പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. അതിപ്പോള്‍ സാധാരണ സിഗരറ്റ് ആയാലും ഇ- സിഗരറ്റ് ആയാലും സംഗതി പുകവലി തന്നെയാണ്. സിഗരറ്റിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി എത്തിയതാണ് ഇ- സിഗരറ്റുകള്‍. എന്നാല്‍ ഇ- സിഗരറ്റും അപകടമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. 

വാപ്പിങ് ( ഇ- സിഗരറ്റ് ഉപയോഗിച്ചുള്ള പുകവലി)  മൂലം ഹൃദ്രോഗ സാധ്യത കൂടുമെന്നാണ് ഇവിടെയൊരു പഠനം പറയുന്നത്. ഇ സിഗരറ്റില്‍ നിന്നുള്ള പുക നിരന്തരമായി ശ്വസിക്കുന്നവരുടെ ഹൃദയത്തിന് തകരാറുകള്‍ ഉണ്ടാകാമെന്ന് യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്‍റീവ് കാര്‍ഡിയോളജി (ഇഎപിസി) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ഇ- സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കൂടുമെന്നും പഠനം പറയുന്നു. ഇത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കാം. അതുപോലെ തന്നെ ക്യാൻസറിനു കാരണമാകുന്ന 'ബെൻസേൻ' എന്ന ഘടകം ഇ-സിഗരറ്റ് വാപ്പറുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് മറ്റുചില പഠനങ്ങളും പറയുന്നത്. 

കാഴ്ച്ചയിൽ പേന പോലെയിരിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് സിഗരറ്റ്. പുകയിലയ്ക്കുപകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. ചുണ്ട് കറുക്കുക, പല്ലു കേടു വരിക തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിനില്ല. എന്നാല്‍ ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇതിന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

ഒരുതരം ദ്രാവകത്തെ ഏയറോസോളാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇ-സിഗരറ്റുകളിൽ നടക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവ പുകയായി ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ വലിച്ച് കയറ്റാൻ കഴിയും. ഈ ദ്രാവകത്തിൽ സാധാരണയായി അടങ്ങിയിരിക്കുന്നത് പ്രോപ്പിലിൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ, നിക്കോട്ടിൻ, വെള്ളം, ഫ്ലേവറിങ്സ്, പ്രിസർവേഷൻ എന്നിവയാണ്. ഈ പറഞ്ഞവയുടെ പ്രത്യേക കോമ്പിനേഷനാണ് ഇ- സിഗരറ്റുകളിൽ പുകവലിക്കാരെ തൃപ്തിപ്പെടുത്തുന്ന പുകയായി മാറുന്നത്.

അതേസമയം രാജ്യത്ത് ഇ സിഗരറ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. Also Read: രാജ്യത്ത് ഇ- സിഗരറ്റ് നിരോധിച്ചു; പരസ്യവും പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍...