2020 ഡിസംബറിനും 2021 മാര്‍ച്ചിനുമിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 'ഫൈസര്‍', 'മൊഡേണ' വാക്‌സിനുകള്‍ സ്വീകരിച്ച സ്ത്രീകളാണ് പഠനത്തിന്റെ ഭാഗമായത്

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൊവിഡ് വാക്‌സിനെടുക്കുന്നതുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും നാം കേള്‍ക്കുന്നുണ്ട്. പ്രധാനമായും ഈ വിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ വാക്‌സിനെടുക്കരുത് ഇത് ഇവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ദോഷമാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സജീവം. 

എന്നാല്‍ അടുത്തിടെ പുറത്തുവന്ന പല പഠനങ്ങളും ഈ പ്രചാരണങ്ങളെ ശക്തമായി എതിര്‍ക്കുന്നതാണ്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമെല്ലാം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഇത് അവരുടെ ആരോഗ്യത്തിനും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഒരുപോലെ സുരക്ഷിതമാണെന്നുമാണ് പഠനങ്ങളത്രയും അവകാശപ്പെടുന്നത്. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പുതിയ പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണിപ്പോള്‍. യുഎസിലെ 'യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. മുലയൂട്ടുന്ന അമ്മമാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രോഗത്തിനെതിരായ ആന്റിബോഡികള്‍ മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്കും എത്തുമെന്നും അതുവഴി കൊവിഡിനെതിരായ പ്രതിരോധം കുഞ്ഞുങ്ങളിലും ഉണ്ടാകുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 

'മുലയൂട്ടുന്ന അമ്മമാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്നുവെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. ജനിക്കുന്ന സമയത്ത് കുഞ്ഞുങ്ങളുടെ പ്രതിരോധവ്യവസ്ഥ ദുര്‍ബലമാണ്. ഈ ഘട്ടത്തില്‍ കൊവിഡ് അടക്കമുള്ള ഏത് രോഗങ്ങളും അവരെ കടന്നുപിടിക്കാന്‍ സാധ്യതയുണ്ട്. അതേസമയം രോഗങ്ങള്‍ക്കെതിരായ വാക്‌സിനുകള്‍ അവര്‍ക്ക് നേരിട്ട് നല്‍കാനും സാധ്യമല്ല. അതിനുള്ള ആരോഗ്യപരമായ ശക്തിയും കുഞ്ഞുങ്ങള്‍ക്കില്ല. അങ്ങനെയാകുമ്പോള്‍ നേരിട്ടല്ലാതെ കുഞ്ഞുങ്ങളെ കൊവിഡിനെതിരെ പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുന്നത് വാക്‌സിനേറ്റഡ് ആയ അമ്മമാരുടെ മുലപ്പാല്‍ തന്നെയാണെന്ന് ഒരു പരിധി വരെ ഉറപ്പിച്ച് പറയാനാകും...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജോസഫ് ലാര്‍കിന്‍ പറയുന്നു. 

2020 ഡിസംബറിനും 2021 മാര്‍ച്ചിനുമിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 'ഫൈസര്‍', 'മൊഡേണ' വാക്‌സിനുകള്‍ സ്വീകരിച്ച സ്ത്രീകളാണ് പഠനത്തിന്റെ ഭാഗമായത്. മൂന്ന് തവണയെങ്കിലും ഇവരുടെ മുലപ്പാലും രക്തവും പരിശോധനയ്ക്ക് വിധേയമാക്കിയതായും പരിശോധനകളില്‍ മുലപ്പാലിലും രക്തത്തിലും ഒരുപോലെ കൊവിഡിനെതിരായ ആന്റിബോഡികള്‍ കണ്ടെത്താനായതായും ഗവേഷകര്‍ അറിയിക്കുന്നു.

Also Read:- 'ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍'; പഠനം പറയുന്നു...