തണുത്ത മാസങ്ങളിൽ വായുവിൽ ഈർപ്പം വളരെ കുറവായിരിക്കും. ഈ വരൾച്ച ചർമ്മത്തെ മാത്രമല്ല, തലയോട്ടിയെയും ബാധിക്കുന്നു.
ശൈത്യകാലത്ത് പതിവിലും കൂടുതൽ മുടി കൊഴിച്ചിൽ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ. വരണ്ട വായു മുതൽ ഈർപ്പം കുറയുന്നത് വരെ ശൈത്യകാലത്ത് മുടി കൊഴിച്ചിലിന് നിരവധി ഘടകങ്ങൾ കാരണമാകുന്നു.
ശൈത്യകാലം ആരംഭിക്കുമ്പോൾ മുടി കൊഴിച്ചിൽ കൂടുന്നതായി മിക്ക സ്ത്രീകളിലും കണ്ട് വരുന്നു. ഇത് ആശങ്കാജനകമായി തോന്നുമെങ്കിലും കാരണം പലപ്പോഴും സീസണൽ, ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് എല്ലാമാകാമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. അഭിഷേക് പിലാനി പറയുന്നു.
തണുത്ത മാസങ്ങളിൽ വായുവിൽ ഈർപ്പം വളരെ കുറവായിരിക്കും. ഈ വരൾച്ച ചർമ്മത്തെ മാത്രമല്ല, തലയോട്ടിയെയും ബാധിക്കുന്നു. വരണ്ട തലയോട്ടി ഇറുകിയതും, അടർന്നുപോകുന്നതും ഇത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുകയും മുടിയിഴകൾ പൊട്ടിപ്പോകാനും കൊഴിയാനും കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്യുന്നു.
രക്തചംക്രമണം കുറയുന്നതാണ് മറ്റൊരു കാരണം. ശൈത്യകാലത്ത്, ശരീരം സുപ്രധാന അവയവങ്ങൾക്ക് ആവശ്യമായ ചൂടിന് മുൻഗണന നൽകുന്നു. അതായത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം ചെറുതായി കുറയും. രോമകൂപങ്ങൾ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നതിന് നല്ല രക്തചംക്രമണത്തെ ആശ്രയിച്ചിരിക്കുന്നു.
ശൈത്യകാലത്തെ ശീലങ്ങളും പ്രധാന പങ്കു വഹിക്കുന്നു. ചൂടുള്ള വെള്ളത്തിൽ കുളിക്കുക, ഇടയ്ക്കിടെ മുടി ഉണക്കുക, സ്കാർഫുകൾക്കടിയിൽ മുടി മൂടുക എന്നിവ വരൾച്ചയ്ക്ക് കാരണമാകുന്നു. ഈ ശീലങ്ങൾ സാധാരണയായി മുടിയെ സംരക്ഷിക്കുന്ന പ്രകൃതിദത്ത എണ്ണകൾ തലയോട്ടിയിൽ നിന്ന് നീക്കം ചെയ്യുന്നു. കൂടാതെ, സ്ത്രീകൾ പലപ്പോഴും ശൈത്യകാലത്ത് വളരെ കുറച്ച് വെള്ളം മാത്രമാണ് കുടിക്കാറുള്ളത്. ഇത് മുടിയുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നതായി ഡോ. അഭിഷേക് പിലാനി പറയുന്നു.
ജൈവശാസ്ത്രപരമായ ഘടകങ്ങളും പങ്കു വഹിച്ചേക്കാമെന്ന് വിദഗ്ദ്ധൻ വിശദീകരിച്ചു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് വേനൽക്കാലം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം മുടി കൊഴിച്ചിൽ സ്വാഭാവികമായി വർദ്ധിക്കുമെന്നും ശൈത്യകാലം ദൃശ്യമായ മുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള ഏറ്റവും ഉയർന്ന സമയമാണെന്നുമാണ്. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് വരുമ്പോൾ മൂടികൊഴിച്ചിൽ കൂടുന്നു.
കൂടാതെ, സമ്മർദ്ദവും ഒരു ആശങ്കാജനകമായ ഘടകമാണ്. ശൈത്യകാല മാസങ്ങൾ ചിലപ്പോൾ സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇവ രണ്ടും മുടി വളർച്ചയെ പ്രതികൂലമായി ബാധിക്കും.
ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോയ്ഡ് പ്രശ്നങ്ങൾ, അല്ലെങ്കിൽ പിസിഒഎസ് എന്നിവയുള്ള സ്ത്രീകൾ ശൈത്യകാലത്ത് മുടി കൊഴിച്ചിൽ ലക്ഷണങ്ങൾ വഷളാകുന്നത് ശ്രദ്ധിച്ചേക്കാം. അമിതമായി മുടി കഴുകുന്നത്, കഠിനമായ ഷാംപൂകൾ ഉപയോഗിക്കുന്നത്, എണ്ണ പുരട്ടുന്നത് പൂർണ്ണമായും ഒഴിവാക്കുന്നത്, അല്ലെങ്കിൽ ശൈത്യകാലത്ത് അമിതമായി ചൂടുള്ള സ്റ്റൈലിംഗ് എന്നിവ മുടിയുടെ ഘടനയെ ദുർബലപ്പെടുത്തുന്നു.


