെ പിന്തള്ളപ്പെടുന്നത് സ്വാഭാവികമായും വ്യക്തിയുടെ ലൈംഗികജീവിതത്തേയും ബാധിക്കുകയാണ്...''- പഠനം വിശദീകരിക്കുന്നു. 

വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗവും ചെറിയ തോതില്‍ ആളുകളുടെ ലൈംഗികജീവിതത്തെ ബാധിക്കുന്നതായും പഠനം സൂചിപ്പിക്കുന്നുണ്ട്. പോണ്‍സൈറ്റുകള്‍ പോലുള്ള സൗകര്യങ്ങളെക്കാള്‍ അധികമായി മറ്റ് പല 'എന്റര്‍ടെയ്ന്‍മെന്റ്' സാധ്യതകളുമാണ് ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയവും മനസും നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതത്രേ. 

മനുഷ്യന്റെ അടിസ്ഥാനാവശ്യമായ ആരോഗ്യകരമായ ലൈംഗികജീവിതം തൃപ്തികരമല്ലാതെ പോകുന്നത് വ്യക്തികളുടെ ആകെ നിലനില്‍പിനെ ബാധിച്ചുവരുന്നതായും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

 

 

''ചിലര്‍ സ്വന്തം താല്‍പര്യപ്രകാരം തന്നെ ലൈംഗികജീവിതത്തില്‍ നിന്ന് മാറിനില്‍ക്കുന്നുണ്ട്. എന്നാല്‍ മിക്കവരുടേയും അവസ്ഥ അതല്ല. അത്തരക്കാര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ജോലി, സാമൂഹിക ജീവിതം, ബന്ധങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും ലൈംഗിക അസംതൃപ്തിയുടെ പ്രതിഫലനങ്ങള്‍ വരാം...''- പഠനം പറയുന്നു. 

Also Read:- കഷണ്ടിയുള്ളവർക്ക് സെക്സ് ഡ്രൈവ് കൂടുതലാണോ? സത്യം ഇതാണ്...

ഒരുപക്ഷെ ചെറുപ്പക്കാരുടെ തലമുറയില്‍ ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറിവരുന്നുണ്ടാകാമെന്നും അതും ഈ കണക്കിന്റെ കാരണമായി വന്നതാകാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയാണെങ്കില്‍ തങ്ങള്‍ നടത്തിയ പഠനം പൊളിച്ചെഴുതേണ്ടി വരാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും മാറിവരുന്ന ലൈംഗിക കാഴ്ചപ്പാടുകളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നിലവില്‍ അണിയറയില്‍ നടക്കുന്നുവെന്നാണ് സൂചന. അവയുടെയെല്ലാം ഫലങ്ങള്‍ ഇനി ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയേക്കും.