വൈറല്‍ ഇൻഫെക്ഷൻസ് 'സ്കീസോഫ്രീനിയ'യിലേക്ക് നയിക്കാമെന്ന് നേരത്തേ ചില പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിന്‍റെയൊരു തുടര്‍ച്ചയെന്നോണം ഈ പഠനത്തെയും നമുക്ക് കാണാം. 

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍ സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19, അടിസ്ഥാനപരമായ ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും അത് ശ്വാസകോശത്തെ മാത്രമല്ല, മറ്റ പല അവയവങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പല പഠനങ്ങളും വിലയിരുത്തി കഴിഞ്ഞിട്ടുള്ളതാണ്.

മാത്രമല്ല കൊവിഡ് ബാധിച്ചതിന് ശേഷം ഏറെ നാള്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ആരോഗ്യത്തില്‍ നേരിടുന്ന 'ലോംഗ് കൊവിഡ്' എന്ന അവസ്ഥയെ കുറിച്ചും നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഏതെല്ലാം രീതിയിലാണ് 'ലോംഗ് കൊവിഡ്' നമ്മെ ബാധിക്കുകയെന്ന വിഷയത്തില്‍ ഇപ്പോഴും പഠനങ്ങള്‍ തുടര്‍ച്ചയായി നടന്നുവരികയാണ്. 

ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്തി വായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ട് ആണ് ഏറെ ശ്രദ്ധേയമാകുന്നത്.യുഎസിലെ വെസ്റ്റ് വിര്‍ജീനിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

കൊവിഡ് 19 ബാധിച്ച യുവാക്കളില്‍ പിന്നീട് ഗുരുതരമായ മാനസിക രോഗമായ 'സ്കീസോഫ്രീനിയ' പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായി കാണുന്നുവെന്നാണ് പഠനം സമര്‍ത്ഥിക്കുന്നത്. കൊവിഡ് 19 കാര്യമായ തീവ്രതയില്‍ ബാധിച്ചവരിലാണ് ഗവേഷകര്‍ ഈ സാധ്യത കണ്ടെത്തിയിട്ടുള്ളത്. എന്നുവച്ചാല്‍ കൊവിഡ് 19 ഗൗരവതരമായി ബാധിച്ച യുവാക്കളെയെല്ലാം 'സ്കിസോഫ്രീനിയ' കടന്നുപിടിക്കുമെന്നര്‍ത്ഥമില്ല. എന്നാലിതിന് ഏറെ സാധ്യത കാണുന്നുവെന്നാണ് പഠനം പറയുന്നത്. 

ഇല്ലാത്ത കാഴ്ച കാണുക, ശബ്ദങ്ങള്‍ കേള്‍ക്കുക തുടങ്ങി തലച്ചോറിന്‍റെ പ്രവര്‍ത്തനം സാധാരണയില്‍ നിന്ന് വിഭിന്നമായി പോവുന്ന അവസ്ഥയാണ് 'സ്കീസോഫ്രീനിയ'. സാധാരണഗതിയില്‍ നാം ചിന്തിക്കുന്നത് പോലെയോ പെരുമാറുന്നത് പോലെയോ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നത് പോലെയൊന്നും 'സ്കീസോഫ്രീനിയ' ഉള്ളവര്‍ക്ക് സാധ്യമല്ല. അതിനാല്‍ തന്നെ ഇത് അല്‍പം ഗൗരവമുള്ള മാനസികാരോഗ്യപ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.

ഓരോ രോഗിയിലും 'സ്കീസോഫ്രീനിയ' പല തീവ്രതയില്‍ കാണാം. ഇതിന് അനുസരിച്ച് രോഗിയുടെയോ ചുറ്റിലുമുള്ളവരുടെയോ ജീവിതസാഹചര്യങ്ങള്‍ ബാധിക്കപ്പെടുകയോ സുരക്ഷിതമാവുകയോ ചെയ്യാം. 

വൈറല്‍ ഇൻഫെക്ഷൻസ് 'സ്കീസോഫ്രീനിയ'യിലേക്ക് നയിക്കാമെന്ന് നേരത്തേ ചില പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിന്‍റെയൊരു തുടര്‍ച്ചയെന്നോണം ഈ പഠനത്തെയും നമുക്ക് കാണാം. 

കൊവിഡ് ഇത്തരത്തില്‍ മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും പഠനങ്ങള്‍ സൂചന നല്‍കിയിട്ടുള്ളതാണ്. ഈയൊരു സാഹചര്യത്തില്‍ കൊവിഡാനന്തരം രോഗികളെ എത്തരത്തിലെല്ലാം ശ്രദ്ധിക്കണം, എന്തെല്ലാം കാര്യങ്ങളില്‍ നമുക്ക് ജാഗ്രത വേണം എന്ന കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

Also Read:- 'മരിച്ചുജീവിച്ചു'; ഹാര്‍ട്ട് അറ്റാക്ക് വന്നതിനെ കുറിച്ച് വിവരിച്ച് നടൻ ശ്രേയസ് തല്‍പഡെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo